'ഒറ്റരാത്രി ഗസ്സയിൽ ഞങ്ങൾ 100 ഫലസ്തീനികളെ കൊന്നു, ലോകത്ത് ആരും അതൊന്നും കാര്യമാക്കില്ല'; വിവാദ പരാമർശവുമായി ഇസ്രായേൽ എം.പി
text_fieldsതെൽ അവീവ്: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കൊലയിൽ ലോകം പുലർത്തുന്ന നിസ്സംഗതയുടെ സാക്ഷ്യമായി ഇസ്രായേൽ എം.പിയുടെ വാക്കുകൾ. ഗസ്സയിൽ കൂട്ടക്കൊലകൾ സാധാരണ സംഭവമായി മാറിയെന്നും ലോകത്ത് ആരും അതൊന്നും ശ്രദ്ധിക്കുന്നില്ലെന്നും ഇസ്രായേൽ പാർലമെന്റ് അംഗമായ സിപ്പി സ്‌കോട്ട് ചനൽ ചർച്ചക്കിടെ പറഞ്ഞു. സ്കോട്ടിന്റെ വിവാദ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ഉയരുന്നത്.
''ഇന്നലെ രാത്രി മാത്രം ഗസ്സയിൽ 100 ഫലസ്തീനികളെ ഞങ്ങൾ കൊലപ്പെടുത്തി. പക്ഷേ ലോകത്ത് ആരും അത് ശ്രദ്ധിക്കുന്നില്ല. എല്ലാവരും യാഥാർഥ്യവുമായി പൊരുത്തപ്പെട്ടു. ഒറ്റ രാത്രികൊണ്ട് നൂറോളം ഗസ്സക്കാർ കൊല്ലപ്പെട്ടാലും ലോകം അത് ശ്രദ്ധിക്കില്ല''-സ്‌കോട്ട് പറഞ്ഞു.
കനത്ത ആക്രമണമാണ് ഗസ്സയിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 150 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. അഞ്ച് ദിവസത്തിനിടെ 300ലേറെ പേരെ കൊലപ്പെടുത്തി. ഗസ്സയെ പൂർണമായും പിടിച്ചെടുക്കാനുള്ള സൈനിക നീക്കമാണ് ഇസ്രായേൽ നടത്തുന്നത്. വടക്കൻ ഗസ്സയിൽ നിന്ന് ഫലസ്തീനികളെ കൂട്ടത്തോടെ ഒഴിപ്പിക്കുകയാണ്. അവശ്യമരുന്നുകളും ഭക്ഷ്യവസ്തുക്കളും ഗസ്സയിലേക്ക് കടത്തിവിടാതെ കടുത്ത ഉപരോധമാണ് ഇസ്രായേൽ നടത്തുന്നത്.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയിൽ 53,272 ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് ഗസ്സ ആരോഗ്യമന്ത്രാലത്തിന്റെ റിപ്പോർട്ട്. 120,673 പേർക്ക് പരിക്കേറ്റു. അതേസമയം 61,700 പേർ കൊല്ലപ്പെട്ടതായാണ് സർക്കാർ മീഡിയ ഓഫിസ് നൽകുന്ന വിവരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.