പശ്ചിമേഷ്യൻ സംഘർഷത്തിന്റെ മറവിൽ ഫലസ്തീനിൽ ഇസ്രായേൽ വേട്ട തുടരുന്നു; കൊല്ലപ്പെട്ടവർ 72,000 കടന്നു
text_fieldsയുദ്ധത്തെത്തുടർന്ന് വീടുകൾ നഷ്ടപ്പെട്ട ഫലസ്തീനികൾ താമസിക്കുന്ന ഖാൻ യൂനിസിലെ ടെന്റുകൾ
ഗസ്സ സിറ്റി: ഇറാൻ-ഇസ്രായേൽ യുദ്ധത്തിലേക്ക് ലോകരാജ്യങ്ങളുടെ കണ്ണുകൾ തിരിയുമ്പോഴും ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഫലസ്തീനികൾക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണങ്ങൾ തടസ്സമില്ലാതെ തുടരുന്നു. ഗസ്സയിലെ ഏക ആശ്വാസമായ റഫ അതിർത്തി ഇസ്രായേൽ അടച്ചതോടെ മാനുഷിക സഹായം നിലക്കുകയും പട്ടിണി മരണം ഭീഷണി ഉയർത്തുകയും ചെയ്യുകയാണ്. ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുന്നു.
സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടി മാർച്ച് ഒന്നിനാണ് ഇസ്രായേൽ റഫ അതിർത്തി അടച്ചത്. ഇതോടെ ഭക്ഷണത്തിനും മരുന്നിനുമായി ഗസ്സയിലെ ജനങ്ങൾ പൂർണമായും ബുദ്ധിമുട്ടിലായിരിക്കുകയാണ്. സഹായ വിതരണവും അത്യാസന്ന നിലയിലുള്ള രോഗികളെ മാറ്റുന്നതും ഇതോടെ നിലച്ചു. യുദ്ധം നീണ്ടുനിൽക്കുമെന്ന ഭീതിയിൽ ജനങ്ങൾ സാധനങ്ങൾ വാങ്ങിക്കൂട്ടാൻ തുടങ്ങിയതോടെ ഗസ്സയിൽ പട്ടിണി ഭീതി ഇരട്ടിയായി. അതിർത്തി തുറക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടെങ്കിലും ഇസ്രായേൽ ഭാഗികമായി മാത്രമാണ് പ്രതികരിച്ചത്.
ഗസ്സയിലെ ആക്രമണങ്ങളിൽ കഴിഞ്ഞ ദിവസം ഖാൻ യൂനിസിൽ ഡ്രോൺ ആക്രമണത്തിലൂടെ പിതാവും മകളും കൊല്ലപ്പെട്ടു. 2023 ഒക്ടോബർ 7ന് ശേഷം ഇസ്രായേൽ നടത്തിയ വംശഹത്യയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 72,000 കടന്നു. ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. കൂടാതെ, ഇന്ധനത്തിന്റെയും പാചകവാതകത്തിന്റെയും കടുത്ത ക്ഷാമം ഗസ്സയിലെ ജനജീവിതം നരകതുല്യമാക്കിയിട്ടുണ്ട്. ഗസ്സയിലെ ഫലസ്തീൻ സ്ത്രീകൾക്ക് സുരക്ഷിതമായി ജീവിക്കാനോ പ്രസവിക്കാനോ ഉള്ള സാഹചര്യങ്ങൾ ഇസ്രായേൽ നിഷേധിക്കുകയാണെന്ന് ആംനസ്റ്റി ഇന്റർനാഷനൽ റിപ്പോർട്ട് ചെയ്തു.
അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലും ഇസ്രായേൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. മസ്ജിദുൽ അഖ്‌സയിൽ വിശ്വാസികളെ പ്രവേശിപ്പിക്കുന്നത് തടയുകയും വെള്ളിയാഴ്ച പ്രാർഥനകൾ റദ്ദാക്കുകയും ചെയ്തു. വെസ്റ്റ് ബാങ്കിലെ അഭയാർഥി ക്യാമ്പുകളിൽ ഇസ്രായേൽ സൈന്യം റെയ്ഡുകൾ തുടരുകയാണ്.
അതേസമയം, നിയമവിരുദ്ധ ഇസ്രായേൽ കുടിയേറ്റക്കാർ ഫലസ്തീൻ ഗ്രാമങ്ങളിൽ താണ്ഡവമാടുകയാണ്. മാർച്ച് രണ്ടിന് ഖർയൂത്തിൽ രണ്ട് ഫലസ്തീൻ സഹോദരങ്ങളെ കുടിയേറ്റക്കാർ വെടിവെച്ചുകൊന്നു. കഴിഞ്ഞ ശനിയാഴ്ച ഹെബ്രോണിലും ഇസ്രായേൽ ആക്രമണത്തിൽ ഒരു യുവാവ് കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിലെ വിവിധയിടങ്ങളിലായി ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ മൂന്ന് ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടതായി വഫ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഫലസ്തീൻ നഗരങ്ങൾക്കിടയിലുള്ള യാത്ര നിരോധിച്ചുകൊണ്ട് ഇസ്രായേൽ സൈന്യം ലഘുലേഖകളും വിതരണം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

