ഗസ്സയിൽ ഇസ്രായേൽ ആക്രമണവും കൂട്ടക്കൊലയും തുടരുന്നു; 45 മരണം
text_fieldsഗസ്സ: ഗസ്സയിൽ ഇസ്രായേൽ ആക്രമണവും കൂട്ടക്കൊലയും തുടരുന്നു. ചൊവ്വാഴ്ച മാത്രം 160 ഇടങ്ങളിലാണ് കനത്ത ബോംബിങ് നടന്നത്. ചൊവ്വാഴ്ച പകൽ മാത്രം 45 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
അതിനിടെ, ഏദൻ കടലിൽ ഡെച്ച് പതാകയുള്ള കപ്പലായ മിനർവാഗ്രാറ്റിനു നേരെയുള്ള ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. കാര്യമായ കേടുപാടുകൾ സംഭവിച്ചതോടെ നാവികർ കപ്പൽ ഉപേക്ഷിച്ചു.
ഹമാസിന് അന്ത്യശാസനം
തെൽഅവിവ്: ഗസ്സയിൽ വെടിനിർത്താൻ യു.എസ് പ്രസിഡന്റ് ട്രംപ് അവതരിപ്പിച്ച 20 ഇന പദ്ധതിയിൽ പ്രതികരണമറിയിക്കാൻ ഹമാസിന് അന്ത്യശാസനം. 3-4 ദിവസങ്ങൾക്കുള്ളിൽ പദ്ധതി അംഗീകരിച്ചില്ലെങ്കിൽ ദൂരവ്യാപക പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച വൈറ്റ്ഹൗസിൽ ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവും പ്രഖ്യാപനം നടത്തി മണിക്കൂറുകൾ കഴിഞ്ഞ് ഖത്തർ, ഈജിപ്ത് പ്രതിനിധികൾ സമാധാന പദ്ധതി ഹമാസുമായി പങ്കുവെച്ചിട്ടുണ്ട്.
എന്നാൽ, വെടിനിർത്തൽ നടപ്പായാലും കരാറിൽ പറയുന്ന ഇസ്രായേൽ സേനാ പിന്മാറ്റം ഉണ്ടാകില്ലെന്ന് നെതന്യാഹു പറഞ്ഞു. ഫലസ്തീൻ രാഷ്ട്രത്തെ താൻ അംഗീകരിക്കാൻ പോകുന്നില്ലെന്നും യു.എസ് പ്രസിഡന്റ് ട്രംപുമായി അത്തരം ധാരണയില്ലെന്നും ടെലിഗ്രാം സന്ദേശത്തിൽ നെതന്യാഹു കൂട്ടിച്ചേർത്തു. അടിയന്തര ബന്ദി കൈമാറ്റവും ഘട്ടംഘട്ടമായുള്ള ഇസ്രായേൽ പിന്മാറ്റവും പ്രഖ്യാപിക്കുന്ന 20 ഇന പദ്ധതി കഴിഞ്ഞ ദിവസമാണ് വൈറ്റ്ഹൗസ് ഔദ്യോഗികമായി പുറത്തുവിട്ടത്.
പൂർണമായി നിരായുധീകരിക്കപ്പെടുന്ന ഹമാസിനു പകരം ട്രംപും മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറും അടങ്ങുന്ന സംഘമാകും ഗസ്സയിൽ ഭരണം നടത്തുക. ഹമാസിനെ നിഷ്കാസനം ചെയ്ത് പകരം ഗസ്സയെ കോളനിവത്കരിക്കുന്നതാണ് കരാറെന്ന് ഹമാസ് സംശയിക്കുന്നതായി സൂചനയുണ്ട്. എന്നാൽ, അറബ് രാഷ്ട്രങ്ങൾ കരാർ സ്വാഗതം ചെയ്തിട്ടുണ്ട്.
മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകിവരുന്ന ഖത്തർ, ഈജിപ്ത് അടക്കം ഒട്ടുമിക്ക അറബ് രാജ്യങ്ങളും ഇതിനകം പദ്ധതിയെ പിന്തുണച്ച് പ്രസ്താവന ഇറക്കിയിട്ടുണ്ട്. ദോഹയിൽ നടക്കുന്ന ചർച്ചകളിൽ ഈജിപ്തിനും ഖത്തറിനുമൊപ്പം തുർക്കിയ രഹസ്യാന്വേഷണ വിഭാഗം മേധാവിയും പങ്കെടുക്കും. ഹമാസ് പങ്കെടുക്കുമോയെന്ന് വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

