വീടുതോറും വേട്ട; നരകയാതനയിൽ ഗസ്സ
text_fieldsഗസ്സയിലെ അഭയാർഥി ക്യാമ്പിൽ ഭക്ഷണത്തിന് തിരക്ക് കൂട്ടുന്ന കുട്ടികൾ
ഗസ്സ: ഗസ്സയിൽ വീടുകൾതോറും കയറി പരിശോധന നടത്തി ഇസ്രായേൽ സൈന്യം. ഖാൻ യൂനിസിലാണ് രണ്ടു ഭാഗത്തുനിന്ന് ടാങ്കുകളാൽ വളഞ്ഞ് വീടുകയറി പരിശോധന നടത്തുന്നത്. നിരവധി സാധാരണക്കാരെ പിടികൂടി അജ്ഞാത കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നതായും റിപ്പോർട്ടുണ്ട്. ഹമാസും ഇസ്രായേൽ സൈന്യവും തമ്മിൽ കനത്ത ഏറ്റുമുട്ടലാണ് ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്നത്. ഇസ്രായേൽ ഭാഗത്തും കനത്ത നാശനഷ്ടമുണ്ടെന്നാണ് വിവരം. എന്തുനഷ്ടം സഹിച്ചും ഹമാസിനെ ഇല്ലായ്മ ചെയ്യുമെന്ന നിലപാടിലാണ് ഇസ്രായേൽ. അതിനിടെ, ഇസ്രായേലിന്റെ ആക്രമണത്തിൽ സഹർ ബറൂച് (25) എന്ന ഇസ്രായേലി ബന്ദി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.
ജബലിയ അഭയാർഥി ക്യാമ്പിൽ ആയിരങ്ങൾ ദിവസങ്ങളായി ഭക്ഷണം ലഭിക്കാതെ കുടുങ്ങിക്കിടക്കുകയാണ്. റഫ അതിർത്തി വഴി പര്യാപ്തമായ അളവിൽ സഹായവസ്തുക്കൾ കടത്തിവിടുന്നില്ല.
ഇസ്രായേൽ ആക്രമണം തുടങ്ങിയശേഷം 80 ശതമാനത്തിലധികം ആളുകൾ അഭയാർഥികളായതായാണ് ഐക്യരാഷ്ട്രസഭ പറയുന്നത്. ഒടുവിലെ വിവരമനുസരിച്ച് ഗസ്സയിൽ ഇതുവരെ 17,487 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതിൽ 7000ത്തിലധികം കുട്ടികളാണ്. 46,480ലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ധനവും മരുന്നും തീർന്നതിനാൽ മുനമ്പിൽ ആകെയുള്ള 36 ആശുപത്രികളിൽ 14 എണ്ണം മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
വെസ്റ്റ് ബാങ്കിലും വ്യാപക പരിശോധന
വെസ്റ്റ് ബാങ്ക്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം വ്യാപക പരിശോധനയും അക്രമവും നടത്തുന്നു. ശനിയാഴ്ച ഒരു കൗമാരക്കാരനെ കൊലപ്പെടുത്തുകയും 15 പേരെ പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. ജെനിൻ, ഖൽഖിൽയ, നബ്ലുസ്, ജെറിചോ, റാമല്ല, ബത്ലഹേം, ഹിബ്രോൺ എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഒക്ടോബർ ഏഴിനുശേഷം വെസ്റ്റ് ബാങ്കിൽ 273 ഫലസ്തീനികൾ കൊല്ലപ്പെടുകയും 3365 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

