ഗസ്സയിലെ തീരദേശ കഫേയിൽ ഇസ്രായേൽ പ്രയോഗിച്ചത് 230 കിലോ ഭാരമുള്ള യു.എസ് നിർമിത മാരക ബോംബ്; തെളിവുകൾ പുറത്തുവിട്ട് ഗാർഡിയൻ
text_fieldsഗസ്സ സിറ്റി: ഗസ്സയിലെ സാധാരണക്കാർ തടിച്ചുകൂടിയ ഒരു ബീച്ച് കഫേക്കുനേരെ ഇസ്രായേൽ സൈന്യം പ്രയോഗിച്ചത് 230 കിലോ ഗ്രാം ഭാരമുള്ള മാരക നശീകരണ ശേഷിയുള്ള യു.എസ് നിർമിത ബോംബ്. ഇത് വൻ സ്ഫോടന തരംഗം സൃഷ്ടിക്കുകയും പ്രദേശത്ത് അവശിഷ്ടങ്ങൾ ധൂളികൾ കണക്കെ പരക്കുകയും ചെയ്തതായി ‘ഗാർഡിയൻ’ പുറത്തുവിട്ടു. അതിമാരകവും വിവേചനരഹിതവുമായ ആയുധം പ്രയോഗിച്ചതിന്റെ തെളിവുകൾ തങ്ങൾ കണ്ടെത്തിയെന്ന് വാർത്ത പുറത്തുവിട്ടുകൊണ്ട് ഗാർഡിയൻ വെളിപ്പെടുത്തി.
താൽക്കാലിക വെടിനിർത്തൽ വരുന്നതിന്റെ രണ്ടുദിവസം മുമ്പ് നടത്തിയ ആക്രമണത്തിൽ 24നും 36നും ഇടയിൽ ഫലസ്തീനികൾ കൊല്ലപ്പെട്ടതായും ഡസൻ കണക്കിന് പേർക്ക് പരിക്കേറ്റതായും മെഡിക്കൽ ഉദ്യോഗസ്ഥർ പറഞ്ഞു. മരിച്ചവരിൽ പ്രമുഖ ചലച്ചിത്ര നിർമാതാവും ഒരു കലാകാരനും 35 വയസ്സുള്ള ഒരു വീട്ടമ്മയും നാലു വയസ്സുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നു.
കുട്ടികളും സ്ത്രീകളും പ്രായമായവരും ഉൾപ്പെടെ നിരവധി സുരക്ഷിതമല്ലാത്ത സിവിലിയന്മാരുടെ സാന്നിധ്യം അറിയാമായിരുന്നിട്ടും കരുതിക്കൂട്ടി അത്തരമൊരു ആയുധം പ്രയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും അത് ഒരു യുദ്ധക്കുറ്റമായി കണക്കാക്കാമെന്നും അന്താരാഷ്ട്ര നിയമ വിദഗ്ധർ പറഞ്ഞു.
അൽ ബഖ കഫേയുടെ അവശിഷ്ടങ്ങളിൽനിന്ന് കണ്ടെടുത്ത ആയുധത്തിന്റെ ഭാഗങ്ങൾ ഗാർഡിയൻ ഫോട്ടോയിൽ പകർത്തിയിരുന്നു. ഇത് പരിശോധിച്ച വിദഗ്ധർ 230 കിലോഗ്രാം ഭാരമുള്ള ഒരു എ.കെ-82 ജനറൽ പർപ്പസ് ബോംബിന്റേതാണെന്ന് തിരിച്ചറിഞ്ഞു. സമീപ ദശകങ്ങളിൽ യു.എസ് നിർമിച്ച വീര്യം കൂടിയ ബോംബുകളിലൊന്നാണിത്. സ്ഫോടനം അവശേഷിപ്പിച്ച വലിയ ഗർത്തം, എ.കെ-82 പോലുള്ള വലുതും ശക്തവുമായ ഒരു ബോംബ് ഉപയോഗിച്ചതിന്റെ കൂടുതൽ തെളിവാണെന്ന് വിദഗ്ധർ പറഞ്ഞു.
കഫേയിലെ ആക്രമണം അവലോകനം ചെയ്യുന്നുവെന്നും ആക്രമണത്തിനുമുമ്പ് വ്യോമ നിരീക്ഷണത്തിലൂടെ സാധാരണക്കാർക്ക് ദോഷം വരുത്താനുള്ള സാധ്യത ലഘൂകരിക്കുന്നതിന് നടപടികൾ സ്വീകരിച്ചിരുന്നു’ എന്നുമാണ് ഇസ്രായേൽ പ്രതിരോധ സേനയുടെ വക്താവിന്റെ അവകാശവാദം.
