
ഗസ്സയിലെ ഇസ്രായേൽ ക്രൂരതകൾക്ക് പിന്തുണ വിടാതെ ബൈഡൻ; പ്രതിഷേധവുമായി അമേരിക്കക്കാരും സെനറ്റർമാരും
text_fieldsവാഷിങ്ടൺ: ഫലസ്തീനികൾക്ക് ഐക്യദാർഢ്യവുമായി അമേരിക്കയും ചില സെനറ്റർമാരും രംഗത്തെത്തിയിട്ടും ഇസ്രായേൽ വിഷയത്തിൽ പഴയ നിലപാടുകൾ കൂടുതൽ രൂഢമാക്കി ഡെമോക്രാറ്റ് പ്രതിനിധി കൂടിയായ പ്രസിഡന്‍റ് ജോ ബൈഡൻ. യു.എൻ രക്ഷാസമിതി വെള്ളിയാഴ്ച അടിയന്തര യോഗം വിളിച്ചെങ്കിലും ഇസ്രായേലിനെതിരെ പ്രമേയം പാസാകുമെന്ന ഭീതിയിൽ യു.എസ് ഒറ്റക്ക് ഇടപെട്ട് നിർത്തിവെക്കുകയായിരുന്നു. മുമ്പും ഇസ്രായേൽ വിഷയങ്ങളിൽ മുൻനിര രാഷ്ട്രങ്ങൾ രംഗത്തെത്തുേമ്പാൾ വീറ്റോ പ്രയോഗിച്ച് അവയെ ചെറുത്തുനിന്ന യു.എസ് നയമാണ് ഇത്തവണയും തുടരുന്നത്.
കഴിഞ്ഞ ദിവസം ഇസ്രായേൽ പ്രധാനമന്ത്രി ബിൻയമിൻ നെതന്യാഹുവിനെ വിളിച്ച ബൈഡൻ ആക്രമണം സ്വയം പ്രതിരോധത്തിന്‍റെ ഭാഗമായതിനാൽ തുടരാമെന്ന് വ്യക്തമാക്കിയിരുന്നു. അതേ സമയം, ഫലസ്തീൻ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിനെ വിളിച്ച് അടിയന്തരമായി ഹമാസ് റോക്കറ്റാക്രമണം അവസാനിപ്പിക്കാൻ നിർദേശം നൽകുകയും ചെയ്തു. ഫോൺ സംഭാഷണത്തിന് പിറകെ ആക്രമണത്തിന് മൂർച്ച കൂട്ടാൻ നെതന്യാഹു നിർദേശം നൽകി. എട്ടു ദിവസത്തിനിടെ ഏറ്റവും കനത്ത ബോംബാക്രമണം കണ്ട ഞായറാഴ്ച മാത്രം 42 പേരാണ് കൊല്ലപ്പെട്ടത്. ഇതേ ദിവസം തകർത്ത മൂന്നു കെട്ടിട സമുച്ചയങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നവരിൽ എത്ര പേരെ ജീവനോടെ പുറത്തെത്തിക്കാമെന്ന പ്രതീക്ഷയുമില്ല.
ഹമാസിനെ തീവ്രവാദ സംഘടനയാക്കി മാറ്റിനിർത്തുന്നതിനാൽ മധ്യസ്ഥ ശ്രമങ്ങൾക്കു പോലും യു.എസ് സന്നദ്ധമല്ല. ഹമാസുമായി സംസാരിക്കാനില്ലെന്നാണ് അമേരിക്കയുടെയും പ്രമുഖ രാഷ്ട്രങ്ങളുടെയൊക്കെയും നിലപാട്. മറുവശത്ത്, ഇസ്രായേൽ ആക്രമണങ്ങളിൽ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളുമുൾപെടെ എണ്ണമറ്റ നിരപരാധികൾ പിടഞ്ഞുവീഴുേമ്പാഴും അത് സ്വയം പ്രതിരോധമായി കാണുന്നു. ചർച്ചകൾക്കായി ഹാദി ആമിറിനെ ഇസ്രായേലിലേക്ക് യു.എസ് അയച്ചിട്ടുണ്ടെങ്കിലും മുതിർന്ന നയതന്ത്ര പ്രതിനിധി പോലുമല്ലാത്തതിനാൽ ഇസ്രായേൽ വകവെക്കില്ലെന്നുറപ്പ്.
അമേരിക്കയിൽ പക്ഷേ, ഇസ്രായേലിനെതിരെയും ബൈഡൻ നിലപാടിനെതിരെയും പ്രതിഷേധം ശക്തമാണ്. ഭരണം കൈയാളുന്ന ഡെമോക്രാറ്റിക് പാർട്ടിയിലെ 28 അംഗങ്ങൾ ഇതിനകം പരസ്യമായി ഇസ്രായേലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ജോർജിയ സെനറ്റർ ജോൺ ഒസോഫിന്‍റെ നേതൃത്വത്തിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ആക്രമണം അടിയന്തരമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
