ഇസ്രായേലിന്റെ വെടിനിർത്തൽ ലംഘനം ഗസ്സ കരാറിന് ഭീഷണി -ഖത്തർ പ്രധാനമന്ത്രി
text_fieldsവാഷിങ്ടൺ: ഗസ്സ വെടിനിർത്തൽ കരാർ ദിനേനയെന്നോണം ലംഘിക്കുന്ന ഇസ്രായേലിന്റെ നടപടി കരാറിന്റെ നിലനിൽപിന് ഭീഷണിയാണെന്ന് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി. കരാറിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള ചുവടുവെപ്പുകൾ വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാഷിങ്ടണിൽ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷമാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഏഴാമത് യു.എസ്-ഖത്തർ സ്ട്രാറ്റജിക് ഡയലോഗിന്റെ ഭാഗമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. കാലതാമസവും വെടിനിർത്തൽ ലംഘനവും മുഴുവൻ സമാധാന ശ്രമങ്ങളെയും അപകടത്തിലാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുന്നവരും പ്രതിസന്ധി നേരിടുകയാണ്. മാനുഷിക സഹായങ്ങൾ നിരുപാധികം ഗസ്സയിലേക്ക് എത്താൻ അനുവദിക്കണം.
കരാറിന്റെ രണ്ടാം ഘട്ടം ഉടൻ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒക്ടോബർ 10ന് വെടിനിർത്തൽ നിലവിൽ വന്നശേഷം ഇസ്രായേൽ 738 തവണ വെടിനിർത്തൽ ലംഘിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഇക്കാലയളവിൽ 394 ഫലസ്തീൻകാർ കൊല്ലപ്പെടുകയും 1075 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊടുംശൈത്യത്തിന്റെ പിടിയിലായതും ഗസ്സയിൽ ജനജീവിതം ദുരിതപൂർണമാക്കിയിട്ടുണ്ട്. താൽക്കാലിക അഭയകേന്ദ്രങ്ങളിൽ കഴിയുന്നവരാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്.
ലബനാനിൽ ഇസ്രായേൽ ആക്രമണം
ബൈറൂത്ത്: ദക്ഷിണ, കിഴക്കൻ ലബനാനിൽ വ്യാഴാഴ്ച ഇസ്രായേൽ ശക്തമായ വ്യോമാക്രമണം നടത്തി. ഹിസ്ബുല്ലയുടെ ആയുധ ശേഖരങ്ങളും പരിശീലന കേന്ദ്രങ്ങളുമടക്കമാണ് ആക്രമിച്ചതെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്ന സമിതി യോഗം ചേരാനിരിക്കുന്നതിന്റെ തലേന്നാണ് ഇസ്രായേൽ വെടിനിർത്തൽ ലംഘിച്ച് ആക്രമണം നടത്തിയത്. അമേരിക്കക്കുപുറമെ ഫ്രാൻസും അതിർത്തിയിൽ വിന്യസിച്ച യൂ.എൻ സമാധാന സേന പ്രതിനിധികളും സമിതിയിൽ അംഗങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

