വെസ്റ്റ് ബാങ്കിലേക്ക് മാർച്ച് നടത്തി ഇസ്രായേൽ മന്ത്രിമാർ
text_fieldsവെസ്റ്റ് ബാങ്ക്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ കുടിയേറ്റ കേന്ദ്രങ്ങളിലേക്ക് മാർച്ച് നടത്തി ഇസ്രായേൽ മന്ത്രിസഭാംഗങ്ങൾ ഉൾപ്പെടെ ആയിരങ്ങൾ. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നബ്‍ലുസിലെ ഉപേക്ഷിക്കപ്പെട്ട അനധികൃത ഔട്ട്പോസ്റ്റ് നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ടും കുടിയേറ്റക്കാർക്കെതിരായ അക്രമം വർധിക്കുന്നതിൽ പ്രതിഷേധിച്ചുമായിരുന്നു മാർച്ച്.
തീവ്ര വലതുപക്ഷ കക്ഷി നേതാവും ദേശീയ സുരക്ഷ മന്ത്രിയുമായ ബെൻ ഗാവിർ, ധനമന്ത്രി ബെസലെൽ സ്മോട്രിച്ച്, മതകാര്യ മന്ത്രി മിഖായേൽ മാൽചിയാലി തുടങ്ങി 20ലേറെ മന്ത്രിമാർ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്. സയണിസ്റ്റ് സമൂഹത്തിലെ പുരോഹിതന്മാരും സംഘടന നേതാക്കളും സംബന്ധിച്ചു. വൻ സുരക്ഷ സന്നാഹത്തിന്റെ അകമ്പടിയിൽ നടത്തിയ റാലിയിൽ പതിനായിരത്തിലേറെപേർ പങ്കെടുത്തു.
തീവ്രവാദത്തിനുമുന്നിൽ കീഴടങ്ങില്ലെന്നും ജൂതസമൂഹം കരുത്തരാണെന്ന് പറയാനാണ് തങ്ങൾ ഇവിടെയെത്തിയതെന്നും മന്ത്രി ബെൻ ഗാവിർ പഞ്ഞു. വെസ്റ്റ് ബാങ്കിൽ കുടിയേറ്റം വ്യാപിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രകടനത്തിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴങ്ങി. ഇസ്രായേലിൽ ബെൻ ഗാവിർ നയിക്കുന്ന തീവ്ര വലതുപക്ഷ പാർട്ടിയുടെ പിൻബലത്തോടെ അധികാരത്തിലെത്തിയ നെതന്യാഹു ഭരണകൂടം കുടിയേറ്റം വ്യാപിപ്പിക്കുമെന്ന പ്രഖ്യാപിത നിലപാടിലാണ്.
അമേരിക്ക ഉൾപ്പെടെ അന്താരാഷ്ട്ര സമൂഹത്തിന്റെ എതിരഭിപ്രായത്തെ അവർ വിലമതിക്കുന്നില്ല. കഴിഞ്ഞ ദിവസം മസ്ജിദുൽ അഖ്സയിൽ ഇസ്രായേൽ പൊലീസ് അതിക്രമിച്ചുകയറിയതും സംഘർഷം വർധിപ്പിച്ചു. 2000ത്തിന് ശേഷമുള്ള ഏറ്റവും വലിയ സംഘർഷ സാഹചര്യത്തിലൂടെയാണ് മേഖല കടന്നുപോകുന്നത്.
ഫലസ്തീനി ബാലനെ ഇസ്രായേൽ വധിച്ചു
വെസ്റ്റ് ബാങ്ക്: ഫലസ്തീനി കൗമാരക്കാരനെ ഇസ്രായേൽ സൈന്യം വെടിവെച്ച് കൊലപ്പെടുത്തി. മുഹമ്മദ് ഫായിസ് ബൽഹാനാണ് (15) മരിച്ചത്. അഖാബീത് ജാബിർ അഭയാർഥി ക്യാമ്പിൽ നടത്തിയ റെയ്ഡിനിടെ തലയിലും നെഞ്ചിലും അടിവയറ്റിലുമാണ് വെടിയേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

