ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ ഇസ്രായേൽ നരനായാട്ട്; 56 ഫലസ്തീനികളെ വെടിവെച്ച് കൊന്നു
text_fieldsഗസ്സ സിറ്റി: ഗസ്സയിലെ ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ മനുഷ്യത്വ രഹിതമായി വെടിയുതിർത്ത ഇസ്രായേലി സൈനികൾ 56 ഫലസ്തീനികളെ വെടിവെച്ചു കൊന്നു.
ചൊവ്വാഴ്ച പുലർച്ചെ മുതൽ നടത്തിയ വെടിവെപ്പിലാണ് ഇത്രയും ഫലസ്തീനികൾ കൊല്ലപ്പെട്ടത്. ഫ്ലാഗ് റൗണ്ട്എബൗട്ടിൽ പുലർച്ചെ നാലു മണിയോടെ ഇസ്രായേൽ സൈന്യം ഭക്ഷണം വാങ്ങാനെത്തിയ ജനക്കൂട്ടത്തിന് നേരെ വിവേചന രഹിതമായി വെടിയുതിർക്കുകയായിരുന്നു. ഇതിൽ 38 പേർ തെക്കൻ റഫ പ്രദേശത്തെ വിതരണ കേന്ദ്രങ്ങളിൽ ഭക്ഷണം തേടിയവരാണെന്ന് മെഡിക്കൽ വൃത്തങ്ങൾ അൽ ജസീറ വാർത്ത ഏജൻസിയോട് പറഞ്ഞു.
ഇസ്രായേൽ സൈന്യത്തിന്റെ കർശന നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ഭക്ഷണ വിതരണ കേന്ദ്രത്തിലാണ് കൂട്ടക്കൊല നടന്നത്. അതിനിടെ, റഫയിലും നെറ്റ്സാരിം ഇടനാഴിയിലും ഇസ്രായേൽ നടത്തിയ വെടിവെപ്പിനെ തുടർന്ന് ഗസ്സ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജി.എച്ച്.എഫ്) സഹായ വിതരണ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തി വെച്ചു. ഇസ്രായേലിന്റെ യുദ്ധരീതികൾ ഫലസ്തീനികളുടെ മേൽ ഭയാനകവും മനസ്സാക്ഷിക്ക് നിരക്കാത്തതുമായ ദുരിതങ്ങൾ വരുത്തിവെക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈകമീഷണർ വോൾക്കർ ടർക്ക് പറഞ്ഞു.
ഉപരോധിത പ്രദേശത്ത് ഇസ്രായേൽ നടത്തുന്ന കൊലപാതകത്തെ അദ്ദേഹം അപലപിച്ചു. അതിനിടെ, 20 മാസത്തിലേറെയായി തുടരുന്ന ഇസ്രായേലിന്റെ ആക്രമണങ്ങളിൽ ആയിരക്കണക്കിന് കുട്ടികൾ ഉൾപ്പെടെ 55,362 പേർ കൊല്ലപ്പെട്ടതായി ഗസ്സയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.
ഭക്ഷണ വിതരണ കേന്ദ്രങ്ങൾക്ക് സമീപം ഇസ്രായേൽ നടത്തിയ വെടിവെപ്പിൽ ഇതുവരെ 300ലധികം പേർ കൊല്ലപ്പെടുകയും 2,000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

