വെടിനിർത്തൽ ചർച്ച; ഹമാസ് സംഘം ഈജിപ്തിലേക്ക്
text_fieldsറമദാനിലെ അവസാനത്തെ വെള്ളിയാഴ്ച റഫയിൽ ഇസ്രായേൽ തകർത്ത ഫാറൂഖ് മസ്ജിദിന്റെ അവശിഷ്ടങ്ങൾക്ക് സമീപം നമസ്കാരം നിർവഹിക്കുന്ന ഫലസ്തീനികൾ
ഗസ്സ: ഈജിപ്തിന്റെ ക്ഷണപ്രകാരം വെടിനിർത്തൽ സംബന്ധിച്ച ചർച്ചകൾക്കായി ഹമാസ് ഈജിപ്തിലേക്ക്. ഞായറാഴ്ച കൈറോയിലേക്ക് പോകുമെന്ന് ഹമാസ് നേതാക്കൾ അറിയിച്ചു. എന്നാൽ, ഏതൊരു ചർച്ചയും ശാശ്വത വെടിനിർത്തൽ എന്നത് മുൻനിർത്തിയായിരിക്കണം ആരംഭിക്കേണ്ടതെന്ന് ഹനിയ്യ മധ്യസ്ഥരെ അറിയിച്ചു. വെടിനിർത്തൽ ചർച്ചക്ക് ഹമാസിനുമേൽ സമ്മർദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഖത്തറിലെയും ഈജിപ്തിലെയും മധ്യസ്ഥർക്ക് കത്തയച്ചിരുന്നു.
അതേസമയം ഗസ്സയിൽ ഇസ്രായേലിന്റെ ആക്രമണം തുടരുകയാണ്. 24 മണിക്കൂറിനിടെ 46 ഫലസ്തീനികൾ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 65 പേർക്ക് പരിക്കേറ്റു. ഇതോടെ ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 33,137 ആയി. പരിക്കേറ്റവർ 75,815 കവിഞ്ഞു. ഇസ്ലാമിക് ജിഹാദിന്റെ തടവിലായിരുന്ന എലാദ് കാറ്റ്സിറിന്റെ (47) മൃതദേഹം ഖാൻ യൂനിസിൽ നിന്ന് കണ്ടെടുത്തതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഒക്ടോബർ ഏഴിനാണ് ഇയാളെയും മാതാവ് ഹന്നയെയും നിർ ഒസ് കിബുറ്റ്സിൽ നിന്ന് പിടികൂടിയത്. മാതാവിനെ പിന്നീട് ഫലസ്തീൻ പോരാളികൾ മോചിപ്പിച്ചിരുന്നു.
യു.എൻ വാഹന വ്യൂഹത്തിന്റെ അകമ്പടിയോടെ സഹായവും വഹിച്ചുകൊണ്ടുള്ള കൂടുതൽ ട്രക്കുകൾ ഗസ്സയിലെത്തിത്തുടങ്ങി. കഴിഞ്ഞ ദിവസം അമേരിക്കയുടെ മുന്നറിയിപ്പിനെ തുടർന്ന് സഹായ വാഹനങ്ങൾക്കായി ബൈത്ത്ഹാനൂൻ ക്രോസിങ് തുറക്കുമെന്ന് ഇസ്രായേൽ അറിയിച്ചിരുന്നു. അതേസമയം പോഷകാഹാരക്കുറവും നിർജലീകരണവും മൂലം 28 കുട്ടികൾ മരിച്ചതായി യു.എൻ ഓഫിസ് ഫോർ ദി കോഓഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫയേഴ്സ് അറിയിച്ചു. വടക്കൻ ഗസ്സയിൽ അഞ്ച് വയസ്സിന് താഴെയുള്ള 50,000ത്തിൽ അധികം കുട്ടികൾ പോഷകാഹാരക്കുറവ് അനുഭവിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
അതിനിടെ ഫുഡ് ചാരിറ്റി സംഘത്തെ ബോംബിട്ട് കൊന്ന സംഭവത്തിൽ റിട്ട. ജനറലിന്റെ നേതൃത്വത്തിൽ ഇസ്രായേൽ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളെ വേൾഡ് സെൻട്രൽ കിച്ചൻ (ഡബ്ല്യു.സി.കെ) തള്ളി. അന്വേഷണം വിശ്വാസയോഗ്യമല്ലെന്ന് അവർ പ്രതികരിച്ചു. സ്വന്തം പരാജയത്തെക്കുറിച്ച് ഇസ്രായേൽ സൈന്യത്തിന് വിശ്വസനീയമായി അന്വേഷിക്കാൻ കഴിയില്ലെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നും ഡബ്ല്യു.സി.കെ സ്ഥാപകൻ ജോസ് ആൻഡ്രേസ് പറഞ്ഞു. സിവിലിയന്മാർ സംരക്ഷിക്കപ്പെടണമെന്നും അവർക്ക് ഭക്ഷണവും സുരക്ഷയും ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെക്കൻ ലബനാനിലെ അർനൂൺ പട്ടണത്തിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി. ഹിസ്ബുല്ലയുടെയും സഖ്യകക്ഷിയായ അമൽ മൂവ്മെന്റിന്റെയും ഏഴ് പോരാളികൾ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അതിർത്തിയിൽ ഹിസ്ബുല്ലയും ഇസ്രായേൽ സൈന്യവും തമ്മിലുള്ള വെടിവെപ്പ് തുടരുകയാണ്. സിറിയയിലെ ഡമസ്കസിലെ ഇറാൻ കോൺസുലേറ്റിനുനേരെ നടന്ന ഇസ്രായേൽ ആക്രമണത്തിന് ശേഷം സംഘർഷം രൂക്ഷമായിട്ടുണ്ട്.
ഇസ്രായേൽ കമ്പനികളിൽനിന്ന് ഫണ്ട് പിൻവലിക്കാൻ അയർലൻഡ്
ഡബ്ലിൻ: ബാങ്കുകൾ ഉൾപ്പെടെ വിവിധ ഇസ്രായേൽ കമ്പനികളിൽനിന്ന് 16.3 ബില്യൻ ഡോളറിന്റെ ഫണ്ട് പിൻവലിക്കാൻ തീരുമാനിച്ചതായി അയർലൻഡ് ധനമന്ത്രി മൈക്കൽ മഗ്രാത്ത് അറിയിച്ചു. ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണിത്. ഇതിനായി കടുത്ത സമ്മർദമാണ് അയർലൻഡിലെ പ്രതിപക്ഷം ചെലുത്തിയിരുന്നത്. ഫലസ്തീനിന്റെ അവകാശങ്ങൾക്കായി എന്നും വാദിക്കുന്ന അയർലൻഡ്, കഴിഞ്ഞ മാസം സ്പെയിൻ, മാൾട്ട, സ്ലൊവീനിയ എന്നീ രാജ്യങ്ങൾക്കൊപ്പം വെസ്റ്റ് ബാങ്കിലും ഗസ്സയിലും ഫലസ്തീൻ രാഷ്ട്രപദവി അംഗീകരിക്കുന്നതിനുള്ള നടപടികളിലേക്ക് കടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

