ഗസ്സയിൽ കൊല്ലപ്പട്ടവരുടെ എണ്ണം; പതിച്ച ബോംബുകൾ, അംഗഛേദങ്ങൾ
text_fieldsഗസ സിറ്റി: ഗസ്സയിൽ ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ യുദ്ധം തുടങ്ങിയിട്ട് 467 ദിവസങ്ങൾ പിന്നിട്ടു. അതായത് 15 മാസത്തിലധികം. ദിവസേനയുള്ള ബോംബാക്രമണങ്ങൾ, മരണം, പരിക്കുകൾ, പലായനം, പട്ടിണി, കൊടും ചൂടും മരവിപ്പിക്കുന്ന തണുപ്പും...എന്നിങ്ങനെ അവർ നേരിട്ട ദുരിതങ്ങൾ നരകതുല്യമായിരുന്നു.
ഈ കാലയളവിൽ കുറഞ്ഞത് 46,707 പേർ കൊല്ലപ്പെട്ടു. അതിൽ 18,000 കുട്ടികളാണ്. ഈ മരണസംഖ്യയനുസരിച്ച് ഗസ്സയിൽ 50 പേരിൽ ഒരാളുടെ വീതം ജീവനെടുക്കപ്പെട്ടു. എന്നാൽ, യഥാർത്ഥ എണ്ണം വളരെ കൂടുതലാണെന്ന് പല വിശകലന വിദഗ്ധരും മനുഷ്യാവകാശ സംഘങ്ങളും കരുതുന്നു. ഗസ്സയിൽ ജനസംഖ്യയുടെ പകുതിയും 18 വയസ്സിന് താഴെയുള്ളവരാണ്. അതിനർതഥം ഇസ്രായേൽ ഒന്നിലധികം തലമുറകളെ കുടുംബങ്ങളിൽനിന്ന് തുടച്ചുനീക്കിയെന്നാണ്. സിവിൽ രജിസ്ട്രി പ്രകാരം 110,265 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇത് 20 പേരിൽ ഒരാൾ എന്ന നിലയിൽ വരും.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പരിക്കേറ്റവരിൽ നാലിലൊന്ന് പേർക്കും (ഏകദേശം 22,500 പേർക്ക്) ജീവിതം താറുമാറാക്കുന്ന മാരകമായ പരിക്കുകളാണ്. അവർക്ക് പുനരധിവാസം അനിവാര്യമാണ്. കൈകാലുകൾക്കേറ്റ ഗുരുതരമായ പരിക്കുകളാണ് പുനരധിവാസം ആവശ്യമുള്ളവ.
ഫലസ്തീൻ അഭയാർത്ഥികൾക്കായുള്ള യു.എൻ ഏജൻസിയായ UNRWA റിപ്പോർട്ട് അനുസരിച്ച്, ഇസ്രായേലിന്റെ ഉപരോധം കാരണം അനസ്തേഷ്യ കൂടാതെ നടത്തിയ ഓപ്പറേഷനുകളിലും അംഗഛേദങ്ങളിലും ഓരോ ദിവസവും 10 കുട്ടികൾക്ക് ഒന്നോ രണ്ടോ കാലുകൾ നഷ്ടപ്പെടുന്നുവെന്നാണ്. 2024 അവസാനത്തോടെ കുറഞ്ഞത് 4,500 അംഗഛേദം നടന്നിട്ടുണ്ടെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സ്ഥിരീകരിച്ച അപകടങ്ങൾക്ക് പുറമേ, ആയിരക്കണക്കിന് ആളുകൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നു. അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും കോൺക്രീറ്റിന് അടിയിൽ കുടുങ്ങിയവരെ രക്ഷിക്കാനുമുള്ള ഉപകരണങ്ങളുടെ അഭാവത്തിൽ സന്നദ്ധപ്രവർത്തകരും ഫലസ്തീൻ സിവിൽ ഡിഫൻസ് ജീവനക്കാരും വെറും കൈകളെ ആശ്രയിക്കുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ എത്രപേർ മരിച്ചിട്ടുണ്ടെന്നറിയാൻ ഒരു മാർഗവുമില്ല.
85,000 ടൺ സ്ഫോടകവസ്തുക്കൾ ഗസ്സയിൽ പതിച്ചിട്ടുണ്ടെന്ന് ഫലസ്തീൻ പരിസ്ഥിതി ഗുണനിലവാര അതോറിറ്റി അറിയിച്ചു. യു.എൻ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ കണക്കനുസരിച്ച് 42 ദശലക്ഷം ടണ്ണിലധികം വരുന്ന ബോംബിങ് അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ഒരു ദശാബ്ദത്തിലേറെ സമയമെടുക്കുമെന്നാണ്. അവശിഷ്ടങ്ങൾ വൃത്തിയാക്കുന്ന സൗത്യത്തിനിടെ മുകളിൽ പൊട്ടാത്ത ബോംബുകൾ കൈകാര്യം ചെയ്യേണ്ട ഭയാനക സാഹചര്യവുമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.