അദാനി വിവാദം ചായകോപ്പയിലെ കൊടുങ്കാറ്റ് മാത്രമെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി
text_fieldsന്യൂഡൽഹി: അദാനി വിവാദം ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണെന്ന് ധനകാര്യ സെക്രട്ടറി ടി.വി സോമനാഥൻ. ചാഞ്ചാട്ടങ്ങൾ വരും പോകുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ അദാനി വിവാദം ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ പ്രതിഛായക്ക് മങ്ങലേൽപ്പിക്കില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു. അദാനിയുടെ എഫ്.പി.ഒ പിൻവലിച്ചത് വലിയ കാര്യമല്ലെന്നും ഇതാദ്യമായാണോ ഇത്തരം സംഭവമുണ്ടാവുന്നതെന്ന് ധനമന്ത്രി ചോദിച്ചിരുന്നു.
ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്ന് കടുത്ത പ്രതിസന്ധിയാണ് അദാനി ഗ്രൂപ്പ് അഭിമുഖീകരിക്കുന്നത്. കമ്പനിയുടെ ഓഹരി വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 120 ബില്യൺ ഡോളറിന്റെ നഷ്ടമാണ് കഴിഞ്ഞ 10 ദിവസത്തിനിടെ അദാനി ഓഹരികൾക്കുണ്ടായത്.
വലിയ തകർച്ചയെ അഭിമുഖീകരിച്ചതോടെ നേരത്തെ നിശ്ചയിച്ച് ഫോളോ ഓൺ പബ്ലിക് ഓഫർ അദാനി റദ്ദാക്കുകയും ചെയ്തിരുന്നു. നിക്ഷേപകർക്ക് തുക തിരിച്ചു നൽകുമെന്നും അദാനി വ്യക്തമാക്കിയിരുന്നു. വിവാദം സംബന്ധിച്ച് ഗൗതം അദാനി വിശദീകരണം നൽകിയെങ്കിലും അദാനി ഓഹരികൾ ഇനിയും വിപണിയിൽ പച്ചതൊട്ടിട്ടില്ല.