നെതന്യാഹു വൻതോൽവിയെന്ന് ഇസ്രായേൽ പ്രതിപക്ഷ നേതാവ്; ‘ഒരു ലക്ഷ്യം പോലും നേടിയില്ല, നാശനഷ്ടം പരിഹരിക്കാൻ ഞങ്ങൾക്ക് വർഷങ്ങളെടുക്കും’
text_fieldsതെൽഅവീവ്: ഇറാൻ -യു.എസ് -ഇസ്രായേൽ വെടിനിർത്തലോടെ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു രാഷ്ട്രീയമായി പരാജയപ്പെട്ടതായി ഇസ്രായേൽ പ്രതിപക്ഷ നേതാവ് യെയർ ലാപിഡ്. പാകിസ്താൻ നേതൃത്വത്തിൽ നടന്ന വെടിനിർത്തൽ ചർച്ചയിൽ ഇസ്രായേൽ പ്രതിനിധിയെ പങ്കെടുപ്പിക്കാത്തത് രാഷ്ട്രീയ ദുരന്തമാണെന്ന് ലാപിഡ് വിമർശിച്ചു.
‘നമ്മുടെ ചരിത്രത്തിൽ ഒരിക്കലും ഇത്രയും വലിയ ഒരു രാഷ്ട്രീയ ദുരന്തം ഉണ്ടായിട്ടില്ല. ദേശസുരക്ഷയുടെ കാതലായ വിഷയത്തിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ ഇസ്രായേൽ ചർച്ചാ മേശയിൽ പോലും ഉണ്ടായിരുന്നില്ല’ -അദ്ദേഹം എക്സിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു.
‘ആവശ്യപ്പെട്ടതെല്ലാം സൈന്യം നടപ്പിലാക്കി, പൊതുജനങ്ങൾ അത്ഭുതകരമായ പ്രതിരോധശേഷി പ്രകടിപ്പിച്ചു, പക്ഷേ നെതന്യാഹു രാഷ്ട്രീയമായി പരാജയപ്പെട്ടു, തന്ത്രപരമായി പരാജയപ്പെട്ടു, അദ്ദേഹം സ്വയം നിശ്ചയിച്ച ലക്ഷ്യങ്ങളിൽ ഒന്ന് പോലും നേടിയില്ല. അഹങ്കാരം, അശ്രദ്ധ, തന്ത്രപരമായ ആസൂത്രണത്തിന്റെ അഭാവം എന്നിവ കാരണം നെതന്യാഹു വരുത്തിയ രാഷ്ട്രീയവും തന്ത്രപരവുമായ നാശനഷ്ടങ്ങൾ പരിഹരിക്കാൻ ഞങ്ങൾക്ക് വർഷങ്ങളെടുക്കും’ -യെയർ ലാപിഡ് പറഞ്ഞു.
അതിനിടെ, ഇറാനെതിരെയുള്ള ആക്രമണങ്ങൾ രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു സ്വാഗതം ചെയ്തു. എന്നാൽ ഈ താൽക്കാലിക വെടിനിർത്തൽ കരാർ ലബനാന് ബാധകമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എക്‌സിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് നെതന്യാഹു നിലപാട് വ്യക്തമാക്കിയത്.
അമേരിക്കക്കും ഇസ്രായേലിനും മറ്റ് അറബ് രാഷ്ട്രങ്ങൾക്കും ഇറാൻ ഉയർത്തുന്ന ആണവ-മിസൈൽ ഭീഷണികൾ അവസാനിപ്പിക്കാൻ യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നടത്തുന്ന ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്നതായി അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന ചർച്ചകളിൽ ഇസ്രായേലിന്റെ സുരക്ഷാ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് അമേരിക്ക ഉറപ്പുനൽകിയതായും നെതന്യാഹു അറിയിച്ചു. പാകിസ്താന്റെ തലസ്ഥാനമായ ഇസ്‌ലാമാബാദിലാണ് നിർണായക ചർച്ചകൾ നടക്കുന്നത്.
മേഖലയിൽ എല്ലായിടത്തും വെടിനിർത്തൽ പ്രാബല്യത്തിൽ വന്നുവെന്ന പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് നെതന്യാഹുവിന്റെ വിശദീകരണം. ലബനാൻ ഉൾപ്പെടെ എല്ലായിടത്തും ഉടൻ വെടിനിർത്തൽ നടപ്പിലാക്കാൻ സഖ്യകക്ഷികൾ സമ്മതിച്ചതായാണ് ശരീഫ് നേരത്തെ അറിയിച്ചിരുന്നത്.
എന്നാൽ ഇറാനുമായുള്ള യു.എസിന്റെ താൽക്കാലിക വെടിനിർത്തൽ പിന്തുണക്കുമ്പോഴും ലബനാനിലെ സൈനിക നടപടികളിൽ ഇളവുണ്ടാകില്ലെന്ന നിലപാടിലാണ് ഇസ്രായേൽ. പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ സജീവമാകുന്നതിനിടെ ലബനാൻ വിഷയത്തിൽ ഇസ്രായേൽ സ്വീകരിച്ചിരിക്കുന്ന ഈ നിലപാട് ചർച്ചകളിൽ എന്ത് മാറ്റമുണ്ടാക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
യുദ്ധത്തിൽ തങ്ങൾക്ക് നേരിട്ട നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നതടക്കം 10 ഇന നിർദേശങ്ങൾ മുന്നോട്ടുവെച്ച് കൊണ്ടാണ് ഇറാൻ വെടിനിർത്തലിന് തയ്യാറായത്. തങ്ങൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾ നിർത്തിയാൽ രണ്ടാഴ്ച തിരിച്ചടി നിർത്തുമെന്നും ഇറാൻ അറിയിച്ചു. രണ്ടാഴ്ചയെന്ന സമയപരിധി ഇരുകക്ഷികളുടെയും ധാരണ പ്രകാരം നീട്ടാൻ കഴിയും. ഇതിനായുള്ള തുടർചർച്ചകൾ ഏപ്രിൽ 10ന് പാകിസ്താനിലെ ഇസ്‍ലാമാബാദിൽ തുടങ്ങും. തങ്ങളുടെ കൈകൾ തോക്കിന്റെ കാഞ്ചിയിലാണെന്നും ശത്രുക്കൾ ലംഘിച്ചാൽ ഉടൻ ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ പരമോന്നത സുരക്ഷാ കൗൺസിൽ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

