വെസ്റ്റ് ബാങ്കിൽ മൂന്ന് ഫലസ്തീൻകാർ കൊല്ലപ്പെട്ടു
text_fieldsജറൂസലം: അധിനിവേശ വെസ്റ്റ് ബാങ്കിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് ഫലസ്തീനികളെ ഇസ്രായേൽ സൈന്യം വെടിവെച്ചുകൊന്നു. വെള്ളിയാഴ്ച പുലർച്ചെ വെസ്റ്റ് ബാങ്കിെന്റ വാണിജ്യ തലസ്ഥാനമായ നബ്ലസ് നഗരത്തിലുണ്ടായ ഏറ്റുമുട്ടലിൽ ഹംസ മഖ്ബൂൽ, ഖൈരി ഷഹീൻ എന്നിവരാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞദിവസം പൊലീസ് വാഹനത്തിനുനേരെ വെടിവെപ്പ് നടത്തിയതിനു പിന്നിൽ ഇവരാണെന്ന് ഇസ്രായേലിലെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബേത് പറഞ്ഞു. ഉമ്മു സഫ ഗ്രാമത്തിൽ നടന്ന മറ്റൊരു വെടിവെപ്പിൽ അബ്ദുൾ ജവ്വാദ് സാലിഹ് എന്ന ചെറുപ്പക്കാരനെ കൊലപ്പെടുത്തി.
ഈ ആഴ്ച തുടക്കത്തിൽ ജെനിൻ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 12 ഫലസ്തീൻകാരും ഒരു ഇസ്രായേലി സൈനികനും കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ചത്തെ സൈനിക നടപടിയെ ഇസ്രായേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് അഭിനന്ദിച്ചു.

