വെടിനിർത്തൽ പ്രതീക്ഷകളുമായി വീടുകളിൽ തങ്ങിയവർക്കുമേൽ മരണ പെയ്ത്ത്; ബുധനാഴ്ച പകൽ മാത്രം കൊല്ലപ്പെട്ടത് 50 പേർ, ഗസ്സ സിറ്റിക്കുള്ളിൽ കൂടുതൽ കടന്നുകയറി ഇസ്രായേൽ
text_fieldsകൈറോ: നിരവധി രാജ്യങ്ങളുടെ ഫലസ്തീൻ അംഗീകാരവും ട്രംപിന്റെ യുദ്ധവിരാമ സൂചനകളും വെറുതെയാക്കി ഗസ്സ സിറ്റിക്കുള്ളിൽ കൂടുതൽ കടന്നുകയറി ഇസ്രായേൽ ടാങ്കുകളും കവചിത വാഹനങ്ങളും. വെടിനിർത്തൽ പ്രതീക്ഷകളുമായി വീടുകളിൽ തങ്ങിയവർക്കുമേൽ മരണം പെയ്താണ് ഇസ്രായേൽ സേന ഗസ്സ സിറ്റിയിൽ ബുധനാഴ്ച കൂടുതൽ മേഖലകളിലേക്ക് ആക്രമണം വ്യാപിപ്പിച്ചത്.
ഗസ്സ സിറ്റിയിലെ ദറജ് പ്രദേശത്ത് കുടുംബങ്ങൾ താമസിക്കുന്ന കെട്ടിടത്തിനു മേൽ ഇസ്രായേൽ ബോംബിങ്ങിൽ 20 പേർ കൊല്ലപ്പെട്ടു. കെട്ടിടാവശിഷ്ടങ്ങളിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന ആശങ്കയുണ്ട്. ഇതുൾപ്പെടെ ഗസ്സയിൽ ബുധനാഴ്ച പകലിൽ മാത്രം 50 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ആറു ലക്ഷത്തോളം പേർ പലായനം ചെയ്ത ഗസ്സ സിറ്റിയിൽ ഇപ്പോഴും അഞ്ചു ലക്ഷത്തോളം ഫലസ്തീനികൾ കഴിയുന്നുണ്ട്. ഇവർ കഴിയുന്ന കെട്ടിടങ്ങൾ തകർക്കാൻ സ്ഫോടകവസ്തുക്കൾ നിറച്ച റോബോട്ടുകളും കവചിത വാഹനങ്ങളും ഉപയോഗിക്കുന്നത് ഭീതി ഇരട്ടിയാക്കുകയാണ്.
അതേസമയം, ന്യൂയോർക്കിൽ മുസ്ലിം നേതാക്കളെ കണ്ട യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശുഭസൂചനകൾ നൽകിയിരുന്നു. കൂടിക്കാഴ്ച ഫലപ്രദമായിരുന്നെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും പറഞ്ഞു. ഈജിപ്ത്, ഖത്തർ, സൗദി അറേബ്യ, ഇന്തോനേഷ്യ, ജോർഡൻ, തുർക്കിയ, പാകിസ്താൻ, യു.എ.ഇ രാഷ്ട്രത്തലവന്മാരുമായാണ് കൂടിക്കാഴ്ച നടത്തിയത്. ഇതിന്റെ തുടർച്ചയായി ഇസ്രായേൽ നേതൃത്വവുമായും വരുംദിവസം ചർച്ച നടത്തും.
ട്രംപ് അവതരിപ്പിക്കുന്ന യുദ്ധവിരാമ പദ്ധതി പ്രകാരം ഈ രാജ്യങ്ങൾ ഗസ്സയിൽ സമാധാന പാലനത്തിന് സൈനികരെ അയക്കുമെന്ന് സമ്മതിക്കണം. ശാശ്വത യുദ്ധവിരാമമാണ് ചർച്ചയുടെ ലക്ഷ്യമെന്ന് യു.എ.ഇ വാർത്ത ഏജൻസി ‘വാം’ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

