കരാർ ലംഘിച്ച് ഇസ്രായേൽ; വ്യോമാക്രമണത്തിൽ നിരവധി മരണം; വെടിനിർത്തൽ പ്രഖ്യാപനത്തിനു ശേഷം കൊലപ്പെടുത്തിയത് 51 പേരെ
text_fieldsവെടിനിർത്തൽ കരാർ പ്രാബല്ല്യത്തിൽ വന്നതിനു പിന്നാലെ ഐക്യരാഷ്ട്രസഭയുടെ വാഹനം ഞായറാഴ്ച ഗസ്സയിലേക്ക് പ്രവേശിച്ചപ്പോൾ
ഗസ്സ: വെടിനിർത്തൽ കരാർ തുടർച്ചയായി ലംഘിച്ച് ഗസ്സയിൽ ഇസ്രായേൽ അതിക്രമം തുടരുന്നു. വെടിനിർത്തലും, സമാധാന ഉടമ്പടിയും പ്രാബല്ല്യത്തിൽ വന്ന് ദിവസങ്ങൾക്കുള്ളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 51 ആയി. ഗസ്സയിലേക്കുള്ള മാനുഷിക സഹായങ്ങൾ തടഞ്ഞുകൊണ്ട് റഫ അതിർത്തി തുറക്കുന്നത് അനിശ്ചിതമായി വൈകിപ്പിക്കുന്നതോടെ വെടിനിർത്തൽ കരാറും പ്രതിസന്ധിയിൽ.
വടക്കൻ ഗസ്സയിലും റഫ അതിർത്തിയിലും ഉൾപ്പെടെ വിവിധ മേഖലകളിൽ ഞായറാഴ്ചയും ഇസ്രായേൽ ആക്രമണം തുടർന്നു. മധ്യ ഗസ്സയിലെ അസ്‍വയ്ദയിൽ ഞായറാഴ്ച നടന്ന ആക്രമണത്തിൽ അഞ്ച് ഫലസ്തീനികൾ കൊല്ലപ്പെട്ടതായി അൽ അഖ്സ ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഇവിടെ നിരവധി പേർക്കാണ് പരിക്കേറ്റത്. വടക്കൻ ഗസ്സയിലെ ജബലിയയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ടും, നുസൈറത് അഭയാർത്ഥി ക്യാമ്പിലേക്ക് നടത്തിയ ആക്രമണത്തിൽ മൂന്നും പേർ കൊല്ലപ്പെട്ടു.
തെക്കൻ ഗസ്സയിലെ റഫയിൽ വ്യോമാക്രമണം നടത്തിയെന്ന വാർത്ത ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. ഇസ്രായേൽ പിന്തുണയുള്ള കൂലിപ്പടയായ യാസർ അബു ഷബാബിന്റെ കീഴിലുള്ള സായുധ സംഘത്തിനെതിരെ ഹമാസ് നീക്കം ശക്തമാക്കിയതിനു പിന്നാലെയാണ് റഫയിൽ ഇവരുടെ സംരക്ഷണത്തിനായി ഇസ്രായേൽ വ്യോമാക്രമണം നടത്തിയതെന്ന് ഖുദ്സ് നെറ്റ്‍വർക് റിപ്പോർട്ടു ചെയ്തു. അതേസമയം, തങ്ങളുടെ സൈനിക ടാങ്കുകൾക്കെതിരെ ആന്റി ടാങ്ക് മിസൈലുകളും തോക്കും ഉപയോഗിച്ച് നടന്ന ആക്രമണങ്ങളെ പ്രതിരോധിക്കാൻ വ്യോമക്രമണം നടത്തിയെന്നാണ് ഐ.ഡി.എഫ് ഭാഷ്യം.
റഫക്ക് കിഴക്കായി അബു ഷബാബ് ഗ്രൂപ്പിന്റെ ഒളിത്താവളം ലക്ഷ്യമിട്ട് ഹമാസ് നേതൃത്വത്തിലുള്ള ആഭ്യന്തര സുരക്ഷാ വിഭാഗം ആക്രമണം നടത്തിയതായി ഖുദ്‌സ് നെറ്റ്‍വർക് റിപ്പോർട്ട് ചെയ്തു. ഇതിനു പിന്നാലെയാണ് ഇവിടെ വ്യോമാക്രമണം നടന്നതെന്നാണ് റിപ്പോർട്ട്.
