ചാവുനിലമായി ഗസ്സ; സിറ്റി വളഞ്ഞതായി ഇസ്രായേൽ സൈന്യം, കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 9000 കടന്നു
text_fieldsഗസ്സ സിറ്റി: ഗസ്സയിൽ കനത്ത വ്യോമാക്രമണം തുടർന്ന് ഇസ്രായേൽ സൈന്യം. വടക്കൻ മേഖലയിലെ ഗസ്സ സിറ്റി വളഞ്ഞതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9000 കടന്നു. അന്താരാഷ്ട്ര സമ്മർദം ശക്തമാകുന്നതിനിടയിലും വെടിനിർത്തലിന് തയാറല്ലെന്നാണ് ഇസ്രായേൽ നിലപാട്.
കടലിൽ നിന്നും ആകാശത്തുനിന്നുമുള്ള മിസൈൽ ആക്രമണത്തിന്‍റെ പിന്തുണയോടെയാണ് ഇസ്രായേൽ കരസേന ഗസ്സയിൽ നീങ്ങുന്നത്. 24 മണിക്കൂറിനുള്ളിൽ 130 ഹമാസ് പോരാളികളെ വധിച്ചെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്. ഹമാസിന്‍റെ റോക്കറ്റ് ലോഞ്ചിങ് സൈറ്റുകൾ, ആയുധ ശാലകൾ, തുരങ്കങ്ങൾ എന്നിവ തകർക്കാനുള്ള ഓപ്പറേഷനുമായി മുന്നോട്ടുപോകുമെന്ന് സൈനികവൃത്തങ്ങൾ പറഞ്ഞു.
അതേസമയം, ഗസ്സയിൽ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം 19 ആയി. ഒക്ടോബർ ഏഴിനുണ്ടായ ആക്രമണത്തിലുൾപ്പെടെ ആകെ 335 ഇസ്രായേൽ സൈനികരാണ് കൊല്ലപ്പെട്ടത്. ഗസ്സയെ കീഴ്പ്പെടുത്താൻ ഇസ്രായേലിന് സാധിക്കില്ലെന്നും അധിനിവേശ സൈനികരുടെ മടക്കം ശവപ്പെട്ടിയിലായിരിക്കുമെന്നും ഹമാസിന്‍റെ സായുധവിഭാഗമായ ഖസ്സം ബ്രിഗേഡ്സ് പറഞ്ഞു.
ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9,061 ആയി. ഇതിൽ 3,760 പേർ കുട്ടികളും 2326 പേർ സ്ത്രീകളുമാണ്. പരിക്കേറ്റവരുടെ എണ്ണം 32,000. ഇതിൽ 6360 കുട്ടികളും 4891 സ്ത്രീകളും ഉൾപ്പെടുന്നു.
ഇസ്രായേൽ ആക്രമണം ആരംഭിച്ചത് മുതൽ 10 മിനിട്ടിൽ ഒരു കുട്ടി വീതം കൊല്ലപ്പെടുന്നു. ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ ഗസ്സയിൽ 1020 കുട്ടികൾ ഉൾപ്പെടെ 2030 പേരെ കാണാതായി. 4000 പേർ ഇസ്രായേലിന്‍റെ തടങ്കലിലാണ്.
ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ 132 പേർ കൊല്ലപ്പെട്ടു. 2000 പേർക്ക് പരിക്കേറ്റു. 1900 പേരെ ഇസ്രായേൽ തടങ്കലിലാണ്. രണ്ടു തടവുകാർ ഇസ്രായേൽ കസ്റ്റഡിയിൽ കൊല്ലപ്പെട്ടു.
അതേസമയം, ലെബനാൻ അതിർത്തിയിലും സംഘർഷം ശക്തമാകുകയാണ്. വെള്ളിയാഴ്ച പുലർച്ചെ ഇരുഭാഗത്തു നിന്നും മിസൈലാക്രമണമുണ്ടായി. ലെബനൻ അതിർത്തിക്കടുത്തുള്ള ഇസ്രായേൽ പട്ടണമായ കിര്യത് ഷ്മോണയിൽ റോക്കറ്റ് ആക്രമണത്തിൽ രണ്ട് പേർക്ക് പരുക്കേറ്റതായി ഇസ്രായേലിന്‍റെ മെഡിക്കൽ സർവിസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

