ഗസ്സയിലെ ഭക്ഷണ വിതരണകേന്ദ്രത്തിൽ ഇസ്രായേൽ ആക്രമണം; മരണം 28 ആയി
text_fieldsദെയ്ർ അൽബലഹ്: ഗസ്സയിൽ യു.എൻ ഏജൻസിയെ മാറ്റി പകരം സ്വന്തമായി സ്ഥാപിച്ച ഭക്ഷ്യ വിതരണ കേന്ദ്രത്തിലേക്ക് ഭക്ഷണം തേടിയെത്തിയവരെ നിറയൊഴിച്ച് ഇസ്രായേൽ സേന. വെടിവെപ്പിൽ ഒരാൾ മരിച്ചു. 48 പേർക്ക് പരിക്കേറ്റു. 11 ആഴ്ചയിലേറെ പൂർണമായി ഭക്ഷണം വിലക്കി കൊടുംപട്ടിണിയിലായ ഗസ്സയിൽ കഴിഞ്ഞ ദിവസമാണ് ബദൽ സംവിധാനമെന്ന പേരിൽ പുതിയ കേന്ദ്രം ഇസ്രായേൽ തുറന്നത്.
റഫയിലെ കേന്ദ്രത്തിൽ നൂറുകണക്കിന് ഫലസ്തീനികൾ തടിച്ചുകൂടിയതോടെ നിയന്ത്രിക്കുന്നതിന് പകരം ടാങ്കുകൾ, ഹെലികോപ്റ്റർ എന്നിവയിൽനിന്ന് സൈന്യം നേരിട്ടും ആളുകളെ ലക്ഷ്യമിടുകയായിരുന്നു. യു.എൻ ഏജൻസിക്ക് പകരം സംവിധാനമേർപ്പെടുത്തുന്നത് 23 ലക്ഷത്തോളം ഫലസ്തീനികൾക്ക് വിശപ്പടക്കാനാകില്ലെന്ന് യു.എന്നും മറ്റ് അന്താരാഷ്ട്ര സംഘടനകളും മുന്നറിയിപ്പ് നൽകിയിരുന്നു.
കമ്പിവേലികൾ കെട്ടി ഭദ്രമാക്കിയ നാലു കേന്ദ്രങ്ങളാണ് ഗസ്സയിലുടനീളം ഇസ്രായേൽ സ്ഥാപിച്ചത്. ഇതിൽ രണ്ടെണ്ണം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഇസ്രായേൽ സേനയുടെ അകമ്പടിയിൽ സ്വകാര്യ കരാറുകാർക്കാണ് നിയന്ത്രണ ചുമതല. ഗസ്സയിൽ 24 മണിക്കൂറിനിടെ ഇസ്രായേൽ ആക്രമണങ്ങളിൽ 28 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
അതിനിടെ, യെമനിലെ സൻആ വിമാനത്താവളത്തിൽ ആഴ്ചകൾക്കിടെ വീണ്ടും ആക്രമണം നടത്തിയ ഇസ്രായേൽ വിമാനം തകർത്തു. ഔദ്യോഗിക വിമാന കമ്പനി ‘യെമനിയ’യുടെ അവശേഷിച്ച ഏക വിമാനവും ഇതോടെ ഇല്ലാതായി. കമ്പനിയുടെ നാല് വിമാനങ്ങളിൽ മൂന്നെണ്ണം മേയ് ആറിലെ ആക്രമണത്തിൽ തകർത്തിരുന്നു. നാല് തവണയായി നടത്തിയ ആക്രമണങ്ങളിൽ വിമാനത്താവള റൺവേയും തകർത്തിട്ടുണ്ട്.
തകർത്തത് ഹജ്ജ് തീർഥാടകരുമായി പുറപ്പെടാനിരുന്ന വിമാനം
സൻആ: ഹൂതികൾക്ക് തിരിച്ചടിയെന്ന പേരിൽ യെമനിലെ സൻആ വിമാനത്താവളത്തിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ തകർന്ന വിമാനം ഹജ്ജ് തീർഥാടകരുമായി പുറപ്പെടാനിരുന്നതെന്ന് വിമാനത്താവള ഡയറക്ടർ ഖാലിദ് അൽശെയ്ഫ്.
ജോർഡൻ തലസ്ഥാനമായ അമ്മാനിൽനിന്ന് രാവിലെ എത്തിയ വിമാനം ജിദ്ദയിലേക്ക് പുറപ്പെടാനിരുന്നതാണ്. ഹാജിമാർക്കായി ഒമ്പത് ദിവസത്തേക്ക് പ്രതിദിനം രണ്ട് സർവിസുകൾ നടത്തുമെന്ന് വിമാനത്താവള അധികൃതർ പ്രഖ്യാപിച്ചിരുന്നു.
ഇത് വംശഹത്യയല്ലാതെ മറ്റെന്ത്?
ലണ്ടൻ: ഗസ്സയെ തീരാചോരയിൽ മുക്കി ഇസ്രായേൽ തുടരുന്ന അധിനിവേശത്തിനെതിരെ ലോകത്തുടനീളം പ്രമുഖ എഴുത്തുകാർ ഒപ്പുവെച്ച കത്ത്.
ഇയാൻ മക്ഇവാൻ, സാദി സ്മിത്ത്, വില്യം ഡാൽറിംപിൾ, കെയ്റ്റ് മോസ്, എലിഫ് ഷഫാക്, ഇർവിൻ വെൽഷ് തുടങ്ങി ലോകത്തുടനീളമുള്ള എഴുത്തുകാരാണ് അടിയന്തരമായി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കത്തിൽ ഒപ്പുവെച്ചത്.
വംശഹത്യ ഒരു മുദ്രാവാക്യമല്ലെന്നും അതിന് നിയമപരവും രാഷ്ട്രീയവും ധാർമികവുമായ ബാധ്യതകളുണ്ടെന്നും കത്ത് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

