ഗസ്സയിൽ വീടിനും പള്ളിക്കും മേൽ ബോംബാക്രമണം; 30 മരണം
text_fieldsഗസ്സ: മധ്യ ഗസ്സയിലെ ദൈർ അൽ ബലാഹിൽ വീടിനും പള്ളിക്കും മേൽ ഇസ്രായേൽ ബോംബാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. ഇതോടെ ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 27,365 ആയി. 66,000ത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.
കിഴക്കൻ ജറൂസലമിൽ ഫലസ്തീനി കുട്ടിയെ തിങ്കളാഴ്ച ഇസ്രായേൽ സൈന്യം വെടിവെച്ച് കൊന്നു. വെടിയേറ്റ വാദി ഉവൈസാത്തിനെ (14) ആശുപത്രിയിലെത്തിക്കാൻപോലും സമ്മതിച്ചില്ലെന്നാണ് റിപ്പോർട്ട്. ഒറ്റദിവസത്തിനിടെ വെസ്റ്റ് ബാങ്കിൽ 28 ഫലസ്തീനികളെ ഇസ്രായേൽ കസ്റ്റഡിയിലെടുത്തു.
അതിനിടെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ നാല് ദിവസത്തെ സന്ദർശനത്തിന് പശ്ചിമേഷ്യയിലെത്തിയിട്ടുണ്ട്. ഇപ്പോൾ സൗദിയിലുള്ള അദ്ദേഹം ബുധനാഴ്ച ഇസ്രായേലിലും അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും എത്തും.
സിറിയയിലെ യു.എസ് സൈനിക ക്യാമ്പിൽ ആക്രമണം; ആറ് കുർദ് പോരാളികൾ കൊല്ലപ്പെട്ടു
ബൈറൂത്: സിറിയയിലെ യു.എസ് സൈനിക ക്യാമ്പിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ആറ് കുർദ് പോരാളികൾ കൊല്ലപ്പെട്ടു. ദൈർ അൽ സൂറിലെ അൽ ഒമർ ക്യാമ്പിന്റെ പരിശീലന മൈതാനത്താണ് ആക്രമണമുണ്ടായത്. യു.എസ് പിന്തുണക്കുന്ന കുർദ് വിഭാഗമായ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ് അംഗങ്ങളാണ് കൊല്ലപ്പെട്ടത്.
യു.എസ് സൈനികർക്ക് ആർക്കും പരിക്കില്ല. ഇറാഖിലെ ഇറാൻ അനുകൂല സൈനിക വിഭാഗമായ ഇസ്ലാമിക് റെസിസ്റ്റൻസ് ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ജോർഡനിലെ യു.എസ് സൈനിക ക്യാമ്പിലുണ്ടായ ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെടുകയും 40ലേറെ പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെ യു.എസ് ഇറാഖിലെയും സിറിയയിലെയും 85 കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയിരുന്നു.
പശ്ചിമേഷ്യയിലെ യു.എസ് വിരുദ്ധ സൈനിക വിഭാഗങ്ങൾക്ക് ഇപ്പോഴും ശക്തിയുണ്ടെന്നാണ് ആവർത്തിക്കുന്ന ആക്രമണങ്ങൾ തെളിയിക്കുന്നത്.
ഇറാഖിൽനിന്നും സിറിയയിൽനിന്നും യു.എസ് സൈനികർ പൂർണമായി പിന്മാറണമെന്നാണ് അവരുടെ ആവശ്യം. ഗസ്സ യുദ്ധത്തിൽ അമേരിക്ക ഇസ്രായേലിന് നൽകുന്ന പിന്തുണയും രോഷത്തിന് കാരണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

