പിടികൂടി സൈനിക വേഷം അണിയിക്കും, കെട്ടിടങ്ങളിലേക്കും തുരങ്കങ്ങളിലേക്കും പറഞ്ഞയക്കും; ഗസ്സയിൽ ഫലസ്തീൻ യുവാക്കളെ മനുഷ്യകവചമായി ഉപയോഗിച്ച് ഇസ്രായേൽ സൈന്യം
text_fieldsഗസ്സ: ഇസ്രായേൽ സൈന്യം ഗസ്സയിൽ ഫലസ്തീൻ യുവാക്കളെ മനുഷ്യകവചമായി ഉപയോഗിക്കുന്നതായി വെളിപ്പെടുത്തൽ. ഫലസ്തീൻ യുവാക്കളും ഇസ്രായേൽ സൈനികരും ഇക്കാര്യം സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സാണ് റിപ്പോർട്ട് ചെയ്തത്. സ്ഫോടകവസ്തുക്കളോ ആക്രമണസാധ്യതയോ ഉണ്ടെന്നുള്ള സ്ഥലങ്ങളിലേക്ക് ഫലസ്തീൻ യുവാക്കളെ ഇസ്രായേൽ സൈനിക യൂണിഫോം അണിയിച്ച് നിർബന്ധിച്ച് പറഞ്ഞയക്കുകയാണ് ചെയ്യുന്നത്. സിവിലിയൻമാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധവും യുദ്ധക്കുറ്റവുമാണ്.
തന്നെ മൂന്നാഴ്ചയോളം ഇസ്രായേൽ സൈന്യം മനുഷ്യകവചമായി ഉപയോഗിച്ചെന്ന് അയ്മൻ അബു ഹംദാൻ എന്ന ഫലസ്തീൻ യുവാവ് പറയുന്നു. ഇസ്രായേൽ സൈനിക യൂണിഫോം അണിയിച്ച് ദേഹത്ത് കാമറയും ഘടിപ്പിച്ചാണ് അപകടസാധ്യതയുള്ള സ്ഥലങ്ങളിലേക്ക് അയക്കുക. ബോംബുകളോ തോക്കേന്തിയ ആളുകളോ ഇല്ലായെന്ന് ഉറപ്പാക്കിയ ശേഷമേ ഇസ്രായേൽ സൈന്യം പിന്നാലെ പ്രവേശിക്കൂ. ക്രൂരമായി മർദിച്ചെന്നും പറയുന്നത് പോലെ ചെയ്തില്ലെങ്കിൽ കൊല്ലുമെന്നായിരുന്നു സൈന്യത്തിന്‍റെ ഭീഷണിയെന്നും 36കാരനായ അബു പറഞ്ഞു.
എല്ലാ സൈനിക പ്ലാറ്റൂണുകളും ഫലസ്തീനികളെ പിടികൂടി മനുഷ്യകവചമായി ഉപയോഗിച്ചെന്ന് പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ഇസ്രായേൽ സൈനിക ഓഫിസർ പറഞ്ഞതായി അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ടിൽ പറയുന്നു. മനുഷ്യകവചമായി ഫലസ്തീനികളെ ഉപയോഗിക്കാൻ മുകളിൽ നിന്നുള്ള നിർദേശമാണെന്നും ഇദ്ദേഹം പറയുന്നു.
ഗസ്സയിൽ മനുഷ്യകവചമായി പ്രവർത്തിക്കാൻ ഇസ്രായേൽ സൈന്യം പലസ്തീനികളെ ആസൂത്രിതമായി നിർബന്ധിക്കുന്നുണ്ടെന്ന് ഏതാനും സൈനികർ വെളിപ്പെടുത്തി. സ്ഫോടക വസ്തുക്കളോ ആയുധധാരികളോ ഉണ്ടെന്ന് പരിശോധിക്കാൻ കെട്ടിടങ്ങളിലേക്കും തുരങ്കങ്ങളിലേക്കും ഇവരെയാണ് പറഞ്ഞുവിടുക. ഇവർ സുരക്ഷിതരാണെങ്കിൽ മാത്രം പിന്നാലെ സൈന്യം പ്രവേശിക്കും. 19 മാസമായി ഗസ്സയിൽ ഇത് സർവസാധാരണമാണെന്നും സൈനികർ വെളിപ്പെടുത്തി.
എന്നാൽ, ഈ ആരോപണങ്ങൾ നിഷേധിക്കുകയാണ് ഇസ്രായേൽ സൈന്യം. സിവിലിയന്മാരെ യുദ്ധമുഖത്ത് ഉപയോഗിക്കരുതെന്ന് സൈന്യത്തിന് കർശന നിർദേശമുണ്ടെന്നാണ് ഇവരുടെ വാദം. ഹമാസ് സാധാരണക്കാരെ കവചമായി ഉപയോഗിക്കുന്നു എന്ന് നിരന്തരം ആരോപണമുന്നയിച്ചിരുന്നവരാണ് ഇസ്രായേൽ സൈന്യം. ഗസ്സയിൽ സിവിലിയൻമാർ കൊല്ലപ്പെടുന്നതിന് കാരണം ഹമാസിന്‍റെ ഈ രീതിയാണെന്നും ഇസ്രായേൽ വാദിക്കുന്നു. കുഞ്ഞുങ്ങളുൾപ്പെടെ പതിനായിരങ്ങളെ നിഷ്ഠൂരം കൊന്നുതള്ളുമ്പോഴാണ് ഇസ്രായേലിന്‍റെ ഈ വാദം.
