വെസ്റ്റ് ബാങ്കിലെ പള്ളിക്ക് തീയിട്ട് ഇസ്രായേലി കുടിയേറ്റക്കാർ: ഖുർആൻ പ്രതികൾ കത്തിച്ചു; ഒലിവു വിളവെടുപ്പ് സമയത്ത് പ്രത്യേക ലക്ഷ്യമിട്ട് ആക്രമണ പരമ്പര
text_fieldsറാമല്ല: മധ്യ വെസ്റ്റ് ബാങ്കിലെ ഗ്രാമത്തിലെ ഒരു പള്ളി ഒരു കൂട്ടം ഇസ്രായേലി കുടിയേറ്റക്കാർ തീയിട്ടു നശിപ്പിച്ചു. ദേർ ഇസ്തിയക്കടുത്ത് സ്ഥിതി ചെയ്യുന്ന മുസ്‍ലിം പ്രാർഥനാലയത്തിനു നേർക്ക് വ്യാഴാഴ്ച രാത്രി ഇരുട്ടിന്റെ മറവിലാണ് ആക്രമണം. ഖുർആൻ പ്രതികളും കത്തിച്ചു. പള്ളിയുടെ ചുവരിൽ ധിക്കാരപരമായ സന്ദേശങ്ങൾ എഴുതുകയും ചെയ്തു. ഫലസ്തീനിലെ മതപരമായ സ്ഥലങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.
ഫലസ്തീൻ മതകാര്യ മന്ത്രാലയം സംഭവത്തെ ശക്തമായി അപലപിച്ചു. പ്രാർഥന തടസ്സപ്പെടുത്തുന്നതും കൊള്ളിവെപ്പും അടക്കമുള്ള ആവർത്തിച്ചുള്ള ആക്രമണങ്ങൾ ആരാധനാ സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും ലംഘിക്കുന്നുവെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഈ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഓർഗനൈസേഷൻ ഓഫ് ഇസ്‍ലാമിക് കോ-ഓപറേഷനേടും അറബ് രാഷ്ട്രങ്ങൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഇസ്‍ലാമിക സംഘടനകളോടും അത് ആവശ്യപ്പെട്ടു.
ദൃക്‌സാക്ഷികൾ റിപ്പോർട്ട് ചെയ്തതനുസരിച്ച്, റമല്ലയുടെ വടക്ക് ഭാഗത്തുള്ള സിൻജിൽ പട്ടണത്തിൽ കുടിയേറ്റക്കാരുടെ ആക്രമണം അരങ്ങേറുകയുണ്ടായി. ഇരകളെ സംരക്ഷിക്കുന്നതിനിടെ ഒരു ഫലസ്തീനിയുടെ കാലിൽ വെടിയേറ്റു. ഡസൻ കണക്കിന് കുടിയേറ്റക്കാരാണ് ആയുധങ്ങളുമായി ആക്രമിച്ചത്.
വെസ്റ്റ് ബാങ്കിലെ കുടിയേറ്റക്കാരുടെ അക്രമം അടുത്തിടെ വർധിച്ചുവരികയാണ്. പ്രത്യേകിച്ച് ഒലിവ് വിളവെടുപ്പ് സമയത്താണിതെന്നും കർഷകർ, അന്താരാഷ്ട്ര സന്നദ്ധപ്രവർത്തകർ, പത്രപ്രവർത്തകർ, അടിയന്തര സംഘങ്ങൾ എന്നിവർക്കെതിരെ ഇസ്രായേലി അധിനിവേശ സൈന്യത്തിന്റെ പിന്തുണയോടെ ആക്രമണങ്ങൾ വ്യാപകമാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
പ്രദേശത്തിനുമേലുള്ള ഇസ്രായേലികളുടെ നിയന്ത്രണം ഏകോപിപ്പിക്കുക, കുടിയേറ്റ വ്യാപനം ത്വരിതപ്പെടുത്തുക, ഭൂമി കണ്ടുകെട്ടുക, ഫലസ്തീനികളെ ബലപ്രയോഗത്തിലൂടെ കുടിയിറക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ഒരു ‘വ്യവസ്ഥാപിത നയം’ എന്നാണ് യൂറോ-മെഡിറ്ററേനിയൻ ഹ്യൂമൻ റൈറ്റ്സ് മോണിറ്റർ ആക്രമണ പരമ്പരയെ വിശേഷിപ്പിച്ചത്.
39 ദിവസത്തിനിടെ 324 കുടിയേറ്റ ആക്രമണങ്ങൾ സംഘടന രേഖപ്പെടുത്തിയിട്ടുണ്ട്. അവയിൽ ശാരീരിക ആക്രമണങ്ങൾ, ഒലിവ് വിളകൾ മോഷ്ടിക്കൽ, മരങ്ങൾ നശിപ്പിക്കൽ, കൃഷിഭൂമിയിലേക്ക് പ്രവേശനം നിഷേധിക്കൽ എന്നിവ ഉൾപ്പെടുന്നു. നിലവിലെ ഒലിവ് വിളവെടുപ്പ് സീസണിൽ മാത്രം163 ആക്രമണങ്ങളിൽ 143 ലധികം ഫലസ്തീനികൾക്ക് പരിക്കേൽക്കുകയും 77 ഗ്രാമങ്ങളിലായി 4,200 ലധികം മരങ്ങൾ നശിപ്പിക്കുകയും ചെയ്തു.
അനധികൃത കുടിയേറ്റ സംഘങ്ങൾ ഇസ്രായേൽ സൈന്യവുമായി ഏകോപിച്ചാണ് ആക്രമണങ്ങൾ നടത്തുന്നത്. ഇവർ അനധികൃത വാസസ്ഥലങ്ങളിൽ നിന്നും ഔട്ട്‌പോസ്റ്റുകളിൽ നിന്നും പ്രവർത്തിക്കുന്നു. വീടുകൾ, വാഹനങ്ങൾ, സാധാരണക്കാർ എന്നിവരെ ലക്ഷ്യം വച്ചുകൊണ്ട് സംഘടിത സായുധ അക്രമം ആണ് നടത്തുന്നത്. താമസക്കാരെ ഭയപ്പെടുത്തുന്നതിനും ഫലസ്തീൻ ഭൂമിയിൽ പുതിയ സെറ്റിൽമെന്റ് ഔട്ട്‌പോസ്റ്റുകൾ സ്ഥാപിക്കുന്നതിനും വേണ്ടിയാണിതെന്നും മോണിറ്റർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

