സമാധാന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ആക്രമണം; ലെബനനിൽ ഒരു കുടുംബത്തിലെ മൂന്നുപേരടക്കം 8 മരണം
text_fieldsഇസ്രായേൽ വ്യോമാക്രമണം നടത്തിയ സ്ഥലത്തിന് സമീപം നിൽക്കുന്നയാൾ
ബെയ്റൂട്ട്: ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള സൈനിക നീക്കങ്ങൾ കുറക്കാൻ ധാരണയായെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കകം തെക്കൻ ലെബനനിൽ ഇസ്രായേലിന്റെ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ ഒരു പിതാവും മകനും മകളും ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടു. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി നടത്തിയ ഫോൺ സംഭാഷണത്തിന് ശേഷമാണ് ലെബനനിലേക്ക് കൂടുതൽ സൈനിക നീക്കമുണ്ടാകില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചത്. എന്നാൽ, ഈ ഉറപ്പുകളെയെല്ലാം കാറ്റിൽപ്പറത്തിയാണ് ഇസ്രായേൽ വീണ്ടും ബോംബാക്രമണം നടത്തിയത്.
തെക്കൻ നഗരമായ നബാത്തിയെയും മർജായൂണും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിന് നേരെയാണ് ഇസ്രായേൽ ഡ്രോൺ ആക്രമണം നടത്തിയത്. ക്ലായ എന്ന ക്രിസ്ത്യൻ നഗരത്തിൽ നിന്നുള്ള ദന്തഡോക്ടറായ ജെയിംസ് കരം, അദ്ദേഹത്തിന്റെ മകൻ, മകൾ എന്നിവരാണ് കാറിലുണ്ടായിരുന്നത്. തൊട്ടടുത്ത ജിബ്ചിത് ഗ്രാമത്തിലെ ഒരു നഴ്സറിയിൽ ജോലി ചെയ്തിരുന്ന രണ്ട് സിറിയൻ സ്വദേശികളും ടൗൾ ഗ്രാമത്തിൽ നടന്ന മറ്റൊരു ആക്രമണത്തിൽ രണ്ട് പേരും കൊല്ലപ്പെട്ടു. ഹരൂഫ് ഗ്രാമത്തിന് സമീപമുണ്ടായ മൂന്നാമത്തെ സ്ട്രൈക്കിൽ ഒരാളും കൊല്ലപ്പെട്ടിട്ടുണ്ട്. മുൻദിവസം മർവാനിയ ഗ്രാമത്തിൽ നടന്ന വ്യോമാക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ ഏപ്രിലിൽ വാഷിങ്ടണിന്റെ മധ്യസ്ഥതയിൽ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ആത്മരക്ഷാർത്ഥമെന്ന പേരിൽ ഇസ്രായേൽ ലെബനനിൽ നിരന്തരം ആക്രമണം നടത്തുന്നുണ്ട്. പൂർണമായ വെടിനിർത്തൽ ലക്ഷ്യമിട്ട് വാഷിങ്ടണിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ചകൾ നടക്കാനിരിക്കെയാണ് ഈ പുതിയ ആക്രമണം. ഫെബ്രുവരിയിൽ ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത ആക്രമണത്തിന് ശേഷമുണ്ടായ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കും ഈ പുതിയ ഏറ്റുമുട്ടൽ വലിയ തിരിച്ചടിയാണ്. ലെബനനിൽ പൂർണമായ വെടിനിർത്തൽ ഉണ്ടായാൽ മാത്രമേ കരാറുകൾക്ക് തയാറാകൂ എന്നാണ് ഇറാന്റെ നിലപാട്. ഹിസ്ബുല്ല ഇസ്രായേലുമായി നേരിട്ടുള്ള ചർച്ചകൾക്ക് തയാറാകാതെ ഇറാന്റെ സമ്മർദ്ദ തന്ത്രങ്ങളിലാണ് പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്.
അതേസമയം ലെബനൻ അതിർത്തിയിൽനിന്ന് ഏഴ് കിലോമീറ്റർ ഉള്ളിലുള്ള ഹദാത്ത ഗ്രാമം കീഴടക്കാൻ ശ്രമിച്ച ഇസ്രായേൽ സൈന്യത്തിന് നേരെ ഹിസ്ബുല്ല ടാങ്ക് വിരുദ്ധ മിസൈലുകൾ പ്രയോഗിച്ചു. റഡാറുകളിൽ പെടാത്ത ഫൈബർ-ഓപ്റ്റിക് ഡ്രോണുകൾ ഉപയോഗിച്ചാണ് ഹിസ്ബുല്ല തിരിച്ചടിക്കുന്നത്. കഴിഞ്ഞ ദിവസം തെക്കൻ ലെബനനിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഇസ്രായേലി സൈനികൻ കൊല്ലപ്പെടുകയും ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ കണക്കുകൾ പ്രകാരം ലെബനനിൽ ഇതുവരെ 3,433ലേറെ പേർ കൊല്ലപ്പെടുകയും പത്ത് ലക്ഷത്തിലധികം ആളുകൾ പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

