Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫലസ്തീൻ തടവുകാർക്ക് വൈദ്യുത പീഡനം; ഇസ്രയേലിന് ടേസർ ഗണ്ണുകൾ നൽകുന്നത് അമേരിക്കൻ കമ്പനി

text_fields
bookmark_border
ഫലസ്തീൻ തടവുകാർക്ക് വൈദ്യുത പീഡനം; ഇസ്രയേലിന് ടേസർ ഗണ്ണുകൾ നൽകുന്നത് അമേരിക്കൻ കമ്പനി
cancel

ലണ്ടൻ: ഫലസ്തീൻ തടവുകാർക്ക് നേരെ ഇസ്രയേൽ സൈന്യം അമേരിക്കൻ നിർമിത ഇലക്ട്രോ ഷോക്ക് ആയുധങ്ങൾ ഉപയോഗിച്ച് ക്രൂരമായ പീഡനം അഴിച്ചുവിടുന്നതായി റിപ്പോർട്ട്. അമേരിക്കൻ കമ്പനിയായ 'ആക്‌സോൺ' നിർമിച്ച ടേസർ ഗണ്ണുകൾ ഉപയോഗിച്ച് തടവറയിലെ ഫലസ്തീനികളെ ഷോക്കടിപ്പിക്കുന്നതായ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇസ്രായേൽ തടവറകളിൽ മാസങ്ങളോളം തടവിലാക്കപ്പെട്ട് മോചിതരായവരാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്.

ഇസ്രായേലി തടവറകളിൽ പീഡനങ്ങൾ രൂക്ഷമായെന്നും തടവുകാർ ക്രൂരമായ വൈദ്യുതാഘാതങ്ങൾക്ക് ഇരയാക്കപ്പെടുന്നുണ്ടെന്നും യു.എൻ സമിതിയും മനുഷ്യാവകാശ സംഘടനകളും വ്യക്തമാക്കുന്നു. ഇസ്രായേൽ സൈന്യത്തിന്റെ ക്രൂരതകൾക്ക് കുപ്രസിദ്ധമായ 'ഹെൽസ് വിങ്' അഥവാ 'നരക തുരങ്കം' എന്ന സെല്ലിൽ വെച്ച് രണ്ട് കാലുകളും നഷ്ടപ്പെട്ട 'ഇസ' എന്ന ഫലസ്തീനിക്കും സമാനമായ ദുർവിധി നേരിടേണ്ടി വന്നു. തളച്ചിട്ട നിലയിലുള്ള ഇസയുടെ ശരീരത്തിൽ സൈനികർ ടേസർ ഗൺ ഉപയോഗിച്ച് നിരന്തരം ഇലക്ട്രോ ഷോക്ക് ഏൽപ്പിച്ചുവെന്നും ശരീരത്തിലിപ്പോഴും അതിക്രൂര പീഡനത്തിന്റെ പാടുകൾ അവശേഷിക്കുന്നുണ്ടെന്നും ഇസ പറയുന്നു. ജനുവരി 2024ൽ ജബാലിയ അഭയാർഥി ക്യാമ്പിൽവെച്ചാണ് ഇസയെ അറസ്റ്റ് ചെയ്തിരുന്നത്. ഒക്ടോബർ 2025ലാണ് ഇദ്ദേഹത്തിന് മോചനം ലഭിക്കുന്നത്. മറ്റ് തടവുകാരും സമാനമായ പീഡനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.

തടവുകാരെ ശരീരത്തിൽ വെള്ളമൊഴിച്ച് നനച്ച ശേഷം ടേസർ ഉപയോഗിച്ച് ഷോക്കേൽപ്പിക്കുന്ന തരത്തിലുള്ള അതിഭയാനകരമായ പീഡനമുറകൾ ഇസ്രായേൽ സൈനികർ അഴിച്ചുവിടുന്നു. ഗിൽബോവ ജയിലിലും സദെ തെയ്മാൻ തടങ്കൽ പാളയത്തിലും സമാനമായ രീതിയിൽ പീഡനങ്ങൾ അരങ്ങേറിയതായി ഫലസ്തീൻ പ്രിസണേഴ്സ് ക്ലബും കമീഷൻ ഓഫ് ഡിറ്റനീസും വ്യക്തമാക്കിയിട്ടുണ്ട്.

ഇസ്രായേൽ പ്രിസൺ സർവിസ് കഴിഞ്ഞ വർഷം പുറത്തുവിട്ട രണ്ട് വീഡിയോ ദൃശ്യങ്ങളിൽ, അമേരിക്കൻ കമ്പനിയായ 'ആക്‌സോൺ' നിർമിച്ച ടേസർ ഇലക്ട്രോ ഷോക്ക് ആയുധം പോലെയൊന്ന് കാണിക്കുന്നുണ്ട്. ഇസ്രായേൽ തടവറകളിൽ തങ്ങളെ പീഡിപ്പിക്കാൻ ഉപയോഗിച്ചത് ഈ ആയുധം തന്നെയാണെന്ന് ഇസയും അഭിമുഖം നടത്തിയ മറ്റു മൂന്ന് തടവുകാരും പറയുന്നു.

2025 ജൂണിൽ പോലും ഇസ്രായേലിൽ നടന്ന ഒരു കോൺഫറൻസിൽ കമ്പനി തങ്ങളുടെ പുതിയ ഇലക്ട്രോ ഷോക്ക് ആയുധങ്ങൾ പ്രദർശിപ്പിച്ചിരുന്നു. അന്താരാഷ്ട്ര തലത്തിൽ മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാണിക്കുമ്പോഴും അമേരിക്കൻ ആയുധ നിർമാണ കമ്പനി 'ആക്‌സോൺ' ഇസ്രായേലി സുരക്ഷാ ഏജൻസികൾക്ക് ടേസർ തോക്കുകളും അനുബന്ധ ഉപകരണങ്ങളും തുടർച്ചയായി നൽകിവരുന്നതായി 'ഗാർഡിയൻ', 'അറബ് റിപ്പോർട്ടേഴ്സ് ഫോർ ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസം' എന്നിവർ സംയുക്തമായി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

തടവറകളിലെ ഇത്തരം അതിക്രമങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും മനുഷ്യാവകാശ മാനദണ്ഡങ്ങളുടെയും ലംഘനമാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ഉൾപ്പെടെയുള്ള സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. ഒക്ടോബർ 2023ന് ശേഷം 92 ഫലസ്തീനികളാണ് ഇസ്രായേൽ തടവറകളിൽ കൊല്ലപ്പെട്ടത്. എന്നാൽ തടവുകാരെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു ഇസ്രായേലി സൈനികനെതിരെ മാത്രമാണ് വിചാരണ നടന്നിട്ടുള്ളതെന്ന് ഇസ്രായേലി എൻ.ജി.ഒകളുടെ റിപ്പോർട്ടുകളും വ്യക്തമാക്കുന്നു. വിഷയത്തിൽ ആക്സോൺ കമ്പനിയും ഇസ്രായേൽ പ്രിസൺ സർവിസും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Israel Uses US-Made Tasers to Torture Palestinian Detainees, Investigation Finds
Next Story