‘600 ദിവസം, 54,079 മരണം’: മരുന്നും ഭക്ഷണവും നൽകാതെ ഇസ്രായേൽ; 36 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 90 ഫലസ്തീനികൾ
text_fieldsഗസ്സയിൽ മാലിന്യത്തിൽ നിന്ന് ഭക്ഷണം തിരയുന്ന ബാലൻ
ഗസ്സ സിറ്റി: ഭൂമിയിൽ മാനുഷികത അവശേഷിക്കുന്ന അരികുകളിൽ നിന്നുള്ള പ്രതിഷേധങ്ങൾക്കിടയിലും ദുർബലമായ വെടി നിർത്തൽ ചർച്ചകൾക്കിടയിലും ഗസ്സ വംശഹത്യ പട്ടിണി മരണത്തിന്റെ ദൈന്യഘട്ടത്തിൽ. ക്രൂരതയിൽ നിന്ന് ആവേശം കൂടുന്ന ഇസ്രായേൽ, വ്യോമാക്രമണവും കരയാക്രമണവും ശക്തമാക്കിയപ്പോൾ 36 മണിക്കൂറിനിടെ ഗസ്സയിൽ 90ലധികം പേർ കൊല്ലപ്പെട്ടു. ആക്രമണം 600 ദിവസം പിന്നിടുമ്പോൾ ഭക്ഷണത്തിനുള്ള എല്ലാ വഴികളും അടച്ചതോടെ കുഞ്ഞുങ്ങളടക്കം വിശന്ന് മരിക്കുകയാണ്. ആഴ്ചകളായി ഗസ്സയിലേക്കുള്ള അടിയന്തര സഹായമെല്ലാം ഇസ്രായേൽ തടഞ്ഞിരിക്കുകയാണ്. ഇത് മേഖലയെ ആരോഗ്യ അടിയന്തരവസ്ഥയിലേക്കും പട്ടിണിയിലേക്കും എത്തിച്ചിരിക്കുകയാണ്.
കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും വലിയ ആക്രമണങ്ങൾക്കാണ് ഏതാനും ദിവസമായി ഗസ്സ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. പത്ത് ദിവസത്തിനിടെ 300ലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്; 1.8 ലക്ഷം പേർ ആഭ്യന്തര പലായനത്തിനിരയാവുകയും ചെയ്തു. ഈ ദിവസങ്ങളിൽതന്നെയാണ് ‘പട്ടിണി’ ഒരു യുദ്ധമുറയായി സ്വീകരിച്ചതും. നിലവിൽ യു.എസിന്റെ പിന്തുണയുള്ള ഗസ്സ ഹ്യൂമനിറ്റേറിയൻ ഫൗണ്ടേഷന്റെ സഹായ വാഹനങ്ങൾക്ക് മാത്രമാണ് ഗസ്സയിലേക്ക് പ്രവേശനം. പ്രതിദിനം, 600 സഹായ ട്രക് വാഹനങ്ങളെങ്കിലും എത്തിയാലേ ഗസ്സയിൽ ആവശ്യത്തിന് മരുന്നും ഭക്ഷണവും എത്തുകയുള്ളു.
യു.എൻ റിലീഫ് ഏജൻസിയുടെ അടക്കമുള്ള വാഹനങ്ങൾക്ക് ഇസ്രായേൽ സൈന്യം പ്രവേശനം നിഷേധിച്ചതോടെ ഗസ്സ അക്ഷരാർഥത്തിൽതന്നെ പട്ടിണിയിലായിരിക്കുകയാണ്. യു.എൻ ഏജൻസിയുടെ 32 ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നതിൽ 26ഉം സൈന്യം പുട്ടിച്ചു. മാർച്ച് രണ്ട് മുതൽ തന്നെ ഈ യുദ്ധ മുറ ഇസ്രായേൽ സ്വീകരിച്ചിരുന്നുവെങ്കിലും അത് ശക്തമായി പ്രയോഗിച്ചത് ഈയടുത്ത ദിവസങ്ങളിലാണ്. അതിനിടെ, ഇസ്രായേൽ വെസ്റ്റ് ബാങ്കിലേക്കും ആക്രമണം വ്യാപിപ്പിച്ചു. ഹിബ്രുൺ, നെബുലസ് തുടങ്ങിയ മേഖലകളിലാണ് കഴിഞ്ഞദിവസം ആക്രമണമുണ്ടായത്.
പ്രതിഷേധവുമായി ലോക രാജ്യങ്ങൾ
ഇസ്രായേൽ ആക്രമണത്തിൽ ലോകമെങ്ങും പ്രതിഷേധം കനക്കുകയാണ്. ജർമനി, ഫ്രാൻസ്, അയർലൻഡ്, ഫിൻലൻഡ്, സ്വീഡൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളും യൂറോപ്യൻ യൂനിയനും ആക്രമണത്തെ അപലപിച്ചു. നേരത്തേ, ഇസ്രായേൽ അനുകൂല നിലപാട് സ്വീകരിച്ചിരുന്ന ജർമൻ ചാൻസലർ ഫ്രീദ്റിഷ് മെർസ് രൂക്ഷമായ ഭാഷയിലാണ് നെതന്യാഹു ഭരണകൂടത്തെ വിമർശിച്ചത്.
സമാനമായി കഴിഞ്ഞദിവസങ്ങളിൽ കാനഡയും ബ്രിട്ടനും പ്രതികരിച്ചിരുന്നു. ഇസ്രായേൽ അംബാസഡറെ വിളിച്ചുവരുത്തി സ്വീഡൻ പ്രതിഷേധിച്ചപ്പോൾ അയർലൻഡ് പാർലമെന്റ് ഇസ്രായേലിനെതിരെ ഉപരോധം പ്രഖ്യാപിച്ചു. ഗസ്സയിൽ ഇസ്രായേൽ ചെയ്തുകൊണ്ടിരിക്കുന്നത് യുദ്ധക്കുറ്റമാണെന്ന് മുൻ പ്രധാനമന്ത്രി യഹൂദ് ബറാക് വിമർശിച്ചു.
കഴിഞ്ഞ ദിവസം, യു.എസ് മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ വെടിനിർത്തലുണ്ടാകുമെന്നായിരുന്നു പൊതുവിൽ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. യു.എസിന്റെ വെടിനിർത്തൽ നിർദേശത്തോട് ഹമാസ് അനുകൂലിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ഇസ്രായേൽ ഇതിനോട് വിയോജിക്കുകയായിരുന്നുവത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

