കടൽക്കൊള്ളക്ക് സമാനമായ നീക്കം: ഗ്ലോബൽ സുമുദ് ഫ്ലോട്ടില കപ്പലുകൾ ഇസ്രായേൽ പിടിച്ചെടുത്തു
text_fieldsഗസ്സയിലേക്ക് മാനുഷിക സഹായവുമായി പോയ ഗ്ലോബൽ സുമുദ് ഫ്ലോട്ടിലയിലെ കപ്പലുകൾ ഇസ്രായേൽ സൈന്യം അന്താരാഷ്ട്ര സമുദ്രപരിധിയിൽ വെച്ച് തടഞ്ഞു. ഡ്രോണുകൾ, കമ്മ്യൂണിക്കേഷൻ ജാമറുകൾ, സായുധ സേന എന്നിവയെ ഉപയോഗിച്ചാണ് ഇസ്രായേൽ കടൽക്കൊള്ളക്ക് സമാനമായ നീക്കം നടത്തിയത്. ഗ്രീക്ക് ദ്വീപായ ക്രീറ്റിന് സമീപം വെച്ചാണ് സംഭവം നടന്നതെന്ന് സംഘാടകരും ഇസ്രായേൽ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.
ലേസർ ഘടിപ്പിച്ച യന്ത്രത്തോക്കുകളുമായി സൈനിക ബോട്ടുകൾ തങ്ങളെ വളഞ്ഞുവെന്ന് ഫ്ലോട്ടില സംഘാടകർ പ്രസ്താവനയിൽ അറിയിച്ചു. സന്നദ്ധ പ്രവർത്തകരോട് കപ്പലിന്റെ മുൻഭാഗത്ത് മുട്ടുകുത്തി നിൽക്കാൻ സൈന്യം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ട്, തങ്ങളുടെ 11 കപ്പലുകളുമായുള്ള ആശയവിനിമയം ഇസ്രായേൽ തടഞ്ഞതായും ഏഴോളം ബോട്ടുകൾ സൈന്യം പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്.
ഫ്ലോട്ടിലയിലെ 58 കപ്പലുകളിൽ ഏഴെണ്ണം തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഇസ്രായേൽ ആർമി റേഡിയോ സ്ഥിരീകരിച്ചു. "ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുന്ന ഒരു കൂട്ടം വിഭ്രാന്തിയിലുള്ളവരുടെ നീക്കം തടഞ്ഞു" എന്നാണ് ഇസ്രായേൽ യു.എൻ സ്ഥാനപതി ഡാനി ഡാനോൺ ഇതിനെ വിശേഷിപ്പിച്ചത്.
അതേസമയം ഇസ്രായേലിന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഗ്ലോബൽ സുമുദ് ഫ്ലോട്ടില വക്താവ് ഗുർ സബാർ പറഞ്ഞു. "ഇസ്രായേൽ തീരത്ത് നിന്നും നൂറുകണക്കിന് മൈലുകൾ അകലെയാണ് ഈ ആക്രമണം നടന്നത്. നിരായുധരായ സന്നദ്ധ പ്രവർത്തകരെ തോക്കിൻമുനയിൽ തടഞ്ഞുവെക്കുന്നത് തട്ടിക്കൊണ്ടുപോകലിന് തുല്യമാണ്," അദ്ദേഹം വ്യക്തമാക്കി. 400-ലധികം സന്നദ്ധ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ ലോകരാജ്യങ്ങൾ ഉടൻ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സൈനിക കപ്പലുകൾക്കൊപ്പം ഡ്രോണുകൾ ഉപയോഗിച്ച് വെളിച്ചം തെളിയിച്ച് പരിഭ്രാന്തി സൃഷ്ടിച്ചതായും റേഡിയോ ചാനലുകളിൽ സംഗീതം സംപ്രേക്ഷണം ചെയ്ത് ആശയവിനിമയം തടസ്സപ്പെടുത്തിയതായും കപ്പലിലുള്ള ആക്ടിവിസ്റ്റ് താരിഖ് റൗഫ് അറിയിച്ചു. ഗസ്സയിൽ നിന്നും ഏകദേശം 600 നോട്ടിക്കൽ മൈൽ (1,111 കിലോമീറ്റർ) അകലെ വെച്ചാണ് ഈ റെയ്ഡ് നടന്നത്. ഇത്രയും ദൂരത്തിൽ വെച്ച് ഇസ്രായേൽ ഒരു എയ്ഡ് ഫ്ലോട്ടില തടയുന്നത് ആദ്യമായാണ്.
ഇറ്റലിയിൽ നിന്ന് ഞായറാഴ്ചയാണ് അമ്പതിലധികം കപ്പലുകളിലായി സന്നദ്ധ പ്രവർത്തകർ യാത്ര തിരിച്ചത്. ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 72,599 പേർ കൊല്ലപ്പെടുകയും 1.7 ലക്ഷത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഗസ്സയിലേക്ക് അടിയന്തര സഹായം എത്തിക്കുകയായിരുന്നു ലക്ഷ്യം. കഴിഞ്ഞ ഒക്ടോബറിലും സമാനമായ രീതിയിൽ ഇസ്രായേൽ കപ്പലുകൾ തടയുകയും നെൽസൺ മണ്ടേലയുടെ ചെറുമകൻ, പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബെർഗ് എന്നിവരടക്കമുള്ള 450 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

