ഇറാനെ വീണ്ടും ആക്രമിച്ചാൽ നെതന്യാഹു അധികാരം വിടില്ലെന്ന് പ്രതിപക്ഷ പാർട്ടി
text_fieldsബിന്യമിൻ നെതന്യാഹു
തെൽ അവീവ്: ഇറാനെതിരെ വീണ്ടും സൈനിക ആക്രമണമുണ്ടായാൽ അത് അധികാരത്തിൽ തുടരാനുള്ള തന്ത്രമായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഉപയോഗിച്ചേക്കുമെന്ന് ഡെമോക്രാറ്റ്സ് പാർട്ടി നേതാവ് യായർ ഗോലൻ. കഴിഞ്ഞയാഴ്ച നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ ഇസ്രായേലിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഗോലന്റെ മുന്നറിയിപ്പ്.
“ഇറാനുമായി മറ്റൊരു ഏറ്റുമുട്ടലിനുള്ള സാധ്യത വർധിച്ചുവരികയാണ്’ ഗോലൻ എക്സിൽ കുറിച്ചു. ഇത്തരത്തിൽ വീണ്ടും യുദ്ധ സാഹചര്യങ്ങളിലേക്ക് രാജ്യം നീങ്ങുന്നത് ഭരണാധികാരി എന്ന നിലയിൽ നെതന്യാഹുവിന്റെ കടുത്ത പരാജയമാണ് കാണിക്കുന്നതെന്നും ഗോലൻ ആരോപിച്ചു. നവംബർ മൂന്നിന് നടക്കാനിരിക്കുന്ന അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാനെതിരെ വീണ്ടും ആക്രമണം നടത്തിയേക്കുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് ഗോലന്റെ പ്രതികരണം.
ഇറാനുമായുള്ള യുദ്ധം കൈകാര്യം ചെയ്യാനുള്ള ധാർമിക യോഗ്യതയും പ്രാപ്തിയും നെതന്യാഹുവിനില്ലെന്ന് ഗോലൻ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ രാജ്യത്തിന്റെയും പൗരന്മാരുടെയും സുരക്ഷ മുൻനിർത്തി അടിയന്തരമായി ഒരു ബദൽ സർക്കാർ രൂപീകരിക്കണമെന്ന് ഗോലൻ ആവശ്യപ്പെട്ടു. നെതന്യാഹുവിന്റെ നേതൃത്വത്തിൽ രാജ്യം തുടരുന്നത് ഇസ്രായേലിന്റെ സുരക്ഷയെത്തന്നെ അപകടത്തിലാക്കുമെന്നും ഗോലൻ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ചൊവ്വാഴ്ച നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ മുന്നണിക്കോ പ്രതിപക്ഷ പാർട്ടികൾക്കോ സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 120 അംഗ പാർലമെന്റായ നെസറ്റിൽ നെതന്യാഹു പക്ഷത്തിന് 53 സീറ്റും ജൂത പ്രതിപക്ഷ പാർട്ടികൾക്ക് 48 സീറ്റും അറബ് പാർട്ടികൾക്ക് 19 സീറ്റുമാണ് ലഭിച്ചത്. സർക്കാർ രൂപവത്കരിക്കാൻ ആവശ്യമായ 61 സീറ്റുകൾ ഒരു വിഭാഗത്തിനും നേടാനായില്ല.
അതേസമയം, കോഴ വാങ്ങൽ, സാമ്പത്തിക തട്ടിപ്പ്, വഞ്ചന എന്നീ ആരോപണങ്ങളിൽപ്പെട്ട കടുത്ത അഴിമതിക്കേസുകളിൽ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ് നെതന്യാഹു. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ തടവുശിക്ഷ ലഭിക്കാം. ഇതുകൂടാതെ, 2023 ഒക്ടോബറിൽ ആരംഭിച്ച ഗസ്സയിലെ ഇസ്രായേൽ സൈനിക നടപടിക്കിടെ ഫലസ്തീനികൾക്കെതിരെ യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റങ്ങളും ചെയ്തെന്ന ആരോപണത്തിൽ 2024 മുതൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റും നെതന്യാഹുവിനെതിരെയുണ്ട്.

