'മെഡ്‌ലീന്‍ കപ്പലും സന്നദ്ധപ്രവർത്തകരെയും ഇസ്രായേൽ എത്രയും വേഗം വിട്ടയക്കണം'; സമ്മർദമേറുന്നു, ഇസ്രായേലിന്‍റേത് അന്താരാഷ്ട്ര നിയമലംഘനമെന്ന് വിലയിരുത്തൽ
text_fieldsഗസ്സയിലേക്ക് സഹായവസ്തുക്കളുമായുള്ള യാത്രക്കിടെ ഇസ്രായേൽ സൈന്യം കസ്റ്റഡിയിലെടുത്ത മെഡ്‌ലീന്‍ കപ്പലും സന്നദ്ധപ്രവർത്തകരെയും എത്രയും വേഗം വിട്ടയക്കുന്നതിനായി അന്താരാഷ്ട്ര സമ്മർദമേറുന്നു. സന്നദ്ധപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് ഇസ്രായേൽ തുറമുഖത്തേക്ക് കൊണ്ടുപോയ സംഭവത്തിൽ വ്യാപക പ്രതിഷേധമുയരുകയാണ്. ഗ്രെറ്റ തുംബർഗ് ഉൾപ്പെടെ 12 സന്നദ്ധപ്രവർത്തകരാണ് കപ്പലിലുള്ളത്. കപ്പൽ ഗസ്സയിലേക്ക് കടക്കാൻ അനുവദിക്കില്ലെന്നാണ് ഇസ്രായേൽ നിലപാട്.
മെഡ്‌ലീന്‍ കപ്പലിലെ യാത്രികരെ ഇസ്രായേൽ എത്രയും വേഗം വിട്ടയക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ദൂതൻ ഫ്രാൻസിസ്ക അൽബനീസ് ആവശ്യപ്പെട്ടു. എല്ലാ മെഡിറ്ററേനിയൻ തുറമുഖങ്ങളിൽ നിന്നും ഗസ്സയിലേക്ക് സഹായവുമായും ഐക്യദാർഢ്യം പ്രഖ്യാപിച്ചും ബോട്ടുകൾ പോകണം. അവർ എല്ലാം ഒരുമിച്ച് ഐക്യത്തോടെ പോകണം. അപ്പോൾ ആർക്കും തടയാനാകില്ല. ഉപരോധം ലംഘിക്കുകയെന്നത് നിയമപരമായ കടമയാണ്. നമുക്കുള്ള ധാർമിക ചുമതല കൂടിയാണ് -അവർ പറഞ്ഞു.
മെഡ്‌ലീന്‍ കപ്പലിന് നേരെയുള്ള ഇസ്രായേൽ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ആസ്ട്രേലിയൻ സെനറ്റർ ഡേവിഡ് ഷൂബ്രിജ് പറഞ്ഞു. 'ഗസ്സയിലേക്ക് ഭക്ഷണവും മരുന്നും കൊണ്ടുവരികയായിരുന്ന നിരായുധരായ സന്നദ്ധപ്രവർത്തകരുടെ ബോട്ട് ഇസ്രായേൽ സൈന്യം ആക്രമിച്ചത് അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണ്. ആ ആക്രമണം ശക്തമായി അപലപിക്കപ്പെടണം. ഇതിന് പ്രത്യാഘാതവുമുണ്ടാകണം. നെതന്യാഹു സർക്കാറിനും ഇസ്രായേൽ ആയുധവിപണിക്കും ഉടൻ ആസ്ട്രേലിയൻ സർക്കാർ ഉപരോധമേർപ്പെടുത്തണം' -അദ്ദേഹം ആവശ്യപ്പെട്ടു.
ഗസ്സക്ക് 160 കിലോമീറ്റർ അകലെ അന്താരാഷ്ട്ര സമുദ്രത്തിൽ വെച്ചാണ് ഇസ്രായേൽ സൈന്യം മെഡ്‌ലീന്‍ കപ്പലിൽ അതിക്രമിച്ചുകയറി കസ്റ്റഡിയിലെടുത്തത്. കപ്പൽ ഇസ്രായേൽ തുറമുഖമായ അഷ്ദോദിലേക്ക് വഴിതിരിച്ചുവിട്ടിരിക്കുകയാണ്. ഇക്കാര്യം ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുംബർഗിന്റെ നേതൃത്വത്തിൽ 12 സന്നദ്ധ പ്രവർത്തകരാണ് ഫ്രീ ഗസ്സ മൂവ്മെന്റിന്റെ ഗസ്സ ഫ്രീഡം ഫ്ലോട്ടില യാത്രയുടെ ഭാഗമായി മെഡ്‌ലീന്‍ കപ്പലിൽ ഗസ്സക്ക് സഹായവുമായി പുറപ്പെട്ടത്. മെഡിറ്ററേനിയൻ ദ്വീപിൽ ഇറ്റലിയുടെ ഭാഗമായ സിസിലിയിൽനിന്ന് ജൂൺ ഒന്നിനാണ് കപ്പൽ യാത്ര തിരിച്ചത്.
മെഡ്‌ലീന്‍ ഗസ്സ തീരത്ത് അടുക്കുന്നത് തടയുമെന്ന് ഇസ്രായേൽ മുന്നറിയിപ്പുണ്ടായിരുന്നു. കപ്പൽ പിടിച്ചെടുത്ത് വഴിതിരിച്ചുവിട്ട ഇസ്രായേൽ, 'സെലബ്രിറ്റികളുടെ സെൽഫി കപ്പൽ' എന്നാണ് യാത്രയെ പരിഹസിച്ചത്. കപ്പലിലെ യാത്രികരെ ഗസ്സയിലേക്ക് കടക്കാൻ അനുവദിക്കാതെ അവരവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കുമെന്നും ഇസ്രായേൽ പ്രസ്താവനയിൽ പറഞ്ഞു.
ഫ്രാൻസിൽനിന്നുള്ള യൂറോപ്യൻ യൂനിയൻ പാർലമെന്റംഗം റിമ ഹസൻ, ചലച്ചിത്ര നടൻ ലിയൻ കണ്ണിങ്ഹാം, ജർമൻ മനുഷ്യാവകാശ പ്രവർത്തക യാസ്മിൻ അകാർ എന്നിവരും യാത്ര സംഘത്തിലുണ്ട്. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുള്ള ഇസ്രായേലിന്‍റെ ഉപരോധം മറികടന്ന് സഹായം വിതരണം ചെയ്യുന്നതിനൊപ്പം, ഇസ്രായേലിന്‍റെ മനുഷ്യത്വവിരുദ്ധമായ നടപടികൾ ലോകത്തിന് മുന്നിൽ തുറന്നുകാണിക്കുകയും യാത്രയുടെ ലക്ഷ്യമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.