ഗസ്സക്ക് മേൽ തീമഴ പെയ്യിച്ച് ഇസ്രായേൽ; മരണം 600 കടന്നു
text_fieldsഗസ്സ സിറ്റി: തുടർച്ചയായ മൂന്നാം രാത്രിയും ഗസ്സക്ക് മേൽ തീമഴ പെയ്യിച്ച് ഇസ്രായേൽ വ്യോമാക്രമണം. കൊല്ലപ്പെട്ടവരുടെ എണ്ണം 600 കടന്നു. പാർപ്പിട സമുച്ചയങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് കെട്ടിടങ്ങൾ തകർന്നു. 8000ലേറെ പേർക്കാണ് പരിക്കേറ്റത്. ഗസ്സക്ക് മേൽ സമ്പൂർണ ഉപരോധമേർപ്പെടുത്താനാണ് ഇസ്രായേൽ നീക്കം. കരയുദ്ധത്തിന്‍റെ സൂചന നൽകി ഗസ്സ അതിർത്തികളിൽ വൻതോതിലുള്ള സൈനിക വിന്യാസമാണ് ഇസ്രായേൽ നടത്തുന്നത്.
ഗസ്സയെ വിജനദ്വീപാക്കി മാറ്റുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗസ്സക്കുമേൽ, ഭക്ഷണമടക്കം വിലക്കുന്ന സമ്പൂർണ ഉപരോധം പ്രഖ്യാപിച്ചത്. ഭക്ഷണം, വെള്ളം, ഇന്ധനം, വൈദ്യുതി എന്നിവയെല്ലാം തടയുന്ന സമ്പൂർണ ഉപരോധമായിരിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി പ്രഖ്യാപിച്ചു.
ഗസ്സയിൽ 1,87,518 ഫലസ്തീനികൾ അഭയാർഥികളായെന്നാണ് യു.എൻ കണക്ക്. 1.30 ലക്ഷത്തോളം പേർ 83 സ്കൂളുകളിലായാണ് കഴിയുന്നത്. വീടുകൾ തകർന്ന മറ്റ് 41,000ഓളം പേർ പലയിടങ്ങളിലായി കഴിയുകയാണ്. ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാത്ത പശ്ചാത്തലത്തിൽ അഭയാർഥികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടാകും.
ശനിയാഴ്ച ദക്ഷിണ ഇസ്രായേൽ പട്ടണങ്ങളിൽ കടന്നുകയറി ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 900 കവിഞ്ഞു. 2300 പേർക്ക് പരിക്കുമുണ്ട്. ഗസ്സ അതിർത്തി പട്ടണമായ, നെഗേവ് മരുഭൂമിയിലെ കിബ്ബുസ് റീമിൽ സംഗീത നിശക്കെത്തിയവരാണ് കൊല്ലപ്പെട്ട 260 പേർ.
അതേസമയം, ലെബനാനിലെ ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലിൽ തങ്ങളുടെ സൈനിക കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചു. സംഘർഷം വ്യാപിക്കുമെന്ന സൂചന നൽകി ഇസ്രായേൽ ദക്ഷിണ ലബനാനിൽ വ്യോമാക്രമണം നടത്തി. നാല് ഹിസ്ബുല്ല പോരാളികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ഇടപെടരുതെന്ന് ഇറാന് യു.എസ് മുന്നറിയിപ്പ് നൽകി. ഹമാസിന് ഇറാന്‍റെ പിന്തുണയുണ്ടെന്ന ആരോപണമുയരുന്ന പശ്ചാത്തലത്തിലാണ് ഇത്. എന്നാൽ, ആരോപണം ഇറാൻ നിഷേധിച്ചിരുന്നു. യുദ്ധത്തിൽ ഇസ്രായേലിന് സമ്പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ച അമേരിക്ക യുദ്ധോപകരണങ്ങളും ആയുധങ്ങളും നൽകും. പടക്കപ്പലുകളും പോർവിമാനങ്ങളും ഇസ്രായേൽ തീരത്ത് വിന്യസിച്ചിട്ടുണ്ട്.
സൈനികരും സിവിലിയന്മാരുമായി നൂറിലേറെ പേരെ ഹമാസ് തടവുകാരാക്കിയിട്ടുണ്ട്. തങ്ങൾ ബന്ദികളാക്കിവെച്ച നാലു ഇസ്രായേൽ സൈനികർ അവരുടെ തന്നെ സൈന്യത്തിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി അൽ-ഖസ്സാം ബ്രിഗേഡ് അറിയിച്ചു. അഭയാർഥി ക്യാമ്പുകൾക്കും ജനങ്ങൾ അഭയം തേടിയ യു.എൻ സ്കൂളുകൾക്കും നേരെ ആക്രമണം വ്യാപിപ്പിച്ചതോടെ ഗസ്സയിൽ സുരക്ഷിതമായ ഒരിടവും ഇല്ലാത്ത സ്ഥിതിയാണ്. ഏറ്റവും തിരക്കേറിയ അഭയാർഥി ക്യാമ്പായ ജബാലിയയിലും ശാത്തി ക്യാമ്പിനും നേരെ ആക്രമണമുണ്ടായി. ജബാലിയയിൽ 50ലേറെ പേർ കൊല്ലപ്പെട്ടു.
ഗസ്സ സംഘർഷം ചർച്ചചെയ്യാൻ യൂറോപ്യൻ യൂനിയൻ ചൊവ്വാഴ്ച അടിയന്തര യോഗം ചേരും. ഗസ്സയിലെ ഇസ്രായേൽ ആക്രമണം ചർച്ചചെയ്യാൻ അറബ് ലീഗ് വിദേശമന്ത്രിമാർ ബുധനാഴ്ച കൈറോയിൽ യോഗം ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

