വെടിനിർത്തലിനിടയിലും ഗസ്സയിൽ ഇസ്രായേൽ ക്രൂരത തുടരുന്നു
text_fieldsഗസ്സ സിറ്റി: ഗസ്സയിൽ താൽക്കാലിക വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ഫലസ്തീൻ ജനതക്ക് നേരെ ഇസ്രായേൽ സൈന്യം നടത്തുന്ന ക്രൂരതകൾ തുടരുന്നു. കഴിഞ്ഞ കുറച്ച് മണിക്കൂറുകൾക്കുള്ളിൽ ഗസ്സ മുനമ്പിലുടനീളം ഇസ്രായേൽ നടത്തിയ വിവിധ ആക്രമണങ്ങളിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ആരോഗ്യ ഉദ്യോഗസ്ഥരും ഡോക്ടർമാരും സ്ഥിരീകരിച്ചു.
അൽ-മുഗ്‌റാഖ് ഗ്രാമത്തിന് സമീപം നടന്ന വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.ഗസ്സ സിറ്റിക്ക് സമീപം നടന്ന വെടിവെപ്പിലും ഷെല്ലാക്രമണത്തിലുമായി രണ്ട് പേർക്ക് ജീവൻ നഷ്ടമായി. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിൽ 40 വയസ്സുള്ള ഫലസ്തീൻ സ്വദേശിനിയെ ഇസ്രായേൽ സൈന്യം വെടിവച്ചു കൊന്നു.
വെള്ളിയാഴ്ച മുതൽ നിരവധി ഹമാസ് പോരാളികളെ വധിച്ചുവെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെടുന്നുണ്ടെങ്കിലും ഇതിന് ആധാരമായ തെളിവുകളൊന്നും പുറത്തുവിട്ടിട്ടില്ല.
ഗസ്സ സിറ്റിയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, അൽ കുവൈത്ത് റൗണ്ട്എബൗട്ടിന് സമീപവും നെറ്റ്സാരിം കോറിഡോറിലും ഇസ്രായേൽ ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം തുടരുകയാണ്. വടക്കൻ-തെക്കൻ ഗസ്സകളെ വേർതിരിക്കുന്ന ഈ മേഖലയിൽ ഡ്രോണുകൾ ഉപയോഗിച്ച് മൂന്ന് ഫലസ്തീനികളെ വെടിവച്ചു കൊന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.ഇസ്രായേൽ സൈന്യം ഗസ്സയെ വിവിധ മേഖലകളായി വിഭജിച്ച് ‘യെല്ലോ ലൈൻ‘ വിപുലീകരിക്കുന്നത് തുടരുകയാണ്.
‘ ഈ മഞ്ഞ വരകകൾ കടക്കുന്നവരെ ഇസ്രായേൽ സൈന്യം വെടിവച്ചു കൊല്ലുകയാണ്. ഇത് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ പൂർണ്ണമായും തടയുന്നു’- പ്രാദേശിക മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ ഗസ്സയുടെ ഏകദേശം 60 ശതമാനത്തോളം വരുന്ന കിഴക്കൻ പ്രദേശം ഇസ്രായേൽ സൈനിക നിയന്ത്രണത്തിലാണ്. ഇതോടെ ഭൂരിഭാഗം ഫലസ്തീനികളും തങ്ങളുടെ വീടുകളിൽനിന്ന് കുടിയിറക്കപ്പെടുകയും പടിഞ്ഞാറൻ പ്രദേശങ്ങളിലെ ചെറിയ ഇടങ്ങളിൽ അതിജീവനത്തിനായി തിങ്ങിപ്പാർക്കേണ്ടി വരികയുമാണ്. വ്യോമാക്രമണങ്ങൾക്കും ഡ്രോൺ നിരീക്ഷണങ്ങൾക്കും പുറമെ, കരഭൂമി കൈയേറി വിഭജിക്കുന്ന നടപടി വരും ദിവസങ്ങളിൽ കൂടുതൽ മരണങ്ങൾക്ക് കാരണമാകുമെന്ന ഭീതിയിലാണ് ഗസ്സയിലെ ജനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

