ഗസ്സയിലേക്ക് സഹായവുമായി എത്തിയ കപ്പലുകളെ തടഞ്ഞ് ഇസ്രായേൽ നാവികസേന; ഗ്രെറ്റ തുൻബെർഗ് അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തു
text_fieldsതെൽഅവീവ്: ഗസ്സയിലേക്ക് അവശ്യവസ്തുക്കളുമായി പോയ ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയുടെ (ജി.എസ്.എഫ്) കപ്പലുകളെ ഇസ്രായേലി നാവിക സേന തടഞ്ഞു. സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗ് അടക്കമുള്ളവരെ സൈന്യം കസ്റ്റഡിയിലെടുത്തു. ഗസ്സയിൽനിന്ന് 70 നോട്ടിക്കൽ മൈൽ ദൂരത്ത് നിന്നാണ് കപ്പൽ തടഞ്ഞത്.
ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയുടെ ഭാഗമായ നിരവധി കപ്പലുകൾ സുരക്ഷിതമായി തടഞ്ഞു നിർത്തി എന്നും കപ്പലിലുണ്ടായിരുന്നവരെ ഇസ്രായേൽ തുറമുഖത്തേക്ക് തിരിച്ചുവിട്ടതായും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സംഘർഷ മേഖലയിലേക്ക് പ്രവേശിക്കരുതെന്നും ഗതി മാറി സഞ്ചരിക്കാൻ ആവശ്യപ്പെട്ടതായും ഇസ്രായേൽ നാവിക സേന അറിയിപ്പ് നൽകിയിരുന്നെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഇസ്രായേൽ നാവിക സേന കപ്പലുകളിൽ പ്രവേശിച്ച് തത്സമയ ആശയവിനിമയം വിഛേദിച്ചതായി ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല സ്ഥിരീകരിച്ചു. അല്‍മ, സിറിയസ്, അഡാര എന്നീ കപ്പലുകളെയാണ് ഇസ്രായേൽ സേന തടഞ്ഞതെന്ന് സുമുദ് ഫ്ളോട്ടില്ല പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായേല്‍ സേന കപ്പലില്‍ കയറുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും സുമുദ് ഫ്ളോട്ടില്ല എക്സില്‍ പങ്കുവെച്ചിട്ടുണ്ട്.
ഈ നടപടി നിയമവിരുദ്ധവും മനുഷ്യത്വ രഹിതവുമായ പ്രവൃത്തിയാണെന്ന് ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ല അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ യൂറോപ്പിൽ ശക്തമായ പ്രതിഷേധം നടക്കുന്നു. ഗ്രീസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളുണ്ടായി.
ഗസ്സയിലെ ഇസ്രായേലിന്‍റെ നിയമവിരുദ്ധമായ ഉപരോധം അവസാനിപ്പിക്കുക, മാനുഷിക സഹായം എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ല സ്‌പെയ്‌നിലെ ബാഴ്‌സലോണയില്‍ നിന്നും യാത്ര ആരംഭിച്ചത്. 44 രാജ്യങ്ങളില്‍ നിന്നുള്ള അമ്പതിലധികം ചെറുകപ്പലുകളുടെ കൂട്ടമാണ് ഫ്‌ളോട്ടില്ല.
പാർലമെന്റംഗങ്ങൾ, അഭിഭാഷകർ, ആക്ടിവിസ്റ്റുകൾ, സെലിബ്രിറ്റികൾ എന്നിവരുൾപ്പെടെ ഏകദേശം 300ലധികം പേർ കപ്പലിൽ ഉണ്ട്. വ്യാഴാഴ്ച രാവിലെ സഹായവുമായി ഗസ്സയിൽ ഫ്‌ളോട്ടില്ല എത്തും എന്നായിരുന്നു പ്രതീക്ഷ. ഇന്നലെ ഗസ്സ തീരത്തോട് അടക്കുന്നതിന്‍റെ ദൃശ്യങ്ങൾ ഫ്‌ളോട്ടില്ല പുറത്തുവിട്ടിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