അതേസമയം, അമേരിക്കൻ മധ്യസ്ഥതയിലെ സമാധാന കരാറിനു ശേഷം നടന്ന തുടർച്ചയായ വെടിനിർത്തൽ കരാർ ലംഘനത്തിൽ ഒരു കുടുംബത്തിലെ 11പേരുൾപ്പെടെ കൊല്ലപ്പെട്ടവരുടെ എണ്ണം 51 ആയി. 150ൽ ഏറെ പേർക്കാണ് ഈ കാലയളവിൽ പരിക്കേറ്റത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18 പേർ ആക്രമണങ്ങളിൽ മരിച്ചതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെടിനിർത്തൽ കരാർ ലംഘിച്ച്, വീണ്ടും ആക്രമണം കനപ്പിക്കാനാണ് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ നീക്കമെന്നും ആരോപണമുയർന്നു.
എട്ടു ദിവസങ്ങള്‍ക്കിടെ 47 തവണയാണ് ഇസ്രായേൽ വെടിനിർത്തൽ കരാർ ലംഘിച്ചത്. ഗസ്സയിലേക്കുള്ള ഭക്ഷണവും മരുന്നുമടക്കമുള്ള അടിയന്തര സഹായങ്ങൾ എത്തിക്കുന്നതിനായി റഫ അതിർത്തി തുറക്കുന്നത് വൈകിപ്പിക്കുന്നതും കരാർ ലംഘനമാണ്. റഫ അതിർത്തി ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ തുറക്കില്ലെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതിനിടെ, രണ്ട് ബന്ദികളുടെ മൃതദേഹങ്ങൾ കൂടി ശനിയാഴ്ച രാത്രി ഹമാസ് ഇസ്രായേലിനു കൈമാറി. തായ് പൗരനായ സൊൻതായ ഒകഹരശ്രീയുടേത് ഉൾപ്പെടെയാണ് അവസാന കൈമാറിയത്. ഇനി 16 മൃതദേഹങ്ങൾ കൂടിയാണ് ഹമാസ് കൈമാറാനുള്ളത്. മൃതദേഹങ്ങൾ കണ്ടെത്താനുള്ള യത്നത്തിൽ സഹായവാഗ്ദാനവുമായി തുർക്കി രംഗത്തു വന്നെങ്കിലും ഇസ്രായേൽ അനുമതി നൽകിയിട്ടില്ല. അതിനിടെ, 15 ഫലസ്തീൻ മൃതദേഹങ്ങൾ കൂടി ഇസ്രായേൽ കൈമാറി. ഇതുൾപ്പടെ 135പേരുടെ മൃതദേഹങ്ങളാണ് ഇസ്രായേൽ ഇതിനകം കൈമാറിയത്. കരാർപ്രകാരം 360 മൃദേഹങ്ങളാണ് ഇസ്രായേൽ വിട്ടുനൽകേണ്ടത്.
അതേസമയം, റഫ അതിർത്തി തുറക്കില്ലെന്ന ബിന്യമിൻ നെതന്യാഹുവിന്റെ നിലപാട് വെടിനിർത്തൽ കരാറിന്റെ നഗ്നമായ ലംഘനമാണെന്ന് ഹമാസ് വ്യക്തമാക്കി. ഒക്ടോബർ പത്തിന് പ്രാബല്ല്യത്തിൽ വന്ന കരാർ പ്രകാരം ആദ്യ ഘട്ടത്തിൽ തന്നെ റഫ അതിർത്തി തുറക്കാനായിരുന്നു തീരുമാനം. ഇതു പ്രകാരം കഴിഞ്ഞ ബുധനാഴ്ചയോടെ അതിർത്തി തുറക്കുന്നൊണ് ആദ്യം അറിയിച്ചത്. എന്നാൽ, ബന്ദികളുടെ മൃതദേഹം പൂർണമായും വിട്ടുകിട്ടാതെ തുറക്കില്ലെന്നായി ഇസ്രായേൽ നിലപാട്. 2024 മേയ് മുതലാണ് ഗസ്സയിലേക്കുള്ള മുഴുവൻ സഹായവും വിലക്കികൊണ്ട് റഫ അതിർത്തി സമ്പൂർണമായി ഇസ്രായേൽ അടച്ചു പൂട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

