വെടിനിർത്തൽ കരാർ ഇസ്രായേൽ ലംഘിച്ചത് 497 തവണ
text_fieldsഗസ്സ സിറ്റി: അമേരിക്കയുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ കരാർ ഒക്ടോബർ10ന് പ്രാബല്യത്തിൽ വന്നശേഷം ഇസ്രായേൽ കുറഞ്ഞത് 497 തവണയെങ്കിലും വെടിനിർത്തൽ ലംഘിച്ചെന്ന് റിപ്പോർട്ട്. ഗസ്സ ഗവൺമെന്‍റ് മീഡിയ ഓഫീസാണ് കണക്കുകൾ പുറത്തുവിട്ടത്. ഈ ആക്രമണങ്ങളിൽ ഏകദേശം 342 സാധാരണക്കാർ കൊല്ലപ്പെട്ടു. ഇതിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളും വയോധികരുമാണ്. ഇസ്രായേൽ വെടിനിർത്തൽ കരാറിന്റെ ഗുരുതരവും വ്യവസ്ഥാപിതവുമായ ലംഘനങ്ങൾ തുടരുന്നതിനെ ശക്തമായി അപലപിക്കുന്നതായി മീഡിയോ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം മാത്രം ഗസ്സയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 24 പേർ കൊല്ലപ്പെടുകയും 87 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഗസ്സയിലെ തിരക്കേറിയ തെരുവിൽ ഇസ്രായേലി ഡ്രോൺ പൊട്ടിത്തെറിച്ച് അഞ്ചുപേർ മരിച്ചു. ഏഴുപേർക്ക് ഗുരുതര പരിക്കേറ്റു. ഇസ്രായേൽ അധീനതയിലുള്ള പ്രദേശത്ത് ഇസ്രായേൽ സൈനികരെ ഹമാസ് ആക്രമിച്ചതിനെ തുടർന്നാണ് ആക്രമണം ആരംഭിച്ചതെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
അതേസമയം, അമേരിക്കയുടെ നേതൃത്വത്തിൽ ഗസ്സയിൽ വിന്യസിക്കുന്ന അന്താരാഷ്ട്ര സേനയിലേക്ക് തങ്ങളുടെ സൈനികരെ അയക്കാൻ തയാറാണെന്ന് അറിയിച്ച് തുർക്കിയ. ഇസ്രായേലിന്‍റെ എതിർപ്പ് വകവെക്കാതെയാണ് തുർക്കിയയുടെ നീക്കം. അന്താരാഷ്ട്ര സേന ഗസ്സയിൽ പ്രവേശിച്ചുകഴിഞ്ഞാൽ ഇസ്രായേൽ സൈന്യത്തിന്‍റെ നടപടികൾ പരിമിതപ്പെടുത്തണമെന്നാണ് തുർക്കി പറയുന്നത്.
ഗസ്സയിൽ അന്താരാഷ്ട്ര സേനയെ വിന്യസിക്കാനുള്ള കരട് പ്രമേയത്തിന് ഐക്യരാഷ്ട്ര സഭ രക്ഷാ സമിതി അംഗീകാരം നൽകിയിട്ടുണ്ട്. അതിർത്തി സുരക്ഷിതമാക്കുന്നതിനും ഗസ്സയിലെ സാധാരണക്കാരെ സംരക്ഷിക്കുന്നതിനും ഫലസ്തീൻ പൊലീസിനൊപ്പം ഇസ്രായേലും ഈജിപ്തും ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രമേയം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

