കരയുദ്ധം തെക്കൻ ഗസ്സയിലേക്കും വ്യാപിപ്പിക്കാൻ ഇസ്രായേൽ; ഖാൻ യൂനിസ് ലക്ഷ്യമാക്കി സൈനികനീക്കം
text_fieldsഖാൻ യൂനിസിൽ ഇസ്രായേൽ സൈന്യം വ്യോമാക്രമണത്തിൽ തകർത്ത കെട്ടിടം
ഗസ്സ: വടക്കൻ ഗസ്സയെ മരുപ്പറമ്പാക്കി മാറ്റിയതിന് പിന്നാലെ ഇസ്രായേൽ കരയുദ്ധം തെക്കൻ ഗസ്സയിലേക്കും വ്യാപിപ്പിക്കുന്നു. നിരവധി ഇസ്രായേലി ടാങ്കുകൾ തെക്കൻ നഗരമായ ഖാൻ യൂനിസിനെ ലക്ഷ്യമാക്കി നീങ്ങുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. തെക്കൻ ഗസ്സയും ഇസ്രായേൽ കരയാക്രമണത്തിന് കീഴിലാകുന്നതോടെ ഇനി പോകാൻ ഇടമില്ലാത്ത സാഹചര്യമാകും ഗസ്സയിലെ ജനങ്ങൾക്ക്.
ഇസ്രായേൽ സൈന്യം ഖാൻ യൂനിസ് ലക്ഷ്യമാക്കി നീങ്ങുകയാണെന്നും ജനങ്ങൾക്ക് നേരെയും വാഹനങ്ങൾക്ക് നേരെയും വെടിയുതിർക്കുകയാണെന്നും ദൃക്സാക്ഷികൾ പറയുന്നു. കഴിഞ്ഞ ദിവസം തെക്കൻ ഗസ്സയിൽ രൂക്ഷമായ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കരയാക്രമണവും ആരംഭിക്കാനൊരുങ്ങുന്നത്. തെക്കൻ ഗസ്സയിലെ അഭയാർഥി ക്യാമ്പുകളിൽ ഉൾപ്പെടെ കനത്ത ആക്രമണമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ഇസ്രായേൽ നടത്തിയത്. 400ലേറെ കേന്ദ്രങ്ങളിൽ ഒറ്റരാത്രി ബോംബിട്ടു.
വീടുകൾക്കും മസ്ജിദുകൾക്കും നേരെ ആക്രമണമുണ്ടായി. ദൈർ അൽ ബലാഹ്, ഖാൻ യൂനിസ് എന്നിവിടങ്ങളിലെ ആക്രമണങ്ങളിൽ കുട്ടികൾ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു. ഇവിടെനിന്ന് ഒഴിഞ്ഞുപോകാൻ ജനങ്ങൾക്ക് സൈന്യം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
ഒരാഴ്ചത്തെ വെടിനിർത്തലിന് ശേഷം പൂർവാധികം ശക്തിയോടെ ആക്രമണം തുടരുന്ന അധിനിവേശ സൈന്യം 800ലേറെ പേരെയാണ് രണ്ടുദിവസത്തിനിടെ കൊലപ്പെടുത്തിയത്. ഗസ്സ വീണ്ടും ഭൂമിയിലെ നരകമായെന്ന് യു.എൻ മാനുഷിക സഹായ ഓഫിസ് വക്താവ് ജെൻസ് ലായെർക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

