സൊമാലിലാൻഡ് പ്രസിഡന്റ് അബ്ദിറഹ്മാൻ ഇസ്രായേൽ സന്ദർശിച്ചു
text_fieldsജറുസലേം: സൊമാലിലാൻഡിനെ സ്വതന്ത്ര രാജ്യമായി ഇസ്രായേൽ അംഗീകരിച്ചതിന് പിന്നാലെ സൊമാലിലാൻഡ് പ്രസിഡന്റ് അബ്ദിറഹ്മാൻ മുഹമ്മദ് അബ്ദുല്ലാഹി ഇസ്രായേൽ സന്ദർശിച്ചു. സൊമാലിയയിൽ നിന്ന് വേർപെട്ട് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന് ശേഷം സൊമാലിലാൻഡിന്റെ ഒരു പ്രസിഡന്റ് നടത്തുന്ന ആദ്യത്തെ ഔദ്യോഗിക രാജ്യസന്ദർശനമാണിത്.
ഇസ്രായേലിലേക്കുള്ള തന്റെ സന്ദർശനം ചരിത്രപരമായ ഒരു നാഴികക്കല്ലാണെന്ന് സൊമാലിലാൻഡ് പ്രസിഡന്റ് വിശേഷിപ്പിച്ചു. ‘ഈ സന്ദർശനത്തിന് സവിശേഷമായ പ്രാധാന്യമുണ്ട്. റിപ്പബ്ലിക് ഓഫ് സൊമാലിലാൻഡിന്റെ പ്രസിഡന്റ് മറ്റൊരു രാജ്യത്തേക്ക് നടത്തുന്ന ആദ്യത്തെ ഔദ്യോഗിക സന്ദർശനമാണിത്. ഈ ചരിത്ര മുഹൂർത്തത്തിൽ ഇത്രയും വലിയ ബഹുമതി നൽകി ഞങ്ങളെ സ്വീകരിച്ചതിന് ഇസ്രായേൽ സർക്കാരിനോടും ജനങ്ങളോടും ആഴത്തിലുള്ള നന്ദി രേഖപ്പെടുത്തുന്നു,’ ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിൽ അബ്ദുല്ലാഹി പറഞ്ഞു.
കഴിഞ്ഞ 35 വർഷമായി അന്താരാഷ്ട്ര അംഗീകാരത്തിനായി തങ്ങൾ ലോക നേതാക്കളെ സമീപിച്ചെങ്കിലും തങ്ങളെ ഒന്ന് കാണാനും അംഗീകരിക്കാനും ഇസ്രായേൽ സർക്കാർ മാത്രമേ തയാറായുള്ളൂ എന്നും അബ്ദുല്ലാഹി കൂട്ടിച്ചേർത്തു. സ്വന്തമായി സർക്കാരും സൈന്യവും കറൻസിയും പാസ്‌പോർട്ടും ഉണ്ടെങ്കിലും അന്താരാഷ്ട്ര തലത്തിൽ സൊമാലിലാൻഡിന് വലിയ അംഗീകാരം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ സൊമാലിലാൻഡിനെ ഔദ്യോഗികമായി അംഗീകരിക്കുന്ന ആദ്യ രാജ്യമായി ഇസ്രായേൽ മാറിയത് മേഖലയിൽ വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
സൊമാലിലാൻഡിൽ ഇസ്രായേൽ തങ്ങളുടെ ആദ്യ അംബാസഡറെ നിയമിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രസിഡന്റിന്റെ ഈ സന്ദർശനം. ഈ വർഷം ആദ്യം ഇസ്രായേൽ വിദേശകാര്യമന്ത്രി ഗിദിയോൻ സാർ സൊമാലിലാൻഡ് സന്ദർശിച്ചിരുന്നു. എന്നാൽ തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് ആരോപിച്ച് സൊമാലിയ ഈ നീക്കത്തെ ശക്തമായി അപലപിച്ചിരുന്നു
തന്ത്രപ്രധാനമായ ഏദൻ ഗൾഫ് തീരത്താണ് സൊമാലിലാൻഡ് സ്ഥിതി ചെയ്യുന്നത്. സൊമാലിലാൻഡിനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുന്നത് സൊമാലിയയുടെ അഖണ്ഡതയെ ബാധിക്കുമെന്നതിനാലും, ആഫ്രിക്കയിലെ മറ്റ് വിഘടനവാദ പ്രസ്ഥാനങ്ങൾക്ക് ഇത് വഴിതുറക്കുമെന്ന ആശങ്കയുള്ളതിനാലും ഭൂരിഭാഗം ലോകരാജ്യങ്ങളും ഇവർക്ക് നയതന്ത്ര അംഗീകാരം നൽകാൻ ഇതുവരെ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

