ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടു; ആക്രമണം അവസാനിപ്പിക്കാൻ ധാരണയായിട്ടില്ലെന്ന് ഇസ്രായേൽ മന്ത്രി
text_fieldsഗസ്സ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള വെടിനിർത്തൽ കരാറിൽ നിർണായക മുന്നേറ്റമുണ്ടായതായി പ്രഖ്യാപിച്ചതിന് പിന്നാലെ ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണം തുടരുന്നു. ഞായറാഴ്ചയുണ്ടായ ആക്രമണങ്ങളിൽ കുറഞ്ഞത് 19 ഫലസ്തീനികളെങ്കിലും കൊല്ലപ്പെട്ടതായി മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു. ഫലസ്തീൻ ആരോഗ്യ ഉദ്യോഗസ്ഥരുടെ കണക്കുകൾ പ്രകാരം, സമീപകാലത്തുള്ളതിൽവെച്ചുള്ള ഏറ്റവും ഉയർന്ന ദൈനംദിന മരണനിരക്കാണിത്. ഗസ്സ സിറ്റി, ദെയ്ർ അൽ-ബലാഹ്, ഖാൻ യൂനുസ് എന്നിവിടങ്ങളിലാണ് ഞായറാഴ്ച പുലർച്ചെ മുതൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചത്.
ഗസ്സയിലെ അഭയാർത്ഥി ക്യാമ്പുകൾ, അപ്പാർട്ട്മെന്റുകൾ, വീടുകൾ എന്നിവ ലക്ഷ്യമിട്ടാണ് ഇസ്രായേൽ പ്രധാനമായും ആക്രമണം നടത്തിയത്. ദെയ്ർ അൽ-ബലാഹിലും ഖാൻ യൂനുസിനു സമീപമുള്ള മവാസിയിലുമുണ്ടായ ആക്രമണങ്ങളിൽ കുട്ടികളും സ്ത്രീകളും അടക്കം നിരവധി സാധാരണക്കാർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തു. ഗസ്സ സിറ്റിയുടെ വിവിധ ഭാഗങ്ങളിലും സരയ സ്ക്വയറിന് സമീപം കാറിനുനേരെയുണ്ടായ വ്യോമാക്രമണത്തിലും മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ദെയ്ർ അൽ-ബലാഹിലെ ഒരു അപ്പാർട്ട്മെന്റിനു നേരെയുണ്ടായ ആക്രമണം ഹമാസിന്റെ എലൈറ്റ് ‘നഖ്ബ’ സേനാ കമാൻഡർമാരെ ലക്ഷ്യമിട്ടാണെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. അൽ-ശുഫ, നാസർ ആശുപത്രികളിലെ മെഡിക്കൽ സ്രോതസ്സുകൾ പ്രകാരം ഗർഭിണിയായ യുവതിയും കുട്ടികളും അടക്കമുള്ള സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഇതിനിടെ മുന്നറിയിപ്പുകളൊന്നുമില്ലാതെയാണ് പല പ്രദേശങ്ങളിലും ഇസ്രായേൽ യുദ്ധവിമാനങ്ങൾ കഴിഞ്ഞ 48 മണിക്കൂറിനിടെ ആക്രമണം നടത്തിയതെന്ന് റിപ്പോർട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ ഗസ്സ വെടിനിർത്തൽ കരാർ നടപ്പാക്കുന്നതിനായി 15 ഇന റോഡ്‌മാപ്പ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ബോർഡ് ഓഫ് പീസ് പ്രസിദ്ധീകരിച്ചതിന് ദിവസങ്ങൾക്കുശേഷമാണ് ഇത്തരത്തിൽ തുടർച്ചയായി ആക്രമണങ്ങൾ നടന്നത്. ട്രംപ് മുന്നോട്ട് വെച്ച കരാർ പ്രകാരം ഹമാസ് നിരായുധീകരണത്തിന് തയാറാതായി അറിയിച്ചിരുന്നു. ഇത് കരാറിന്റെ മറ്റ് വ്യവസ്ഥകൾ നടപ്പിലാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ട്രംപ്. എന്നാൽ ഹമാസിന്റെ നിരായുധീകരണത്തിന് പിന്നാലെ ഗസ്സയിൽ നിന്നും ത്-ളുടെ സൈന്യത്തെ പിൻവലിക്കില്ലെന്ന നിലപാടിലാണ് ഇസ്രായേൽ.
ഗസ്സയിലെ ആക്രമണങ്ങൾ നിർത്തിവെക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങൾ യാതൊരു കരാറിലെത്തിയിട്ടില്ലെന്ന് ഇസ്രായേലിന്റെ സുരക്ഷാ കാബിനറ്റ് അംഗവും ഊർജ മന്ത്രിയുമായ എലി കോഹൻ വ്യക്തമാക്കി. ഹമാസ് യഥാർഥ നിരായുധീകരണം പൂർത്തിയാക്കിയില്ലെങ്കിൽ ഗസ്സയുടെ 70 ശതമാനവും നിയന്ത്രിക്കുന്ന ഇസ്രായേൽ പ്രദേശം പൂർണമായും പിടിച്ചെടുക്കേണ്ടി വരുമെന്നും എലി കോഹൻ കൂട്ടിച്ചേർത്തു. ഹമാസ് പൂർണമായും യഥാർത്ഥ അർത്ഥത്തിൽ ആയുധം താഴെവെക്കുന്നതിന് മുമ്പ് മറ്റൊന്നും സംഭവിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് വക്താവും വ്യക്തമാക്കിയിട്ടുണ്ട്.
വെടിനിർത്തൽ കരാർ നടപ്പിലാക്കുന്നതിനുള്ള അന്തിമ ഘട്ടങ്ങൾ ഉൾക്കൊള്ളുന്ന 15ഇന റോഡ്മാപ്പ് ട്രംപിന്റെ ബോർഡ് ഓഫ് പീസ് പുറത്തുവിട്ടിരുന്നു. പിന്നാലെ ഫലസ്തീൻ പക്ഷത്തെയും മധ്യസ്ഥരെയും ഒരു മേശക്ക് ചുറ്റും കൊണ്ടുവരാൻ ശ്രമങ്ങൾ നടക്കുന്നതിനിടയിലാണ് ഈ ആക്രമണങ്ങൾ ഉണ്ടായതെന്ന് ബോർഡിന്റെ ഗസ്സയിലെ പ്രത്യേക പ്രതിനിധിനി കൊലായ് മ്ലഡെനോവ് വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറിൽ വെടിനിർത്തൽ നിലവിൽവന്നതിനുശേഷം ഇസ്രായേൽ ആക്രമണങ്ങളിൽ കുറഞ്ഞത് 1,230 ഫലസ്തീനികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്.
അതേസമയം, പുതിയ ഫലസ്തീൻ ഭരണകൂടത്തിന് അധികാരം കൈമാറുന്നതിന് മുൻപ് ഇസ്രായേൽ തങ്ങളുടെ ആക്രമണങ്ങൾ പൂർണമായി നിർത്തുകയും സൈന്യത്തെ പിൻവലിക്കുകയും വേണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. തങ്ങൾ കാര്യമായ വഴക്കം കാണിച്ചിട്ടുണ്ടെന്നും എന്നാൽ രാഷ്ട്രീയ തലത്തിലുള്ള പുരോഗതിയെ അട്ടിമറിക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്നും ഹമാസ് പ്രതിനിധി ബസ്സാം നഈം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

