ഇസ്രായേൽ സൈന്യം ചരിത്രത്തിലെ ഏറ്റവും കടുത്ത മനുഷ്യ ക്ഷാമം നേരിടുന്നുവെന്ന് ആർമി ജനറൽ
text_fieldsജറൂസലേം: ഇസ്രായേൽ സൈന്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശം മനുഷ്യ വിഭവശേഷി പ്രതിസന്ധി നേരിടുന്നുവെന്ന് ഇസ്രായേലി റിസർവ് ജനറലും സൈനിക വിശകലന വിദഗ്ദ്ധനുമായ ഇറ്റ്ഷാക് ബ്രിക്ക്.
ഒരു ദിനപത്രത്തിൽ നടത്തിയ അഭിപ്രായപ്രകടനത്തിൽ, ആയിരക്കണക്കിന് ഉദ്യോഗസ്ഥരും കമീഷൻ ചെയ്യാത്ത മറ്റ് ഉദ്യോഗസ്ഥരും സമീപ മാസങ്ങളിൽ സേവനത്തിൽ നിന്ന് വിട്ടുനിന്നതായി ബ്രിക്ക് പറഞ്ഞു. അവർ സൈന്യത്തിലേക്കുള്ള ക്ഷണം നിരസിക്കുകയും കരാറുകൾ പുതുക്കാൻ വിസമ്മതിക്കുകയും ചെയ്തു.
ഗസ്സയിൽ ഇസ്രായേൽ നടത്തിയ വംശഹത്യയുടെ രണ്ട് വർഷത്തിനിടയിൽ, സൈന്യത്തിന് 923 സൈനികരെ നഷ്ടപ്പെടുകയും 6,399 പേർക്ക് പരിക്കേൽക്കുകയും ചെയ്യുകയുണ്ടായി. ഇതിനു പുറമെ 20,000ത്തോളം സൈനികർ ‘പോസ്റ്റ്-ട്രോമാറ്റിക് സ്ട്രെസ്’ അനുഭവിക്കുന്നുണ്ടെന്ന് സൈനിക ഡാറ്റ ഉദ്ധരിച്ച് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കനത്ത സൈനിക സെൻസർഷിപ്പിനു കീഴിൽ, സൈന്യത്തിന്റെ മനോവീര്യം നിലനിർത്താൻ ഉയർന്ന നഷ്ടങ്ങൾ മറച്ചുവെച്ചതായി ആരോപണമുണ്ട്. നിരവധി ഉദ്യോഗസ്ഥർ ഉടനടി പിരിച്ചുവിടൽ ആവശ്യപ്പെട്ടതായും റിക്രൂട്ട്മെന്റുകൾ ദീർഘകാല കരാറുകളിൽ ഒപ്പിടാൻ വിസമ്മതിച്ചതായും ഇത് സൈന്യത്തിലുടനീളം ജീവനക്കാരുടെ വ്യാപകമായ ക്ഷാമം സൃഷ്ടിച്ചതായും ബ്രിക്ക് എഴുതി.
മനുഷ്യശക്തിയിലെ കുത്തനെയുള്ള കുറവ് ഉപകരണങ്ങളുടെ പരിപാലനത്തെയും യുദ്ധ സംവിധാനങ്ങളുടെ പ്രവർത്തനത്തെയും ദുർബലപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ഗുരുതരമായ സാഹചര്യം സൈന്യത്തിന് പൂർണമായും പ്രവർത്തിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നതിലേക്ക് നയിച്ചേക്കാമെന്നും ഇറ്റ്ഷാക് ബ്രിക്ക് പറയുന്നു.
സമീപ വർഷങ്ങളിൽ തുടർച്ചയായി നിയോഗിക്കപ്പെട്ട ചീഫ് ഓഫ് സ്റ്റാഫുകളെ അദ്ദേഹം മോശമായ തീരുമാനങ്ങൾക്ക് കുറ്റപ്പെടുത്തുന്നു. അവരുടെ തീരുമാനത്തിൽ ജീവനക്കാരുടെ എണ്ണം കുറക്കലും പുരുഷന്മാർക്ക് മൂന്ന് വർഷവും സ്ത്രീകൾക്ക് രണ്ട് വർഷവും കുറഞ്ഞ സേവന കാലാവധിയും ഉൾപ്പെടുന്നു. ഇത് വേഗത്തിൽ പരിഹരിക്കാൻ കഴിയാത്ത വലിയ വിടവുകൾ സൃഷ്ടിച്ചു. ഈ വിടവുകൾ പരിചയസമ്പന്നരായ പ്രൊഫഷനലുകളെ സേവനത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
സൈന്യത്തിന്റെ ‘മാൻപവർ’ വിഭാഗം വർഷങ്ങളായി പ്രൊഫഷണലിസമോ ഉത്തരവാദിത്തമോ ഇല്ലാതെ പ്രവർത്തിക്കുകയും മനുഷ്യവിഭവശേഷി കൈകാര്യം ചെയ്യുന്നതിലും അതിന്റെ ആവശ്യങ്ങൾ വിലയിരുത്തുന്നതിലുമുള്ള പ്രധാന പ്രശ്നങ്ങൾ അവഗണിക്കുകയും ചെയ്തുവെന്ന് ബ്രിക്ക് പറഞ്ഞു.
കാലഹരണപ്പെട്ട സംവിധാനങ്ങളും വിഘടിച്ച ഡാറ്റാബേസുകളും കാരണം സൈന്യം ‘വിവര അന്ധത’ അനുഭവിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാൻപവർ പ്രതിസന്ധി ഇസ്രായേൽ സൈന്യത്തിന്റെ ‘പൂർണ്ണമായ പക്ഷാഘാതം ആയി പരിണമിക്കുമെന്ന് ബ്രിക്ക് മുന്നറിയിപ്പ് നൽകി.
ചാനൽ 12 വാർത്ത പ്രകാരം, ഐ.ഡി.എഫിൽ ലെഫ്റ്റനന്റ്, ക്യാപ്റ്റൻ റാങ്കുകളിലായി 1,300 റോളം ഓഫിസർമാരുടെയും മറ്റൊരു 300 മേജർമാരുടെയും കുറവുണ്ട്.
സൈന്യം നടത്തിയ ആഭ്യന്തര സർവേകളെ ഉദ്ധരിച്ച്, ഓഫിസർമാരിൽ 63 ശതമാനം പേർക്ക് മാത്രമേ സൈന്യത്തിൽ തുടരാൻ താൽപര്യമുള്ളൂ എന്നാണ്. 2018 ൽ ഇത് 83 ശതമാനം ആയിരുന്നു. കമീഷൻ ചെയ്യാത്ത ഓഫിസർമാർ ഈ വർഷം 37 ശതമാനം ആണ് സൈന്യത്തിൽ. 2018 ൽ ഇത് 58 ശതമാനം ആയിരുന്നു.
2023 ഒക്ടോബർ മുതൽ ഗസ്സയിൽ നടന്ന കൂട്ടക്കൊലയിൽ 70,000ത്തിലധികം ഫലസ്തീനികളെ, കൂടുതലും സ്ത്രീകളെയും കുട്ടികളെയുമാണ് ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

