ലബനാനിൽ ഇസ്രായേൽ കരയാക്രമണം
text_fieldsബൈറൂത്: തെക്കൻ ലബനാനിൽ കരസേനാ നീക്കവുമായി ഇസ്രായേൽ. തെക്കൻ ലബനാന്റെ പ്രവേശനകവാടമായി കരുതുന്ന ഖിയാം ടൗണിലാണ് വ്യോമാക്രമണത്തിന്റെ അകമ്പടിയിൽ കരസേന ഇറങ്ങിയത്. അതിർത്തിയിൽനിന്നും ലിറ്റനി പുഴയിൽനിന്നും കിലോമീറ്ററുകൾ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഖിയാം ഹിസ്ബുല്ല ശക്തികേന്ദ്രമാണ്. ഇവിടെ ശക്തമായ പോരാട്ടം നടക്കുന്നതായി അൽജസീറ റിപ്പോർട്ട് ചെയ്തു. പ്രദേശം ഇസ്രായേൽ പിടിച്ചടക്കുന്നത് ഹിസ്ബുല്ലക്ക് ആയുധങ്ങളടക്കം എത്തിക്കുന്നതിന് പ്രയാസം സൃഷ്ടിക്കുമെന്നതിനാൽ നിലനിർത്താൻ ശക്തമായ ചെറുത്തുനിൽപ് നടക്കുമെന്നുറപ്പാണ്. ഇവിടെ, ഇസ്രായേൽ കുടിയിറക്കൽ ഭീഷണിയെ തുടർന്ന് എട്ടുലക്ഷത്തോളം താമസക്കാർ നാടുവിട്ടുപോകാൻ നിർബന്ധിതരായിരുന്നു. തെക്കൻ ലബനാനിൽ ഖിയാമിന് പുറമെ തലസ്ഥാന നഗരമായ ബൈറൂത് അടക്കം നിരവധി പട്ടണങ്ങളിൽ ഇസ്രായേൽ കുടിയിറക്കൽ ഭീഷണി നിലനിൽക്കുന്നുണ്ട്.
ലബനാനിൽ യാതിർ, ബുർജ് ഖലവിയ, സുൽത്താനിയ, ശഖ്റ, ബനൂ ഹയ്യാൻ, ഖൻതറ, അസ്സവാന എന്നിവിടങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണവും നടത്തി. ദിവസങ്ങളായി തുടരുന്ന ആക്രമണങ്ങളിൽ രാജ്യത്ത് 107 കുട്ടികളും 66 സ്ത്രീകളുമടക്കം 850ലേറെ പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേലിലും പശ്ചിമേഷ്യയിലെ യു.എസ് താവളങ്ങളിലും ഇറാനും ആക്രമണം തുടരുകയാണ്.
ഇസ്രായേലിൽ ഉസ്ദൂദിന് സമീപം ഇറാൻ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. സെൻട്രൽ ഇസ്രായേലിലും ഇറാൻ മിസൈൽ പതിച്ച് വ്യാപക നാശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

