ദുരൂഹത നീങ്ങാതെ ഇസ്രായേലിന്റെ ആണവ പദ്ധതി; ചോദ്യമുനയിൽ പാശ്ചാത്യ രാജ്യങ്ങളുടെ കാപട്യം
text_fieldsതെൽ അവീവ്: ഇറാൻ ആണവായുധമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് ആരോപിച്ച് ഇസ്രായേലും അമേരിക്കയും ആക്രമണം നടത്തിയിരിക്കെ ഇസ്രായേലിന്റെ ആണവ പരിപാടി സംബന്ധിച്ച ദുരൂഹത നീങ്ങുന്നില്ല. പശ്ചിമേഷ്യയിൽ ആണവായുധമുള്ള ഏക രാജ്യമാണ് ഇസ്രായേൽ എന്ന് കരുതുന്നുണ്ടെങ്കിലും അവർ അത് സ്ഥിരീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല.
ആണവായുധ നിർമാർജജന കരാറിൽ ഒപ്പിടാത്ത അഞ്ച് രാജ്യങ്ങളിൽ ഒന്നാണ് ഇസ്രായേൽ. ഇറാൻ കരാറിൽ ഒപ്പിടുകയും അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ വിദഗ്ധരെ പരിശോധനക്ക് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ ആണവ പദ്ധതി ഊർജ്ജാവശ്യത്തിനുള്ളതാണെന്നാണ് ഇറാന്റെ അവകാശവാദം. ഇറാനെ സംശയമുനയിൽ നിർത്തി ഇസ്രായേലിന്റെ ആണവ പരിപാടികളെ കുറിച്ച് മൗനം പാലിക്കുന്ന പാശ്ചാത്യൻ രാജ്യങ്ങളുടെ കപടത ചോദ്യം ചെയ്യപ്പെടുന്നു.
ഇസ്രായേലിന്‍റെ ആണവ പദ്ധതി
1958ൽ ഇസ്രായേലിന്റെ ആദ്യ പ്രധാനമന്ത്രി ഡേവിഡ് ബെൻ ഗുരിയോണിന്റെ കാലത്ത് ഡിമോണ എന്ന മരുപ്രദേശത്ത് ഇസ്രായേൽ ആണവ ഗവേഷണ കേന്ദ്രം തുറന്നു. ദശാബ്ദത്തോളം ഇക്കാര്യം മറച്ചുവെച്ചു. ടെക്സ്റ്റൈൽ ഫാക്ടറിയാണെന്നാണ് അമേരിക്കൻ അധികൃതരോട് പോലും പറഞ്ഞിരുന്നത്. ഡിമോണയിൽ ഉൽപാദിപ്പിച്ച പ്ലൂട്ടോണിയം ഉപയോഗിച്ച് 1970കളുടെ തുടക്കത്തിൽ തന്നെ ഇസ്രായേൽ ആണവ ശക്തിയായിട്ടുണ്ടെന്ന് അക്കാദമിക ജേണലായ ബുള്ളറ്റിൻ ഓഫ് ദി ആറ്റോമിക് സയന്റിസ്റ്റിൽ 2022ൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. യു.എസ് സയന്റിസ്റ്റ് ഫെഡറേഷൻ ന്യൂക്ലിയർ പ്രോജക്ട് ഡയറക്ടർ ഹാൻസ് എം. ക്രിസ്റ്റെൻസെൻ ഈ ലേഖനത്തിന്റെ സഹരചയിതാവാണ്. 80 മുതൽ 200 വരെ ആണവായുധങ്ങൾ ഇസ്രായേലിനുണ്ടെന്നാണ് വിദഗ്ധർ സൂചിപ്പിക്കുന്നത്.
വാനുനുവിന്റെ വെളിപ്പെടുത്തൽ
ഡിമോണയിൽ സാങ്കേതിക വിദഗ്ധനായിരുന്ന മൊർദെചായ് വനുനുവിന്റെ വെളിപ്പെടുത്തൽ ഇസ്രായേലിന്റെ ദുരൂഹമായ ആണവ നയത്തിന് വലിയ പ്രതിസന്ധിയുണ്ടാക്കി.
ലണ്ടനിലെ സൺഡേ ടൈംസിന് അദ്ദേഹം റിയാക്ടറിന്റെ ചിത്രങ്ങളും വിവരണങ്ങളും നൽകി. വിദേശത്തേക്ക് കടന്ന അദ്ദേഹത്തിനെ മൊസാദ് അതിവിദഗ്ധമായി തട്ടിക്കൊണ്ടുപോയി ഇസ്രായേലിലേക്ക് തിരിച്ചെത്തിച്ചു. രാജ്യദ്രോഹ കുറ്റത്തിനും ചാരവൃത്തിക്കും 18 വർഷം തടവ് വിധിക്കപ്പെട്ട വനുനുവിന് വിദേശികളെ കാണാനോ രാജ്യത്തിന് പുറത്തുപോകാനോ അനുവാദമില്ല. ഇസ്രായേൽ 1,110 കിലോ (2,425 പൗണ്ട്) പ്ലൂട്ടോണിയം സംഭരിച്ചിട്ടുണ്ടെന്ന് ആഗോള സുരക്ഷാ സംഘടനയായ ന്യൂക്ലിയർ ത്രെട്ട് ഇനിഷ്യേറ്റീവ് റിപ്പോർട്ട് ചെയ്യുന്നു. ഇത് 277 ആണവായുധങ്ങൾ നിർമിക്കാൻ പര്യാപ്തമാണ്. ആണവ ക്രൂസ് മിസൈൽ വിക്ഷേപിക്കാൻ കഴിവുള്ള ആറ് സബ് മറീനുകളും 6,500 കിലോമീറ്റർ ദൂരെയുള്ള ലക്ഷയങ്ങളെ ആണവ പോർമുന ഉപയോഗിച്ച് ആക്രമിക്കാനുള്ള ബാലിസ്റ്റിക് മിസൈലും ഇസ്രായേലിനുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
യു.എസ് ആക്രമണം അപകടകരമായ വഴിത്തിരിവ് -ഗുട്ടെറസ്
യുനൈറ്റഡ് നേഷൻസ്: ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം അമേരിക്ക നടത്തിയ ആക്രമണം പശ്ചിമേഷ്യയിൽ അപകടകരമായ വഴിത്തിരിവുണ്ടാക്കിയെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. മേഖലയിൽ സംഘർഷം വ്യാപിച്ച പശ്ചാത്തലത്തിൽ ചേർന്ന യു.എൻ രക്ഷാസമിതിയുടെ അടിയന്തര യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശ്ചിമേഷ്യയിലെ സംഘർഷം വ്യാപിപ്പിക്കുന്ന നടപടികളെ താൻ ആവർത്തിച്ച് അപലപിച്ചതാണ്. മേഖലയിലെ ജനങ്ങൾക്ക് മറ്റൊരു നശീകരണം കൂടി താങ്ങാനാവില്ല. തിരിച്ചടിക്ക് മേൽ തിരിച്ചടിയെന്ന അവസ്ഥയിലെത്തിനിൽക്കുകയാണ്. ഏറ്റുമുട്ടൽ അവസാനിപ്പിച്ച് ഇറാന്റെ ആണവ പരിപാടിയുമായി ബന്ധപ്പെട്ട് ഗൗവതരവും സുസ്ഥിരവുമായ ചർച്ച പുനരാരംഭിക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണം. ഇറാൻ ആണവ നിർവ്യാപന കരാറിനെ മാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