ഇസ്രായേലി മുൻ സൈനികരുടെ നേതൃത്വത്തിലുള്ള വിസിൽ ബ്ലോവർ ഗ്രൂപ്പായ 'ബ്രേക്കിങ് ദ സൈലൻസി'ന്‍റെ എക്സിക്യൂട്ടിവ് ഡയറക്ടർ നദാവ് വെയ്മാൻ സൈന്യത്തിന്‍റെ ഈ ചെയ്തികളെ രൂക്ഷമായി വിമർശിക്കുന്നു. സൈനികരിൽ നിന്ന് ഇതുസംബന്ധിച്ച വിവരങ്ങൾ സംഘടന ശേഖരിക്കുകയാണ്. 'ഇത് ഒറ്റപ്പെട്ട സംഭവങ്ങളല്ല, വലിയ തോതിലുള്ള ധാർമ്മിക തകർച്ചയെയാണ് ചൂണ്ടിക്കാട്ടുന്നത്. സിവിലിയന്മാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നതിന് ഹമാസിനെ ഇസ്രായേൽ അപലപിക്കുന്നുണ്ട്. എന്നാൽ, നമ്മുടെ സൈന്യവും അതാണ് ചെയ്യുന്നത്' -നദാവ് വെയ്മാൻ പറഞ്ഞു.
17 ദിവസം തന്നെ മനുഷ്യകവചമായി ഉപയോഗിച്ചെന്ന് അബു ഹംദാൻ പറയുന്നു. തകർക്കാൻ ഉദ്ദേശിക്കുന്ന വീടുകൾക്കും കെട്ടിടങ്ങൾക്കും തുരങ്കങ്ങൾക്കും ഉള്ളിലേക്ക് ആദ്യം കടത്തിവിടുന്നത് തന്നെയാണ്. പിന്നീടാണ് സൈന്യം ഉള്ളിൽ കടന്ന് കെട്ടിടങ്ങൾ തകർക്കുന്നത്. 17 ദിവസവും ഇരുട്ടുമുറിയിലാണ് തന്നെ താമസിപ്പിച്ചത്. സൈന്യത്തിന് കവചമായി ഉപയോഗിക്കാൻ മാത്രമാണ് പുറത്തിറക്കിയിരുന്നത് -അബു പറഞ്ഞു.
ഗസ്സയിലും വെസ്റ്റ് ബാങ്കിലും പതിറ്റാണ്ടുകളായി ഇസ്രായേൽ ഫലസ്തീനികളെ കവചങ്ങളായി ഉപയോഗിച്ചുവെന്ന് മനുഷ്യാവകാശ സംഘടനകൾ പറയുന്നു. 2005ൽ ഇസ്രായേൽ സുപ്രീം കോടതി ഈ രീതി നിരോധിച്ചതാണ്. എന്നാൽ സൈന്യം ഇത് തുടരുകയാണ്.
'മൊസ്കിറ്റോ പ്രോട്ടോക്കോൾ' എന്നാണ് ഫലസ്തീനികളെ മനുഷ്യകവചമായി ഉപയോഗിക്കുന്നതിനെ സൈന്യത്തിനുള്ളിൽ വിശേഷിപ്പിക്കുന്നതെന്ന് രണ്ട് ഇസ്രായേലി സൈനികർ 'ബ്രേക്കിങ് ദ സൈലൻസി'ന് മൊഴി നൽകിയിരുന്നു. 'വേട്ടാളൻ' എന്ന പേരിലും മറ്റ് മോശം പേരുകളിലുമാണ് ഇതിനായി നിയോഗിക്കപ്പെടുന്ന ഫലസ്തീനികളെ വിശേഷിപ്പിക്കാറ്. 2023 ഒക്ടോബർ ഏഴിലെ ആക്രമണത്തിന് പിന്നാലെ തന്നെ ഈ ഒരു രീതിക്കുള്ള നിർദേശം സൈന്യത്തിന് ലഭിച്ചിരുന്നതായാണ് ഇവർ വെളിപ്പെടുത്തിയത്. 'കൊതുകുകളെ കൊണ്ടുവരൂ' എന്നായിരുന്നു ഓർഡർ. ഇതിനനുസരിച്ചായിരുന്നു തുടർപ്രവർത്തനങ്ങൾ.
ഗസ്സയിൽ ഒന്നരവർഷത്തിലേറെ തുടരുന്ന ഇസ്രായേൽ സൈന്യത്തിന്‍റെ നരനായാട്ടിൽ 53,901 ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് കണക്ക്. 1.22 ലക്ഷത്തിലേറെ പേർക്ക് പരിക്കേറ്റു. 16,500ഓളം കുട്ടികളെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്. മൂന്ന് മാസമായി തുടരുന്ന ഇസ്രായേൽ ഉപരോധത്തിൽ അതീവ ഗുരുതരമായ മാനുഷിക ദുരന്തമാണ് ഗസ്സ നേരിടുന്നത്. 119 സഹായ ട്രക്കുകൾക്ക് ഇസ്രായേൽ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. എന്നാൽ, ഈ ട്രക്കുകൾക്ക് സംരക്ഷണം നൽകിയ ആറ് ഫലസ്തീൻ സുരക്ഷാ ജീവനക്കാരെ ഇസ്രായേൽ കൊലപ്പെടുത്തി. ദിവസം 600 ട്രക്കുകളിൽ സഹായം എത്തിക്കേണ്ട സാഹചര്യത്തിലാണ് ഇസ്രായേൽ 119 ട്രക്കുകൾക്ക് മാത്രം അനുമതി നൽകിയത്. കഴിഞ്ഞ ദിവസങ്ങളിലായി 29 കുഞ്ഞുങ്ങൾ പട്ടിണി കിടന്ന് മരിച്ചതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

