അഭയാർഥി ക്യാമ്പിൽ ഫലസ്തീനി ബാലനെ വെടിവെച്ചുകൊന്നു
text_fieldsജറൂസലം: വെസ്റ്റ് ബാങ്കിലെ അഭയാർഥി ക്യാമ്പിൽ പുലർച്ചെ നടത്തിയ റെയ്ഡിൽ ഫലസ്തീനി ബാലനെ വെടിവെച്ചുകൊന്ന് ഇസ്രായേൽ സൈന്യം. മൂന്നു ഫലസ്തീനികൾക്ക് പരിക്കേറ്റിട്ടുമുണ്ട്. വെസ്റ്റ് ബാങ്ക് നഗരമായ നാബുൽസിലെ ബലാത അഭയാർഥി ക്യാമ്പിൽ 16കാരനായ നാദിർ റയാനെയാണ് ദാരുണമായി കൊലപ്പെടുത്തിയത്. തലക്കും നെഞ്ചിലുമാണ് ബാലന് വെടിയേറ്റതെന്ന് ഫലസ്തീൻ ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. പരിക്കേറ്റവരിൽ ഒരാളുടെ നില അതിഗുരുതരമാണ്.
അതിനിടെ, ജറൂസലമിനടുത്ത ഖലൻദിയ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം നടത്തിയ സമാന റെയ്ഡിൽ തലക്ക് വെടിയേറ്റ് അലാ ഷഹം എന്ന യുവാവ് മരിച്ചു. നഖബ് മരുഭൂപ്രദേശത്തെ റാഹത് പട്ടണത്തിൽ 27കാരനായ ഫലസ്തീനി യുവാവിനെയും ഇസ്രായേൽ സേന വെടിവെച്ചുകൊന്നു.
ഫലസ്തീനി വേഷത്തിലെത്തിയ രഹസ്യ വിഭാഗമാണ് വെടിയുതിർത്തത്.

