മുഖം രക്ഷിക്കാനായി വയോധികനെ ഉപയോഗിച്ചു! ഒടുവിൽ ഇസ്രായേൽ സൈന്യം തന്നെ വെടിവെച്ചുകൊന്നു
text_fieldsഗസ്സ സിറ്റി: സുരക്ഷിത ഇടനാഴിയിലൂടെ തെക്കൻ ഗസ്സയിലേക്ക് പോകാൻ ഫലസ്തീൻ വയോധികനെ സഹായിക്കുന്ന തങ്ങളുടെ സൈനികന്‍റെ ചിത്രം ഇസ്രായേൽ സൈന്യം പുറത്തുവിട്ടിരുന്നു. എന്നാൽ, ഫലസ്തീൻ മണ്ണിൽ നടത്തുന്ന മനുഷ്യത്വരഹിതമായ ആക്രമങ്ങളിലും ഹീനമായ യുദ്ധക്കുറ്റങ്ങളിലും അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ, ഇസ്രായേൽ സൈന്യത്തിന്‍റെ മുഖം രക്ഷിക്കാനുള്ള ഒരു പി.ആർ തന്ത്രം മാത്രമായിരുന്നു അത്.
നിർണയിച്ച സുരക്ഷിത ഇടനാഴിയിലൂടെ തെക്കൻ ഗസ്സയിലേക്ക് സഞ്ചരിക്കുന്നതിനിടെ ഈ ഫോട്ടോയിലെ വയോധികനും ഇസ്രായേൽ സൈന്യത്തിന്‍റെ തോക്കിനിരയായി കൊല്ലപ്പെട്ടു. ഗസ്സ സിറ്റിയിലെ സെയ്തൂൻ പ്രദേശവാസിയായ ബഷീർ ഹാജിയാണ് (70) തലക്കു പിന്നിലും പുറത്തും വെടിയേറ്റ് മരിച്ചത്. തെക്കൻ ഗസ്സയിലേക്ക് സുരക്ഷിതമായി എത്താനുള്ള സലാഹുദീൻ റോഡിലൂടെ നടന്നുനീങ്ങുന്നതിനിടെയാണ് ബഷീർ ഹാജിയെ ഇസ്രായേൽ സൈനികരിലൊരാൾ സഹായിക്കുന്നത്. ഇതിന്‍റെ ചിത്രമാണ് സൈന്യം പുറത്തുവിട്ടതും. ആളുകൾക്ക് സുരക്ഷിതമായി ഒഴിഞ്ഞുപോകാൻ സൈന്യം സഹായവും സംരക്ഷണവും നൽകുന്നുവെന്ന വ്യാജ ചിത്രം നിർമിക്കുന്നതിന്‍റെ ഭാഗമായിരുന്നു ഈ ഫോട്ടോയെടുക്കലെന്ന് ഇതോടെ വ്യക്തമായി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് റോഡരികിൽ ബഷീറിന്‍റെ മൃതദേഹം കണ്ടെത്തുന്നത്. കുടുംബം ഇദ്ദേഹത്തിന്‍റെ മൃതദേഹം കണ്ടെത്തുമ്പോൾ തലക്കും മുതുകിലും വെടിയേറ്റ നിലയിലായിരുന്നു. സുരക്ഷിത ഇടനാഴിയുടെ പ്രചാരണത്തിനായി ഉപയോഗപ്പെടുത്തിയ വയോധികനെ ഒടുവിൽ ഇസ്രായേൽ സൈന്യം തന്നെ വെടിവെച്ചുകൊന്ന സംഭവത്തിൽ യൂറോ-മെഡിറ്റെറേനിയൻ മനുഷ്യാവകാശ സംഘടന ശക്തമായി അപലപിച്ചു.
സുരക്ഷിത ഇടനാഴിയിലൂടെ കടന്നുപോകുന്നതിനിടെ ഇസ്രായേൽ സൈന്യം മനപൂർവം പിന്നിൽനിന്ന് വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് ബഷീറിന്‍റെ കൊച്ചുമകൾ ഹാലാ ഹാജി പറഞ്ഞു. ഇസ്രായേൽ സൈന്യം പുറത്തുവിട്ട ഫോട്ടോയിലുള്ളത് മുത്തച്ഛൻ തന്നെയാണെന്നും അവർ വ്യക്തമാക്കി. സുരക്ഷിത പാതയിലൂടെ ഒഴിഞ്ഞുപോകുന്നവരെ ഇസ്രായേൽ സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയ നിരവധി സംഭവങ്ങൾ നേരത്തെയും പുറത്തുവന്നിരുന്നു.
ഇത്തരത്തിൽ സുരക്ഷിത താവളങ്ങൾ തേടി തെക്കൻ ഗസ്സയിലേക്ക് പോകുന്നവരെ ഇസ്രായേൽ സൈന്യം ക്രൂരമായ പീഡനത്തിനും പരിശോധനക്കും വിധേയമാക്കുന്നുണ്ട്. സുരക്ഷിത ഇടനാഴിയിലൂടെ സഞ്ചരിച്ചയാളെ വെടിവെച്ചിട്ട ശേഷം ഇസ്രായേൽ സൈനികർ തങ്ങളുടെ സായുധ ബുൾഡോസർ കയറ്റിയിറക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു. കൊല്ലപ്പെട്ട ഫലസ്തീനികളുടെ മൃതദേഹം വികൃതമാക്കുക, വലിച്ചിഴക്കുക, കൈകാലുകൾ വെട്ടിയെടുക്കുക, ഇത്തരം ക്രൂരതകൾ വീഡിയോയിൽ പകർത്തുക എന്നിവയൊക്കെ നടക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

