ഇറാനെ വെട്ടാൻ ഇറാഖിൽ ഇസ്രായേലിന്റെ രണ്ട് രഹസ്യ താവളങ്ങൾ; സൈനികനെ വെടിവെച്ചുകൊന്നതായി റിപ്പോർട്ട്
text_fieldsബാഗ്ദാദ്: ഇറാഖിന്റെ പരമാധികാരത്തെ പൂർണ്ണമായും വെല്ലുവിളിച്ച്, ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങൾക്കായി ഇറാഖിന്റെ പടിഞ്ഞാറൻ മരുഭൂമിയിൽ ഇസ്രായേൽ അതീവ രഹസ്യമായി രണ്ട് സൈനിക താവളങ്ങൾ പ്രവർത്തിപ്പിച്ചിരുന്നതായി അന്താരാഷ്ട്ര മാധ്യമമായ 'ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു. അൽ-നുഖൈബ് നഗരത്തിന് സമീപമുള്ള ഈ താവളത്തിന്റെ രഹസ്യം പുറംലോകം അറിയാതിരിക്കാൻ ഒരു ഇറാഖി ആട്ടിടയനെയും സൈനികനെയും ഇസ്രായേൽ സൈന്യം വെടിവെച്ചുകൊന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
അൽ-നുഖൈബിന് സമീപം അബദ്ധത്തിൽ ഇസ്രായേലിന്റെ രഹസ്യ താവളത്തിന് മുന്നിൽ ചെന്നുപെട്ട 29 വയസ്സുകാരനായ അവാദ് അൽ-ഷമ്മരി എന്ന ഇറാഖി ആട്ടിടയനാണ് ഇസ്രായേലിന്റെ ഇരയായത്. ഇയാൾ താവളം കണ്ട വിവരം ഇറാഖി അധികൃതരെ അറിയിച്ചതിന് പിന്നാലെ ഇസ്രായേൽ സൈന്യം ഇയാളെ വെടിവെച്ചുകൊല്ലുകയായിരുന്നു. തുടർന്ന് ഇതേക്കുറിച്ച് അന്വേഷിക്കാൻ എത്തിയ ഇറാഖി സൈനിക സംഘത്തിന് നേരെയും ഇസ്രായേൽ വെടിയുതിർത്തു. ഇതിലാണ് ഒരു ഇറാഖി സൈനികൻ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തത്.
നിലവിലെ യു.എസ്-ഇസ്രായേൽ-ഇറാൻ യുദ്ധത്തിന് മുമ്പ് തന്നെ ഇസ്രായേൽ ഈ താവളം നിർമിച്ചിരുന്നു. കഴിഞ്ഞ വർഷം ജൂണിൽ ഇറാനെതിരെ നടന്ന 12 ദിവസത്തെ യുദ്ധത്തിലും ഇസ്രായേൽ ഇതേ താവളം ഉപയോഗിച്ചിരുന്നതായി പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
ഇറാൻ ആക്രമണത്തിന് പോകുന്ന യുദ്ധവിമാനങ്ങൾക്ക് വ്യോമ പിന്തുണ നൽകുക, ഇന്ധനം നിറക്കുക, അടിയന്തര വൈദ്യസഹായം ലഭ്യമാക്കുക എന്നിവയായിരുന്നു ഈ താവളത്തിന്റെ പ്രധാന ചുമതലകൾ. ഇസ്രായേൽ വ്യോമസേനക്ക് ലോജിസ്റ്റിക്സ് പിന്തുണ നൽകാനും പ്രത്യേക കമാൻഡോകളെ വിന്യസിക്കാനും ഈ വർഷത്തെ യുദ്ധത്തിന് തൊട്ടുമുമ്പ് നിർമിച്ച രണ്ടാമതൊരു താവളത്തെക്കുറിച്ച് 'വാൾസ്ട്രീറ്റ് ജേണൽ' മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇപ്പോൾ പുറത്തുവന്ന രണ്ടാമത്തെ താവളം.
ഈ വിവാദ റിപ്പോർട്ടിനോട് ഇറാഖ് സർക്കാർ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ റിപ്പോർട്ട് പുറത്തുവരുന്നതിന് തൊട്ടുമുമ്പ്, ഇറാഖിന്റെ മണ്ണ് മറ്റ് അയൽരാജ്യങ്ങളെ ആക്രമിക്കാനുള്ള താവളമാക്കാൻ ആരെയും അനുവദിക്കില്ലെന്ന് ഇറാഖ് സായുധ സേനാ കമാൻഡർ ഇൻ ചീഫിന്റെ വക്താവ് സബാഹ് അൽ നുമാൻ വ്യക്തമാക്കിയിരുന്നു. പരോക്ഷമായി ഇസ്രായേലിനും അമേരിക്കക്കും ഉള്ള മുന്നറിയിപ്പായാണ് ഈ പ്രസ്താവന വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

