Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗസ്സ വംശഹത്യ തുറന്നുകാട്ടി: വെനീസ് ഫെസ്റ്റിൽ പുരസ്കാരം നേടിയ ഡോക്യുമെന്ററി സംവിധായകരുടെ പൗരത്വം റദ്ദാക്കുമെന്ന് ഇസ്രായേൽ മന്ത്രി

text_fields
bookmark_border
gaza genocide
cancel
camera_alt

‘നാസ’ സംവിധായകർ

തെൽ അവീവ്: ഫലസ്തീനികളെ ലക്ഷ്യമിടാൻ ഇസ്രായേൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്ന് തുറന്നുകാട്ടിയ ‘നാസ’ ഡോക്യുമെന്ററി വെനീസ് ചലച്ചിത്രമേളയിൽ സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയതിന് പിന്നാലെ, ചിത്രത്തിന്റെ സംവിധായകരായ യുവാൽ അബ്രഹാം, റേച്ചൽ സോർ എന്നിവർക്കെതിരെ കടുത്ത നടപടിയുമായി ഇസ്രായേൽ സാംസ്കാരിക മന്ത്രി മിരി സോഹർ രംഗത്തെത്തി. ലോകമെമ്പാടുമുള്ള യഹൂദവിരുദ്ധരുടെ കൈയടി ലഭിക്കുന്നതിനായി സ്വന്തം രാജ്യത്തെ തകർക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച സാംസ്കാരിക മന്ത്രി, സംവിധായകരുടെ ഈ നടപടി രാജ്യദ്രോഹമാണെന്നും ഇവരുടെ ഇസ്രായേലി പൗരത്വം ഉടൻ റദ്ദാക്കുമെന്നും എക്സിൽ കുറിച്ചു.

ഗസ്സയിലെ ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ സൈന്യം എ.ഐ സംവിധാനങ്ങൾ ഉപയോഗിച്ച് മുൻകൂട്ടി തയാറാക്കിയ കൂട്ടക്കൊലകൾ നടത്തുന്നുവെന്ന് വെളിപ്പെടുത്തുന്നതാണ് ഈ 80 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി. വെനീസ് ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ഈ ചിത്രത്തിന് കാണികളിൽ നിന്ന് 25 മിനിറ്റോളം കൈയടിയാണ് ലഭിച്ച് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗസ്സയിലെ ജനങ്ങളുടെ ആശയവിനിമയങ്ങൾ നിരീക്ഷിക്കാനും ലക്ഷ്യങ്ങൾ നിർണ്ണയിക്കാനും 'ലാവെൻഡർ' എന്ന എ.ഐ സിസ്റ്റം സൈന്യം ഉപയോഗിച്ചിരുന്നതായി ചിത്രത്തിൽ വെളിപ്പെടുത്തുന്നുണ്ട്.

തെൽ അവീവിലെ ടെറസുകളിൽ രാത്രിയുടെ മറവിൽ അതീവ രഹസ്യമായാണ് ചിത്രം ചിത്രീകരിച്ചത്. ഇസ്രായേലിന്റെ 24 സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ചിത്രത്തിലുണ്ട്. ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണത്തെ സൂചിപ്പിക്കാൻ ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം ഉപയോഗിക്കുന്ന 'നാസ' എന്ന ചുരുക്കപ്പേരാണ് ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഏകദേശം മൂന്ന് വർഷത്തെ കഠിനമായ അന്വേഷണത്തിനൊടുവിലാണ് ഈ ചിത്രം തയാറാക്കിയിരിക്കുന്നത്. സാധാരണക്കാരായ ജനങ്ങൾ ഉൾപ്പെടെയുള്ള വീടുകൾ തകർക്കുന്നത് ബോധപൂർവ്വമായ നടപടിയാണെന്ന് ചിത്രത്തിലെ അഭിമുഖങ്ങൾ വ്യക്തമാക്കുന്നുണ്ട്.

എന്നാൽ ചിത്രത്തിലെ വിവരങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് ഇസ്രായേൽ പ്രതിരോധ സേന ശക്തമായി പ്രതികരിച്ചു. ഗസ്സയിലെ ഒരു ആക്രമണത്തിൽ 500 സിവിലിയൻമാർ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന് മുൻകൂട്ടി കണ്ട് സൈന്യം ഒരിക്കലും പദ്ധതിയോ അനുമതിയോ നൽകിയിട്ടില്ലെന്നും, ചിത്രത്തിലെ ഇത്തരം അവകാശവാദങ്ങൾ പൂർണമായും വ്യാജമാണെന്നും ഐ.ഡി.എഫ് അവകാശപ്പെട്ടു.

വെസ്റ്റ് ബാങ്കിലെ കുടിയേറ്റ അതിക്രമങ്ങളെക്കുറിച്ചുള്ള 'നോ അതർ ലാൻഡ്' എന്ന ചിത്രത്തിലൂടെ 2025ൽ ഓസ്കർ പുരസ്കാരം നേടിയവരാണ് ഈ സംവിധായകർ. പുതിയ ഡോക്യുമെന്ററിയുടെ പേരിൽ ഇസ്രായേലിലെ മറ്റു മന്ത്രിമാരും ഇവർക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. നിങ്ങൾ ഇസ്രായേലി ജനതക്ക് തന്നെ വലിയ അപമാനമാണെന്നും ഇവിടെനിന്നും ഉടൻ പുറത്തുപോകണമെന്നും തീവ്രവലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഇസ്രായേൽ നിയമപ്രകാരം രാജ്യദ്രോഹ കുറ്റം ചുമത്തുന്നവരുടെ പൗരത്വം റദ്ദാക്കാൻ വ്യവസ്ഥയുണ്ടെങ്കിലും, ഇത് വളരെ അപൂർവ്വമായി മാത്രമാണ് ഉപയോഗിക്കാറുള്ളത്.

അതേസമയം പാശ്ചാത്യ രാജ്യങ്ങൾ ഇസ്രായേലിനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താൻ ഈ ഡോക്യുമെന്ററി കാരണമാകുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി സംവിധായകൻ യുവാൽ അബ്രഹാം വ്യക്തമാക്കി. എന്നാൽ ഇസ്രായേൽ സർക്കാരും സാംസ്കാരിക മന്ത്രാലയവും ഈ ചിത്രത്തെ ശക്തമായി എതിർക്കുകയും രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കാനുള്ള ഗൂഢശ്രമമായാണ് ഇതിനെ കാണുകയും ചെയ്യുന്നത്. അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായ ഈ ഡോക്യുമെന്ററി വിവാദങ്ങൾക്കിടയിലും സിനിമാ ലോകത്ത് വലിയ ശ്രദ്ധ നേടി മുന്നേറുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Israeli minister threatens to revoke filmmakers’ citizenship over Gaza film
Next Story