Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗസ്സ ആശുപത്രി ഡയറക്ടറെ...

ഗസ്സ ആശുപത്രി ഡയറക്ടറെ ഇസ്രായേൽ സേന തട്ടിക്കൊണ്ടുപോയി; അഭിമുഖം ചെയ്ത മാധ്യമപ്രവർത്തകനെ വെടിവെച്ചുകൊന്നു

text_fields
bookmark_border
ഗസ്സ ആശുപത്രി ഡയറക്ടറെ ഇസ്രായേൽ സേന തട്ടിക്കൊണ്ടുപോയി; അഭിമുഖം ചെയ്ത മാധ്യമപ്രവർത്തകനെ വെടിവെച്ചുകൊന്നു
cancel

ഗസ്സ: ഗസ്സയിലെ ഫീൽഡ് ആശുപത്രികളുടെ ഡയറക്ടറും അബു യൂസഫ് അൽ-നജ്ജാർ ആശുപത്രി തലവനുമായ ഡോ. മർവാൻ അൽ-ഹംസിനെ ഇസ്രായേൽ അധിനിവേശ സേന തട്ടിക്കൊണ്ടുപോയി. റഫയിലെ റെഡ് ക്രോസ് കേന്ദ്രത്തിന് സമീപം ആംബുലൻസിൽ മാധ്യമപ്രവർത്തകന് അഭിമുഖം നൽകുന്നതിനിടെയാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇസ്രായേൽ സൈന്യം സ്ഥലത്തെത്തിയത്. അഭിമുഖം ചെയ്തുകൊണ്ടിരുന്ന മാധ്യമപ്രവർത്തകൻ തമർ അൽ-സാനിനെ വെടിവെച്ചുകൊന്നു. സമീപത്തുണ്ടായിരുന്നവർക്ക് നേരെയും നിറയൊഴിച്ചു. ആക്രമണത്തിൽ രണ്ട് ഫലസ്തീനികൾ കൊല്ലപ്പെടുകയും ആംബുലൻസ് ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തതായി റെഡ്ക്രോസ് അറിയിച്ചു.

റെഡ് ക്രോസിന്റെ കീഴിലുള്ളഫീൽഡ് ആശുപത്രി സന്ദർശിക്കുന്നതിനിടെയാണ് ഡോക്ടറെ തട്ടിക്കൊണ്ടുപോയതെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം പറഞ്ഞു. അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ഗുരുതരമായ ലംഘനമാണിതെന്ന് മന്ത്രാലയം അറിയിച്ചു. വാഹനത്തിലെത്തിയ ആയുധധാരികളായ സംഘം ഡോ. അൽ ഹംസിനെ തട്ടിക്കൊണ്ടുപോകുന്നതിന് മുമ്പ് റെഡ് ക്രോസ് ആശുപത്രിക്ക് എതിർവശത്തുള്ള കഫേയിലുണ്ടായിരുന്ന സാധാരണക്കാർക്ക് നേരെ വെടിയുതിർത്തതായി ദൃക്‌സാക്ഷികളും സുരക്ഷാ വൃത്തങ്ങളും അറിയിച്ചു.

തട്ടിക്കൊണ്ടുപോകലിനെക്കുറിച്ച് ഇസ്രായേൽ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല. പരിക്കേറ്റ കുട്ടികളുടെയും രോഗികളുടെയും പട്ടിണി കിടക്കുന്ന സാധാരണക്കാരുടെയും ആശ്രയകേന്ദ്രമായിരുന്നു ഡോ. അൽഹംസെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം വിശേഷിപ്പിച്ചു. അദ്ദേഹത്തെ ഉടനടി നിരുപാധികം മോചിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. അൽഹംസ് സഞ്ചരിച്ചിരുന്ന ആംബുലൻസിനെ ഇസ്രായേൽ സൈന്യം മനഃപൂർവ്വം ലക്ഷ്യം വച്ചതായും മ​ന്ത​്രാലയം ആരോപിച്ചു.

അൽഹംസ് ഏറെക്കാലം ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രധാന വക്താവായി പ്രവർത്തിച്ചിരുന്നു. നേരത്തെ വടക്കൻ ഗസ്സയിലെ കമാൽ അദ്‍വാൻ ആശുപത്രി ഡയറക്ടർ ഡോ. ഹുസ്സാം അബു സഫിയയെയും ഇസ്രായേൽ സൈന്യം തട്ടിക്കൊണ്ടുപോയിരുന്നു.

വെടിനിർത്തലിനുള്ള അന്താരാഷ്ട്ര ആഹ്വാനങ്ങൾ നിരസിച്ച ഇസ്രായേൽ സൈന്യം 2023 ഒക്ടോബർ 7 മുതൽ ഗസ്സയിൽ ക്രൂരമായ ആക്രമണമാണ് അഴിച്ചുവിടുന്നത്. പതിനായിരക്കണക്കിന് സ്ത്രീകളും കുട്ടികളുമടക്കം 59,000-ത്തിലധികം ഫലസ്തീനികൾ ഇതിനകം കൊല്ലപ്പെട്ടു. ഗസ്സയിൽ നടത്തുന്ന യുദ്ധക്കുറ്റങ്ങളുടെയും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുടെയും പേരിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaWorld NewsGaza GenocideDr Marwan Al Hams
News Summary - Israeli undercover unit detains Gaza field hospitals director Dr. Marwan Al-Hams in deadly raid in Rafah
Next Story