ഇസ്രായേലിന്‍റെ കൊടുംക്രൂരത; ഗസ്സയിലെ വനിതാ ഡോക്ടറുടെ ഒമ്പത് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി
text_fieldsഗസ്സ സിറ്റി: ഗസ്സയിൽ ഫലസ്തീൻ വനിതാ ഡോക്ടറുടെ ഒമ്പത് കുഞ്ഞുങ്ങളെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തി. നാസർ മെഡിക്കൽ കോംപ്ലക്സിലെ അൽ തഹ്‌രീർ ആശുപത്രി പീഡിയാട്രിക് സ്പെഷ്യലിസ്റ്റ് ഡോ. അല അൽ നജ്ജാറിന്‍റെ മക്കളെയാണ് കൊലപ്പെടുത്തിയത്. ഡോക്ടറുടെ ഖാൻ യൂനിസിലെ വീട് ഇസ്രായേൽ ആക്രമിക്കുകയായിരുന്നു. ഈ സമയത്ത് ഡോക്ടർ ആശുപത്രിയിൽ ഡ്യൂട്ടിയിലായിരുന്നു. ഭർത്താവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ അവശേഷിക്കുന്ന ഒരു മകൻ അതിഗുരുതരാവസ്ഥയിലാണ്.
ഏഴ് മാസം മുതൽ 10 വയസ് വരെ പ്രായമുള്ള കുഞ്ഞുങ്ങളാണ് ഡോക്ടറുടെ വീടിനുള്ളിൽ കൊല്ലപ്പെട്ടതെന്ന് ഗസ്സ മീഡിയ ഓഫിസ് അറിയിച്ചു. സിദാർ, ലുഖ്മാൻ, സദിൻ, റെവൽ, റുസ്ലാൻ, ജുബ്രാൻ, ഈവ്, റകാൻ, യഹ്യ എന്നിങ്ങനെയാണ് കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ പേര്. 11 വയസുള്ള ആദം മാത്രമാണ് മരണത്തിൽ നിന്ന് രക്ഷപ്പെട്ടത്.
വംശഹത്യയുടെ പുതിയ മുഖമാണ് ഗസ്സയിൽ കാണുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ഫലസ്തീനിലെ പ്രത്യേക ദൂതൻ ഫ്രാൻസിസ്കാ അൽബനീസ് പറഞ്ഞു.
ഗസ്സയിൽ ഒന്നരവർഷത്തിലേറെ തുടരുന്ന ഇസ്രായേൽ സൈന്യത്തിന്‍റെ നരനായാട്ടിൽ 53,901 ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് കണക്ക്. 1.22 ലക്ഷത്തിലേറെ പേർക്ക് പരിക്കേറ്റു. 16,500ഓളം കുട്ടികളെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്. മൂന്ന് മാസമായി തുടരുന്ന ഇസ്രായേൽ ഉപരോധത്തിൽ അതീവ ഗുരുതരമായ മാനുഷിക ദുരന്തമാണ് ഗസ്സ നേരിടുന്നത്. 119 സഹായ ട്രക്കുകൾക്ക് ഇസ്രായേൽ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. എന്നാൽ, ഈ ട്രക്കുകൾക്ക് സംരക്ഷണം നൽകിയ ആറ് ഫലസ്തീൻ സുരക്ഷാ ജീവനക്കാരെ ഇസ്രായേൽ കൊലപ്പെടുത്തി. ദിവസം 600 ട്രക്കുകളിൽ സഹായം എത്തിക്കേണ്ട സാഹചര്യത്തിലാണ് ഇസ്രായേൽ 119 ട്രക്കുകൾക്ക് മാത്രം അനുമതി നൽകിയത്. കഴിഞ്ഞ ദിവസങ്ങളിലായി 29 കുഞ്ഞുങ്ങൾ പട്ടിണി കിടന്ന് മരിച്ചതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

