ഗസ്സയിൽ 15 ആരോഗ്യ പ്രവർത്തകരെ വെടിവെച്ചുകൊന്നത് തെറ്റിദ്ധാരണ മൂലമെന്ന് ഇസ്രായേൽ സേന; 'വെടിയുതിർത്തത് ഹമാസിന്റെ വാഹനമാണെന്ന് കരുതി'
text_fieldsജറുസലേം: കഴിഞ്ഞ മാസം ഗസ്സയിൽ 15 ആരോഗ്യ പ്രവർത്തകരെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടിയ സംഭവത്തെ ന്യായീകരിച്ച് ഇസ്രായേൽ സേനയുടെ അന്വേഷണ റിപ്പോർട്ട്. തെറ്റിദ്ധാരണമൂലം ജോലിക്കിടെയുണ്ടായ അബദ്ധമാണ് സംഭവത്തിന് ഇടയാക്കിയതെന്നും ഉത്തരവാദിയായ ഡെപ്യൂട്ടി കമാൻഡറെ പുറത്താക്കുമെന്നും സൈന്യം അറിയിച്ചു. രാത്രി വെളിച്ചക്കുറവുണ്ടായിരുന്നതിനാൽ ഹമാസ് പോരാളികളുടെ വാഹനമാണെന്ന് തെറ്റിദ്ധരിച്ചാണ് ഡെപ്യൂട്ടി ബറ്റാലിയൻ കമാൻഡർ വെടിയുതിർത്തത്. സംഭവം മറച്ചുവെക്കാൻ ശ്രമിച്ചിട്ടില്ലെന്നും ബോധപൂർവം കൊലപ്പെടുത്താൻ ശ്രമം നടന്നതിന് തെളിവില്ലെന്നും സൈന്യം തയാറാക്കിയ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കി.
മാർച്ച് 23നാണ് തെക്കൻ ഗസ്സയിലെ റഫയിൽ താലൽ സുൽത്താനിൽ പുലർച്ചെ നടന്ന വെടിവെപ്പിൽ എട്ട് റെഡ് ക്രസന്റ് ഉദ്യോഗസ്ഥരും ആറ് സിവിൽ ഡിഫൻസ് ജീവനക്കാരും ഒരു യു.എൻ ജീവനക്കാരനും ആംബുലൻസിൽ സഞ്ചരിക്കവേ കൊല്ലപ്പെട്ടത്. തുടർന്ന് മൃതദേഹങ്ങൾ ആംബുലൻസിനൊപ്പം സൈന്യം ബുൾഡോസർ ഉപയോഗിച്ച് കൂട്ടക്കുഴിമാടത്തിൽ അടക്കുകയായിരുന്നു. തൊട്ടടുത്തുനിന്നാണ് സേന ആരോഗ്യ പ്രവർത്തകർക്കു നേരെ വെടിയുതിർത്തതെന്ന് ഫലസ്തീൻ റെഡ് ക്രെസന്റ് സൊസൈറ്റി തലവൻ അന്ന് ആരോപിച്ചിരുന്നു.
വാഹനത്തിൽ എമർജൻസി സിഗ്നലുകളൊന്നും ഇല്ലാതിരുന്നതിനാലാണ് വെടിവെച്ചതെന്നാണ് സൈന്യം നേരത്തേ ന്യായീകരിച്ചിരുന്നത്. എന്നാൽ, എമർജൻസി ഫ്ലാഷ് ലൈറ്റ് പ്രവർത്തിപ്പിച്ചിരുന്നെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ ആംബുലൻസിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകന്റെ മൊബൈൽ ഫോണിൽനിന്ന് പുറത്തുവന്നതോടെ ഇസ്രായേൽ വാദം പൊളിയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