എന്നാൽ, ജനീവ കൺവെൻഷനുകളെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര നിയമപ്രകാരം ഒരു സൈന്യത്തിന് ആകസ്മികമായി സിവിലിയൻ ജീവൻ നഷ്ടപ്പെടാൻ കാരണമാകുന്ന ആക്രമണങ്ങൾ നടത്താൻ അനുവാദമില്ല.
ആരെയാണ് ലക്ഷ്യമിടുന്നതെന്ന് ഇസ്രായേൽ സൈന്യം കൃത്യമായി പറഞ്ഞിട്ടില്ല. പക്ഷേ, സിവിലിയൻ നാശനഷ്ടങ്ങൾ കുറക്കുന്നതിന് വ്യോമ നിരീക്ഷണം നടത്തിയെന്ന് അവർ പറയുന്നു. ആ സമയത്ത് കഫേ ഉപഭോക്താക്കളാൽ നിറഞ്ഞിരുന്നുവെന്ന് അവർക്ക് അറിയാമായിരുന്നു -ഹ്യൂമൻ റൈറ്റ്സ് വാച്ചിലെ ഗെറി സിംപ്സൺ പറഞ്ഞു.
ഒരു വലിയ ഗൈഡഡ് എയർ ഡ്രോപ്പ് ബോംബ് ഉപയോഗിച്ചാൽ അത് അവിടെയുള്ള നിരവധി സിവിലിയന്മാരെ കൊല്ലുകയും അംഗഭംഗം വരുത്തുകയും ചെയ്യുമെന്ന് സൈന്യത്തിന് വ്യക്തമായി അറിയാമായിരുന്നു. തിരക്കേറിയ ഒരു കഫേയിൽ ഇത്രയും വലിയ ആയുധം ഉപയോഗിക്കുന്നത് നിയമവിരുദ്ധമായതും വിവേചനരഹിതവുമായ ആക്രമണമാണെന്നും ഇത് ഒരു യുദ്ധക്കുറ്റമായി അന്വേഷിക്കാൻ സാധ്യതയുണ്ടെന്നും സിംപ്സൺ പറഞ്ഞു.
ആക്രമണം ഞെട്ടിക്കുന്നതായിരുന്നുവെന്നും സിവിലിയൻ മേഖലയിൽ കനത്ത വെടിമരുന്ന് ഉപയോഗിക്കുന്നത് ജനീവ കൺവെൻഷനുകൾക്ക് അനുസൃതമല്ലാത്ത ഒരു വിവേചനരഹിതമായ ഫലം സൃഷ്ടിക്കുമെന്നും ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റിയിലെ മനുഷ്യാവകാശ നിയമത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ആൻഡ്രൂ ഫോർഡ് പറഞ്ഞു.
ഒരു ഫലസ്തീനി കുടുംബം നടത്തുന്ന അൽ ബഖ കഫേ 40 വർഷങ്ങൾക്ക് മുമ്പ് സ്ഥാപിതമായതാണ്. ഗസ്സ നഗരത്തിലെ യുവാക്കൾക്കും കുടുംബങ്ങൾക്കുമുള്ള വിനോദ കേന്ദ്രമായി ഇത് അറിയപ്പെടുന്നു. ക്ഷാമത്തിനിടയിലും അരക്ഷിതരാക്കപ്പെട്ടവർക്കായി ചെറിയൊരു ശേഖരം സോഫ്റ്റ് ഡ്രിങ്കുകൾ, ചായ, ബിസ്‌ക്കറ്റുകൾ എന്നിവ ഇവിടെ വിളമ്പിയിരുന്നു.
ഗസ്സയിലെ 23 ലക്ഷത്തോളം ജനസംഖ്യയിൽ ബഹുഭൂരിപക്ഷവും പോഷകാഹാരക്കുറവും കടുത്ത ക്ഷാമ ഭീഷണിയും മൂലം ബുദ്ധിമുട്ടുന്നതിനിടയിലും, അവശേഷിക്കുന്ന ചുരുക്കം ചില കഫേകളെ സംരക്ഷിക്കാൻ കഴിയുന്ന പരിമിതമായ സമ്പാദ്യമുള്ള അപൂർവം കുടുംബങ്ങളുണ്ട്. ആസന്നമായ സൈനിക നടപടികളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനായി ഐ.ഡി.എഫ് പുറപ്പെടുവിച്ച ഒഴിപ്പിക്കൽ ഉത്തരവുകളിലൊന്നിലും അൽ ബഖ കഫേ സ്ഥിതി ചെയ്തിരുന്ന തുറമുഖ പ്രദേശം ഉൾപ്പെടുത്തിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

