ഗസ്സയിൽ നാശം വിതച്ച് ഇസ്രായേൽ; നരനായാട്ടിൽ പൊലിഞ്ഞത് 80 ജീവനുകൾ, ആകെ കൊല്ലപ്പെട്ടത് 57,882 ഫലസ്തീനികൾ
text_fieldsഗസ്സയിലെ ഭക്ഷ്യസഹായ കേന്ദ്രത്തിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റയാളെ കൊണ്ടുപോകുന്നു
ഗസ്സ സിറ്റി: ഗസ്സയെ മരണമുനമ്പാക്കി ആക്രമണം തുടർന്ന് ഇസ്രായേൽ. ശനിയാഴ്ച മാത്രം ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ സൈന്യം നടത്തിയ നരനായാട്ടിൽ 80 ജീവനുകളാണ് പൊലിഞ്ഞത്. ഇതിൽ 30 ഓളം പേർ സഹായം തേടിയെത്തിയവരായിരുന്നു.
മധ്യ ഗസ്സയിലെ ദെയ്ർ അൽ ബലാഹിൽ സ്ത്രീകളും കുട്ടികളുമടക്കം 13 പേർ ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. ദക്ഷിണ ഗസ്സയിലെ ഖാൻ യൂനുസിൽ 15 പേർ കൊല്ലപ്പെട്ടു.
അതേസമയം, ഗസ്സയിലെ തീവ്രവാദികളുടെ 250 ഓളം കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തിയെന്നാണ് ഇസ്രായേലിന്റെ അവകാശവാദം. 2023 ഒക്ടോബറിനുശേഷം ഇസ്രായേൽ ഗസ്സയിൽ നടത്തിയ ആക്രമണങ്ങളിൽ 57,882 ഫലസ്തീനികൾ കൊല്ലപ്പെടുകയും 1,38,095 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
അതിനിടെ, അധിനിവിഷ്ട വെസ്റ്റ്ബാങ്കിലും ഇസ്രായേൽ കടന്നുകയറ്റം വർധിച്ചിട്ടുണ്ട്. ജറീക്കോക്ക് സമീപം ഷല്ലാലത്തുൽ ഔജയിൽ ഇസ്രായേലി കുടിയേറ്റക്കാർ ഫലസ്തീനികളുടെ താമസസ്ഥലങ്ങളിലേക്ക് അതിക്രമിച്ചുകയറി.
ജോർഡൻ താഴ്വരയിലെ ബർദാലയിൽ ഫലസ്തീനികളുടെ ഭൂമിയിൽ പുതിയ മൊബൈൽ വീടുകളും സൽഫിതിലെ ദൈർ ഇസ്തിയയിൽ പുതിയ കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിച്ചും ഇസ്രായേൽ അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ജനജീവിതം കൂടുതൽ നരകതുല്യമാക്കിക്കൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

