ഇസ്രായേലിന്റേത് ഗുരുതര യുദ്ധക്കുറ്റം; ആക്രമണം നയതന്ത്രപരമായ വഞ്ചന -ഇറാൻ വിദേശമന്ത്രി
text_fieldsഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി
ജനീവ: അന്താരാഷ്ട്ര നിയമങ്ങൾ ധിക്കരിച്ച് രാജ്യത്തെ ജനങ്ങളെയും ആണവ സംവിധാനങ്ങളെയും ആക്രമികുന്ന ഇസ്രായേലിന്റെ നടപടി ഗുരുതര യുദ്ധക്കുറ്റമാണെന്ന് ഐക്യരാഷ്ട്രസഭ മനുഷ്യവകാശ കൗൺസിലിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി. ഇസ്രായേലിന്റേത് പ്രകോപനമില്ലാത്ത ആക്രമണമാണെന്നും നീതീകരിക്കാനാവാത്ത യുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘രാജ്യത്തെ സാധാരണക്കാരെയും ആശുപത്രികളെയുമൊക്കെ ആക്രമിച്ച ഇസ്രായേൽ നിരവധി പേരുടെ മരണത്തിനും പരിക്കുകൾക്കും ഇടയാക്കി. സമാധാനപരമായ ഞങ്ങളുടെ ആണവ സംവിധാനങ്ങൾ തകർക്കാൻ ശ്രമിച്ചു’ -അദ്ദേഹം പറഞ്ഞു. ഇസ്രായേലിന്റെ ആക്രമണം ജനീവ കൺവെൻഷനുകളുടെയും യു.എൻ ചാർട്ടറിന്റെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ദയയില്ലാത്ത ഈ അതിക്രമത്തിനെതിരെ അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന് കൗൺസിൽ അംഗങ്ങളോട് ആവശ്യപ്പെട്ടു. ആണവ പദ്ധതികളുടെ കാര്യത്തിൽ സമാധാനപരമായ കരാറുകൾക്കായി യു.എസുമായി ഇറാൻ ചർച്ച നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലെ ആക്രമണം നയതന്ത്രപരമായ വഞ്ചനയാണെന്നും അദ്ദേഹം ആരോപിച്ചു.
നെതന്യാഹു സമാധാനത്തിന് തടസ്സം -ഉർദുഗാൻ
ഇസ്തംബൂൾ: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവാണ് പ്രാദേശിക സമാധാനത്തിന് ഏറ്റവും വലിയ തടസ്സമെന്ന് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ ആരോപിച്ചു. അമേരിക്കയുമായുള്ള പുതിയ ആണവ ചർച്ചകൾക്ക് തൊട്ടുമുമ്പ് ഇറാനെതിരായ ഇസ്രായേൽ ആക്രമണങ്ങൾ ചർച്ചകളെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ശനിയാഴ്ച ഇസ്തംബൂളിൽ നടന്ന ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ (ഒ.ഐ.സി) യോഗത്തിൽ അറബ് ലീഗ് നയതന്ത്രജ്ഞരെ അഭിസംബോധന ചെയ്യുകയായിരുന്നു ഉർദുഗാൻ.
പാശ്ചാത്യ നേതാക്കൾ ഇസ്രായേലിന് നിരുപാധിക പിന്തുണ നൽകുന്നുണ്ടെന്ന് ആരോപിച്ച ഉർദുഗാൻ, മിഡിൽ ഈസ്റ്റ് അതിർത്തികൾ ‘രക്തത്തിൽ’ കുളിപ്പിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. ഇറാനെതിരായ ഇസ്രായേൽ ആക്രമണങ്ങൾ കാണിക്കുന്നത് നെതന്യാഹുവും അദ്ദേഹത്തിന്റെ സർക്കാറും നിലവിലെ പ്രശ്നങ്ങൾ നയതന്ത്രപരമായി പരിഹരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ്- ഉർദുഗാൻ കുറ്റപ്പെടുത്തി. നെതന്യാഹുവിന്റെ സയണിസ്റ്റ് അഭിലാഷങ്ങൾക്ക് ലോകത്തെ മുഴുവനും ഒരു വലിയ ദുരന്തത്തിലേക്ക് വലിച്ചിഴക്കുക എന്നതല്ലാതെ മറ്റൊരു ലക്ഷ്യവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

