ഇവിടെ ജീവനുള്ളവർക്ക് മാത്രമല്ല, മരിച്ചവർക്കും രക്ഷയില്ല-പിതാവിന്റെ മൃതദേഹം പുറത്തെടുക്കാൻ ഫലസ്തീൻ കുടുംബത്തെ നിർബന്ധിച്ച് ഇസ്രായേൽ കുടിയേറ്റക്കാർ
text_fieldsജെനിൻ: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ കുടിയേറ്റക്കാരുടെ ക്രൂരമായ അതിക്രമം തുടരുന്നു. വാർധക്യസഹജമായ കാരണങ്ങളാൽ മരിച്ച 80കാരനായ പിതാവിന്റെ മൃതദേഹം ഖബറിടത്തിൽ നിന്ന് പുറത്തെടുത്ത് മറ്റൊരു സ്ഥലത്ത് അടക്കം ചെയ്യാൻ ഒരു ഫലസ്തീൻ കുടുംബത്തെ കുടിയേറ്റക്കാർ നിർബന്ധിച്ചു. മനുഷ്യത്വരഹിതമായ ഈ നടപടിയെ ‘അങ്ങേയറ്റം ഭയാനകം’ എന്നാണ് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചത്.
അസസ ഗ്രാമവാസിയായ ഹുസൈൻ അസസ വെള്ളിയാഴ്ചയാണ് മരിച്ചത്. ഇസ്രായേൽ സുരക്ഷാ സേനയുടെ മുൻകൂർ അനുമതിയോടെ ഗ്രാമത്തിലെ കുടുംബ മൃതദേഹം സംസ്കരിച്ചു. സംസ്കാരത്തിന് തൊട്ടുപിന്നാലെ എത്തിയ കുടിയേറ്റക്കാർ, ഈ സ്ഥലം ഇസ്രായേൽ സെറ്റിൽമെന്റിന്റെ ഭാഗമാണെന്നും ഇവിടെ മൃതദേഹം അടക്കം ചെയ്യാൻ അനുവദിക്കില്ലെന്നും ഭീഷണി മുഴക്കി.
ബുൾഡോസർ ഉപയോഗിച്ച് മൃതദേഹം പുറത്തെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ കുടുംബത്തിന് വഴങ്ങേണ്ടി വന്നു. കുടിയേറ്റക്കാർക്ക് സൈനിക സംരക്ഷണം ലഭിച്ചിരുന്നതായി കുടുംബം ആരോപിച്ചു. മൃതദേഹം പുറത്തെടുക്കാൻ കുടിയേറ്റക്കാർ നേരത്തെ തന്നെ കുഴി തോണ്ടിത്തുടങ്ങിയിരുന്നുവെന്ന് ഹുസൈന്റെ മകൻ മുഹമ്മദ് പറഞ്ഞു. മൃതദേഹം പിന്നീട് മറ്റൊരു സ്ഥലത്ത് പിന്നീട് സംസ്കരിച്ചു.
ഫലസ്തീനികളെ മനുഷ്യത്വരഹിതമായി കാണുന്ന ഇസ്രായേൽ നയത്തിന്റെ പ്രകടമായ ഉദാഹരണമാണിതെന്ന് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ വിഭാഗം കുറ്റപ്പെടുത്തി. ‘ജീവനുള്ളവർക്ക് മാത്രമല്ല, മരിച്ചവർക്കും ഇവിടെ രക്ഷയില്ല’ എന്ന് ഒ.പി.ടിയിലെ യു.എൻ മനുഷ്യാവകാശ ഓഫിസ് മേധാവി അജിത് സുൻഘായ് പ്രതികരിച്ചു.
വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നടത്തുന്ന അനധികൃത കുടിയേറ്റ വ്യാപനവും ഫലസ്തീനികൾക്കെതിരെയുള്ള അക്രമങ്ങളും കഴിഞ്ഞ ഒക്ടോബറിന് ശേഷം വൻതോതിൽ വർധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽ പറത്തിയാണ് കുടിയേറ്റക്കാർ ഇത്തരം അതിക്രമങ്ങൾ തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

