അൽ-ഖുദ്സ് ആശുപത്രിക്കുനേരെ ഇസ്രായേൽ ആക്രമണം രൂക്ഷം
text_fieldsഭക്ഷണം വാങ്ങാൻ പാത്രവുമായെത്തി കാത്തുനിൽക്കുന്ന ഗസ്സയിലെ കുട്ടികൾ (photo: Hatem Ali /AP Photo)
ഗസ്സ സിറ്റി: അൽ ഖുദ്സ് ആശുപത്രിക്കുനേരെ ഇസ്രായേൽ രൂക്ഷമായ ആക്രമണമാണ് നടത്തുന്നതെന്ന് ഫലസ്തീൻ റെഡ് ക്രസന്റ്. ഭക്ഷണമോ വെള്ളമോ വൈദ്യുതിയോ ഇല്ലാത്ത രോഗികളെയും പരിക്കേറ്റവരെയും ദുരിതത്തിലാക്കി ഇസ്രയേലി സൈനിക വാഹനങ്ങൾ കെട്ടിടം വളയുന്നത് തുടരുകയാണെന്ന് ഫലസ്തീൻ റെഡ് ക്രസന്റ് പറയുന്നു.
അൽ ഖുദ്സ് ആശുപത്രിയിൽ നടത്തിയ വെടിവെപ്പിൽ 21 പേരെ കൊലപ്പെടുത്തിയതായി ഇസ്രായേൽ സേന പറഞ്ഞു. സേനക്കുനേരെ ആശുപത്രിയിൽനിന്നുണ്ടായ ആക്രമണത്തിന് തിരിച്ചടിയായാണ് വെടിവെപ്പ് നടത്തിയതെന്നാണ് അവകാശവാദം.
ഇസ്രായേലിന്റെ കടുത്ത ഉപരോധവും ആക്രമണവും മൂലം പ്രവർത്തനം നിലച്ച ഗസ്സ അൽ ശിഫ ആശുപത്രിയിൽ അവസാന ജനറേറ്ററും പ്രവർത്തനരഹിതമായതോടെ ഇൻകുബേറ്ററിൽ കഴിയുന്ന ഏഴ് നവജാത ശിശുക്കളും അത്യാഹിത വിഭാഗത്തിലെ 27 പേരുമടക്കം 34 രോഗികൾ മരണത്തിന് കീഴടങ്ങി. ചികിത്സയിലുള്ള 650ഓളം പേർ മരണമുഖത്താണ്. ആക്രമണത്തിൽ കൊല്ലപ്പെട്ട നൂറോളം പേരുടെ മൃതദേഹങ്ങൾ ഖബറടക്കാൻ പോലുമാകാതെ ആശുപത്രി വളപ്പിൽ ചീഞ്ഞളിയുന്ന നിലയിലാണെന്ന് ‘അൽ ജസീറ’ റിപ്പോർട്ട് ചെയ്തു. മൃതദേഹം തെരുവുനായ്ക്കൾ കടിച്ചുവലിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുനീർ അൽ ബുർശ് പറഞ്ഞു.
ആശുപത്രികളുമായുള്ള വാർത്താവിനിമയ ബന്ധം നിലച്ചതിനാൽ ഗസ്സയിലെ കൃത്യം മരണക്കണക്ക് പുറത്തുവിടാൻ ആരോഗ്യമന്ത്രാലയത്തിന് കഴിയുന്നില്ല. 8000 കുട്ടികളും സ്ത്രീകളുമടക്കം മൊത്തം മരണം 11,100 കടന്നുവെന്നാണ് അവസാന വിവരം.
ഗസ്സയിലേക്ക് ‘കപ്പൽ ആശുപത്രി’യെത്തി
യുദ്ധത്തിൽ പരിക്കേറ്റവരെ ചികിത്സിക്കാൻ തുർക്കിയയുടെ കപ്പൽ ആശുപത്രി റഫ അതിർത്തിക്കു സമീപത്തെ അൽ ആരിഷ് തുറമുഖത്തെത്തി. എട്ട് ഫീൽഡ് ആശുപത്രികൾ സജ്ജമാക്കാനുള്ള മരുന്നുകളും ഉപകരണങ്ങളും കപ്പലിലുണ്ടെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, യുദ്ധം രൂക്ഷമായ ഗസ്സയിൽനിന്ന് കൂടുതൽ വിദേശപൗരന്മാരെ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. 86 റുമേനിയൻ പൗരന്മാർ റഫ അതിർത്തി വഴി ഈജിപ്തിലെ കൈറോയിലെത്തി. ഇതോടെ ഗസ്സയിൽനിന്ന് ഒഴിപ്പിച്ച മൊത്തം റുമേനിയക്കാരുടെ എണ്ണം 134 ആയി. അഞ്ച് അൽബേനിയൻ പൗരന്മാരും 32 ബ്രസീൽ പൗരന്മാരും രണ്ട് ചെക്ക് പൗരന്മാരും റഫ അതിർത്തി കടന്നു. പരിക്കേറ്റവരടക്കം ഞായറാഴ്ച 846 പേർ ഈജിപ്തിലെത്തിയതായാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

