ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു, ആറ് പേർക്ക് ഗുരുതര പരിക്ക്
text_fieldsജറുസലേം: ഗസ്സ സിറ്റിയുടെ പടിഞ്ഞാറൻ മേഖലയിൽ കെട്ടിടത്തിന് നേരെയുണ്ടായ ഇസ്രായേൽ വ്യോമാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. അൽ ശിഫ ആശുപത്രിയിലെ മെഡിക്കൽ ജീവനക്കാരെ ഉദ്ധരിച്ചാണ് റിപ്പോർട്ട്.
ശനിയാഴ്ച പുലർച്ചെയാണ് ഗസ്സ സിറ്റിയിലെ റിമാൽ പ്രദേശത്തുള്ള അൽ അസാല കെട്ടിടത്തിലെ അപ്പാർട്ട്മെന്റിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്നാണ് റിപ്പോർട്ട്. ഗസ്സ സിറ്റിയിലെ ഏറ്റവും ജനസാന്ദ്രതയേറിയ താമസമേഖലകളിലൊന്നാണ് റിമാൽ. യുദ്ധത്തെ തുടർന്ന് വീടുകൾ നഷ്ടപ്പെട്ട ആയിരക്കണക്കിന് ആളുകൾ താൽക്കാലിക ക്യാമ്പുകളിലും മറ്റുമായി ഇവിടെ കഴിയുന്നുണ്ട്.
ആളുകൾ ഉറങ്ങിക്കിടന്നിരുന്ന അർധരാത്രിയിലാണ് ആക്രമണം ഉണ്ടായത്. യുദ്ധവിമാനങ്ങളുടെ ശബ്ദം കേട്ടതിന് പിന്നാലെ മൂന്ന് ആക്രമണങ്ങളുണ്ടായെന്നും അപ്പാർട്ട്മെന്റിനുള്ളിലുണ്ടായിരുന്നവർ കൊല്ലപ്പെട്ടതായും അൽ ജസീറ റിപ്പോർട്ട് ചെയ്തു.
കെട്ടിടത്തിന്റെ താഴെയുള്ള നിലകളിലേക്കും ആക്രമണം വ്യാപിച്ചതോടെ നിരവധി ഭാഗങ്ങൾ തകർന്നു. ആക്രമണത്തെ തുടർന്ന് കെട്ടിടത്തിൽ തീപിടിക്കുകയും ഏകദേശം ഒരു മണിക്കൂറോളം തീ കത്തുകയും ചെയ്തു. പിന്നീട് ഫലസ്തീൻ സിവിൽ ഡിഫൻസ് സംഘമാണ് തീ നിയന്ത്രണവിധേയമാക്കിയത്.
കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടന്നിരുന്നുവെന്നും സ്ഥിതി ഭയാനകമായിരുന്നുവെന്നും റിപ്പോർട്ടർ പറഞ്ഞു. കാണാതായവരെയും മൃതദേഹങ്ങളെയും കണ്ടെത്തുന്നതിനായി സിവിൽ ഡിഫൻസ് സംഘം തെരച്ചിൽ തുടരുകയായിരുന്നു. ഇതിനിടെ പ്രദേശത്തിന് മുകളിലൂടെ ഇസ്രായേൽ ഡ്രോണുകൾ പറക്കുന്നതായും ഗസ്സയിൽ യുദ്ധവിമാനങ്ങളുടെ ശബ്ദം കേൾക്കുന്നതായും റിപ്പോർട്ടുണ്ട്.
കൊല്ലപ്പെട്ടവരിൽ പ്രായമായ ഒരു ക്രിസ്ത്യൻ സ്ത്രീയും അവരുടെ മകളും അടക്കം നാല് സ്ത്രീകൾ ഉണ്ടായിരുന്നതായി അൽ ശിഫ ആശുപത്രി അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റ ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

