യുദ്ധകാല മന്ത്രിസഭ പിരിച്ചുവിട്ട് നെതന്യാഹു
text_fieldsതെൽ അവീവ്: യുദ്ധകാല മന്ത്രിസഭ പിരിച്ചുവിട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ആറംഗ യുദ്ധകാല കാബിനറ്റ് പിരിച്ചുവിടുകയാണെന്ന് നെതന്യാഹു അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന കാബിനറ്റ് യോഗത്തിലാണ് യുദ്ധകാല മന്ത്രിസഭ പിരിച്ചുവിടാനുള്ള തീരുമാനം നെതന്യാഹു എടുത്തതെന്നാണ് റിപ്പോർട്ട്.
അതേസമയം, ബെന്നി ഗാന്റസ് യുദ്ധകാല കാബിനറ്റിൽ നിന്നും രാജിവെച്ചതിന് ശേഷം നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സഖ്യകക്ഷികൾ പുതിയ ഒരു അടിയന്തര മന്ത്രിസഭ രുപീകരിക്കാൻ ശ്രമിച്ചിരുന്നു. ഇസ്രായേൽ ധനമന്ത്രി ബെസേലേൽ സ്മോട്രിച്ച്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻഗ്വിർ എന്നിവർ ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം തുടരണമെന്നും പുതിയ യുദ്ധകാല മന്ത്രിസഭ രുപീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത്തരം ആവശ്യങ്ങൾ നെതന്യാഹു നിരാകരിച്ചുവെന്നാണ് റിപ്പോർട്ട്.
ഗാന്റ്സുമായി ഉണ്ടാക്കിയ കരാർ പ്രകാരമാണ് യുദ്ധകാല മന്ത്രിസഭ രൂപീകരിച്ചത്. ഗാന്റസ് മന്ത്രിസഭ വിട്ടതോടെ അതിന്റെ പ്രസക്തി നഷ്ടമായെന്ന് നെതന്യാഹു പറഞ്ഞതായി ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഗസ്സയുദ്ധവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇനി പ്രതിരോധ മന്ത്രി യോവ് ഗാലന്റുമായും സ്ട്രാറ്റജിക് അഫയേഴ്സ് മന്ത്രി റോൺ ഡെർമറുമായിട്ടാവും നെതന്യാഹു ചർച്ച ചെയ്യുക.
നേരത്തെ ഗാന്റസിന്റെ പിന്മാറ്റത്തോടെ മന്ത്രിസഭയിലെ ഏക മധ്യനിലപാടുകാരനായ നേതാവും പടിയിറങ്ങിയിരുന്നു. തുടർന്ന് ഗസ്സ യുദ്ധത്തിന് ശേഷം ഫലസ്തീന്റെ പുനഃനിർമാണത്തിന് വേണ്ടി പദ്ധതി അവതരിപ്പിക്കുന്നതിൽ നെതന്യാഹു പരാജയപ്പെട്ടുവെന്നും രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്നും ഗാന്റസ് ആവശ്യപ്പെട്ടിരുന്നു.
ഫലസ്തീനിലേക്കുള്ള സഹായവിതരണം പൂർത്തീകരിക്കാൻ ദക്ഷിണ ഗസ്സയിലേക്കുള്ള വഴിയിലുടനീളം പകൽസമയത്ത് യുദ്ധമുണ്ടാകില്ലെന്ന് പ്രഖ്യാപിച്ച് ഇസ്രായേൽ സൈന്യ രംഗത്തെത്തിയതായുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ, ലോകമാകെ ആവശ്യപ്പെടുന്ന സമ്പൂർണ വെടിനിർത്തലല്ല ഇതെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. റഫ മേഖലയിലാകും വെടിനിർത്തൽ. കാലത്ത് എട്ടുമുതൽ വൈകീട്ട് ഏഴുമണിവരെയുള്ള വെടിനിർത്തൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്നും ഇസ്രായേൽ സൈന്യം അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

